കേന്ദ്ര ബഡ്ജറ്റിൽ കോട്ടയത്തിന് വട്ടപ്പൂജ്യമായിരുന്നെങ്കിൽ സംസ്ഥാന ബഡ്ജറ്റിൽ വൈക്കം മുഹമ്മദ് ബഷീർ കഥാപാത്രം കൂട്ടിയതുപോലെ ' ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്നെന്ന' അവസ്ഥയാണെന്നാണ് ചുറ്റുവട്ടത്തുള്ളവർക്ക് പറയാനുള്ളത്.
ബഡ്ജറ്റിന് മുമ്പ് എന്തൊക്കെ പ്രതീക്ഷയായിരുന്നു ശബരി റെയിൽപ്പാത, ശബരി വിമാനത്താവളം, റബറിന് 250രൂപ തറവില, നെല്ലിന് കിലോയ്ക്ക് 40 രൂപ. അവസാനം പവനായി ശവമായി എന്ന അവസ്ഥയിൽ തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതികേടിലായി ജനപ്രതിനിധികൾ. റബറിന്റെയും നെല്ലിന്റെയും കാര്യത്തിൽ കേന്ദ്ര - സംസ്ഥാന നിലപാട് കണ്ണിൽ ചോരയില്ലാത്തതായി. റബറെന്ന് കേട്ടാൽ ചില രാഷ്ട്രീയ കക്ഷികളുടെയും സമുദായ സംഘടനകളുടെയും ചോര തിളയ്ക്കും. എന്നാൽ റബറെന്ന വാക്ക് സംസ്ഥാന ബഡ്ജറ്റിൽ ഉണ്ടായില്ല. വിപണി വില താഴ്ന്നാൽ കർഷകരെ സഹായിക്കാനാണ് താങ്ങുവില സർക്കാർ കൊണ്ടുവന്നത്. എന്നിട്ട് വിപണി വില ഉയരുകയും താങ്ങുവില നിലം പൊത്തുന്ന 'നേട്ടമാണ് ' ഉണ്ടായത്. ഇതോടെ സർക്കാരിന് പത്തു പൈസ കർഷകർക്ക് കൊടുക്കേണ്ടി വന്നില്ല. 600 കോടി മുൻ ബഡ്ജറ്റിൽ വില സ്ഥിരതാ ഫണ്ടിൽ ഉണ്ടായിരുന്നു. പുതിയ ബഡ്ജറ്റിൽ അതുമില്ല. ആർക്കും പരാതിയുമില്ല.
നെല്ലിന് കിലോയ്ക്ക് 28 രൂപ 20 പൈസയാണ് സർക്കാർ വില. ഈർപ്പം കൂടിയെന്ന് കണ്ടെത്തി സ്വകാര്യമില്ലുകാർ ഈ വില കൊടുക്കാറില്ല. ചെലവ് കാശ് കിട്ടാൻ നെൽവില 40 രൂപ എങ്കിലുമാക്കണമെന്നാവശ്യപ്പട്ട് കർഷകർ സെക്രട്ടേറിയേറ്റിന് മുന്നിൽ പ്രതിഷേധ സമരം നടത്തിയിട്ടും സർക്കാർ കനിഞ്ഞില്ല. സംഭരണത്തിന് ആവശ്യമായ ഫണ്ട് അനുവദിച്ചില്ല.
ജില്ലയിൽ ഒമ്പത് എം.എൽ.എമാരാണുള്ളത്. ഭരണപക്ഷത്ത് അഞ്ചും പ്രതിപക്ഷത്ത് നാലും. ഭരണപക്ഷ എം.എൽ.എമാർ മണ്ഡലത്തിന് ലഭിച്ച ബഡ്ജറ്റ് വിഹിതത്തിന് പത്തിൽ പത്തു മാർക്ക് നൽകിയപ്പോൾ പത്തിൽ പൂജ്യമാണ് പ്രതിപക്ഷ എം.എൽ.എമാർ സ്വയമിട്ട മാർക്ക്. കോട്ടയത്തിനായി 20 പദ്ധതികൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ എഴുതി കൊടുത്തിട്ട് ഒരു കോടി അനുവദിച്ചത് മണിപ്പുഴ ഗസ്റ്റ് ഹൗസ് റോഡിന് മാത്രമാണ്. ബാക്കി 19 പദ്ധതികൾക്കും ടോക്കണായി 100 രൂപയാണ് അനുവദിച്ചത്. 19 ഉം യു.ഡി.എഫ് അധികാരത്തിൽ വന്നാൽ മാത്രം നടക്കുന്ന പദ്ധതികളെന്നാണ് 100 രൂപ അനുവദിച്ചതിനെ തിരുവഞ്ചൂർ പരിഹസിച്ചത്.
ആര് ഭരിച്ചാലും വികസനത്തിൽ രാഷ്ട്രീയം കലർത്തരുതെന്നാണ് ചറ്റുവട്ടത്തിന് പറയാനുള്ളത്.എല്ലാ മണ്ഡലങ്ങൾക്കും തുല്യമായ വിഹിതം അനുവദിക്കണം. ഭരണം മാറുന്നതനുസരിച്ച് പദ്ധതികൾ നോക്കുകുത്തിയാക്കി നിറുത്താതെ സമയബന്ധിതമായി പൂർത്തിയാക്കണം.ഇതായിരിക്കണം ഒരു ജനാധിപത്യ സർക്കാർ ചെയ്യേണ്ടത്. അല്ലാതെ പന്തിയിൽ പക്ഷപാതം കാണിക്കരുത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |