
കടുത്തുരുത്തി : കുറുപ്പന്തറയിൽ വീടിന്റെ വാതിൽ തകർത്ത് ഇരുപത് പവൻ സ്വർണം കവർന്ന സംഭവത്തിൽ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. തൊടുപുഴ കോലാനി തൃക്കായിൽ സെൽവകുമാർ (കോലാനി സെൽവൻ,50) നെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലർച്ചെയാണ് ആനിതോട്ടത്തിൽ വർഗീസ് സേവ്യറിന്റെ വീട്ടിലാണ് സംഭവം. മുൻവശത്തെ വാതിലിന്റെ പലക തകർത്താണ് അകത്തു കയറിയത്. സിബിയും ഭാര്യയും സമീപത്തുള്ള പിതാവിന്റെ വീട്ടിലായിരുന്നു. ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നിർദ്ദേശത്തെ തുടർന്ന് അന്വേഷണസംഘം രൂപീകരിച്ച് ശാസ്ത്രീയ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിഞ്ഞു. ഇയാൾ തമിഴ്‌നാട്ടിലേക്ക് കടന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് തെങ്കാശി,തെന്മല എന്നിവിടങ്ങളിലും സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലും നടത്തിയ തെരച്ചിലിലാണ് ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടിയത്. മോഷണംപോയ പതിനാലര പവനോളം സ്വർണ്ണം കണ്ടെടുത്തു. സ്റ്റേഷൻ എസ്.എച്ച്.ഒ റെനീഷ് ഇല്ലിക്കൽ, സി.പി.ഒ മാരായ സുമൻ പി.മണി, അജിത്ത്, ഗിരീഷ്, പ്രേമൻ, അനീഷ് എന്നിവരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. സെൽവകുമാർ കരിമണ്ണൂർ, കൂത്താട്ടുകുളം, മുളന്തുരുത്തി, മരങ്ങാട്ട് പള്ളി, വണ്ടിപ്പെരിയാർ, ഏറ്റുമാനൂർ പുത്തൻകുരിശ്, കരിങ്കുന്നം, പിറവം, അയർക്കുന്നം,ഗാന്ധിനഗർ, പാലാ സ്റ്റേഷനുകളിലായി 34 ഓളം മോഷണ കേസുകളിൽ പ്രതിയാണ്. കുറവിലങ്ങാട് സ്റ്റേഷൻ പരിധിയിലെ ഉഴവൂർ, കാണക്കാരി ഭാഗങ്ങളിലും , ഏറ്റുമാനൂർ പാറോലിക്കൽ ഭാഗത്തുള്ള വീടും കുത്തിതുറന്ന് സ്വർണവും പണവും മോഷ്ടിച്ചത് ഇയാളാണെന്ന് കണ്ടെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |