
കോട്ടയം: കാപ്പിക്കുരുവിന് കിലോയ്ക്ക് 20 രൂപ വർദ്ധിച്ചതോടെ കർഷകർക്കിത് നല്ലകാലം. തൊണ്ടോടെയുള്ളതിന് 280 രൂപയാണ്. കാപ്പി പരിപ്പിന്റെ വില 440 രൂപയും. രാജ്യാന്തരതലത്തിൽ കാപ്പിക്കുരു ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ വില വീണ്ടും വർദ്ധിക്കുമെന്നാണ് സൂചന. ഒരു വർഷത്തിലേറെയായി 240 രൂപയായിരുന്നു. എന്നാൽ വിലവർദ്ധനവിന്റെ പ്രയോജനം സാധാരണ കർഷകർക്ക് ലഭിക്കുന്നില്ല. വില കൂടിയതോടെ പലരും കാപ്പികൃഷിയ്ക്ക് നീക്കം തുടങ്ങിയെങ്കിലും വിളവ് ലഭിക്കാൻ വർഷങ്ങളെടുക്കുമെന്നതിനാൽ ഉടൻ പ്രയോജനം ലഭിക്കില്ല. ജില്ലയിൽ പാലാ, പിഴക്, ഈരാറ്റുപേട്ട, പാമ്പാടി, മണിമല മേഖലകളിൽ റബർത്തോട്ടങ്ങളിൽ ഇടവേളയായാണ് കാപ്പി കൃഷി കൂടുതൽ. അതേസമയം കാപ്പിപ്പൊടി വിലയും കുതിച്ചുയരുകയാണ്. 400 ൽ നിന്ന് 720 - 750 രൂപ വരെയായി വർദ്ധിച്ചു. വൻകിട കമ്പനികളുടേതിന് 1000 രൂപയാകും. ഇതോടെ കാപ്പിപ്പൊടിയിൻ വൻതോതിൽ കൃത്രിമം കലർത്തുന്നതായും പരാതിയുണ്ട്. ചിക്കറിയുടെ അളവ് വർദ്ധിപ്പിച്ചും തൊണ്ട് വറുത്തുപൊടിച്ചു ചേർത്തും ലാഭം കൊയ്യുന്നവരുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകളുമില്ല
വില്ലനായി ഉത്പാദനത്തിൽ കുറവ്
ഉത്പാദനം കുറഞ്ഞതും കിട്ടാനില്ലാത്തതുമാണ് വില ഉയരാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. മലയോര മേഖലകളിൽ കാപ്പിച്ചെടി വ്യാപകമായി വെട്ടിമാറ്റി ഏലം കൃഷി ആരംഭിച്ചിരുന്നു. ഇതോടെയാണ് ഉത്പാദനത്തിൽ ഇടിവുണ്ടായത്. കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് ഉത്പാദനം മുൻവർഷത്തേതിന്റെ നാലിലൊന്നു പോലും ലഭിച്ചില്ല. വില കൂടിയതോടെ വീടുകൾ കയറിയിറങ്ങി കാപ്പിക്കുരു വാങ്ങുന്ന വ്യാപാരികളുടെ എണ്ണം കൂടി. ഇടത്തരം, ചെറുകിട വ്യാപാരികൾ വൻതോതിൽ സംഭരിക്കുന്നുമുണ്ട്. ഡിസംബർ മുതൽ ഫെബ്രുവരി മാസങ്ങളിലാണ് വിളവെടുപ്പ് കാലം.
കാപ്പികുടി സൂക്ഷിച്ച് മതി
മായം കലർന്ന കാപ്പിപ്പൊടി വയറിനുള്ളിലെ ദഹനപ്രശ്നങ്ങൾക്കും ക്യാൻസർ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾക്കും കാരണമാകും. കാപ്പിപ്പൊടി വില വർദ്ധിച്ചതോടെ തട്ടുകടകളിൽ വരെ കാപ്പി വില കൂടി. വീടുകളിൽ ഒരു ദിവസം പല തവണ കടുംകാപ്പി കുടിക്കുന്നത് ശീലമാക്കിയ പലരും ഇപ്പോൾ കട്ടൻ ചായയിലേക്ക് തിരിഞ്ഞു.
''ഗുണനിലവാരമില്ലാത്ത കാപ്പിപ്പൊടി വിപണിയിൽ സുലഭമാണ്. കാപ്പിതൊലി മാത്രമല്ല ആരോഗ്യത്തിനു ഹാനികരമായ പല വസ്തുക്കളും വ്യാപകമായി ചേർക്കുന്ന സാഹചരൃത്തിൽ ഭക്ഷ്യവകുപ്പ് പരിശോധന നടത്തണം.
(ഗോപീകൃഷ്ണൻ, പിഴക്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |