
കോട്ടയം : മനുഷ്യവിസർജ്യം കലർന്ന് മീനച്ചിലാർ കടുത്ത മലിനീകരണാവസ്ഥയിലെന്ന്
ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇക്കോളജിക്കൽ സയൻസസിന്റെ പഠന റിപ്പോർട്ട്. മീനച്ചിലാറിന്റെ ഉത്ഭവസ്ഥാനമായ മേലടുക്കം മുതൽ മലരിക്കൽ വരെയുള്ള 14 സ്ഥലങ്ങളിൽ നിന്നുള്ള സാമ്പിളുകളിൽ ഇ - കോളി ഉൾപ്പെടെയുള്ള കോളിഫോം ബാക്ടീരിയകളുടെ സാന്നിദ്ധ്യം ഒരു ലിറ്റർ വെള്ളത്തിൽ 10 ലക്ഷത്തിലധികമെന്നാണ് കണ്ടെത്തൽ.
നൂറിലധികം കുടിവെള്ള പദ്ധതികളും നാനൂറോളം കുടിവെള്ള വിതരണ ലോറികളും മീനച്ചിലാറിലേയും സമീപത്തെ കിണറുകളേയുമാണ് ആശ്രയിക്കുന്നത്. ഇതിന് പുറമേ കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കും പതിനായിരക്കണക്കിന് പേർ ഉപയോഗിക്കുന്നു. വേനലിൽ വറ്റിത്തുടങ്ങിയതോടെ നിലവിലെ അവസ്ഥയിൽ വെള്ളം ഉപയോഗയോഗ്യമല്ല. വെള്ളം ഉപയോഗിക്കുന്നത് ഗുരുതര രോഗത്തിനും കാരണമാകും.
പടിഞ്ഞാറൻ മേഖലകളിൽ സ്ഥിതി ഗുരുതരം
ആറിന്റെ ഉത്ഭവസ്ഥാനത്ത് നിന്നും പതനസ്ഥാനത്തേക്ക് എത്തുമ്പോൾ മലിനീകരണം കൂടുതൽ ഗുരുതരമാകുന്നുണ്ട്. പരിശോധിച്ച 21 മാനദണ്ഡങ്ങളിൽ പടിഞ്ഞാറൻ മേഖലകളിലാണ് കൂടുതൽ സ്ഥിതി ഗുരുതരം. വെള്ളത്തിലെ ഓക്സിജന്റെ അളവ് മത്സ്യമുൾപ്പെടെയുള്ള ജലജീവികൾക്ക് നാശമാകുന്ന തോതിലേക്ക് കുറയുന്നുണ്ടെന്നും പഠനം സൂചിപ്പിക്കുന്നു. മേലടുക്കം, മാർമല, തിരുവഞ്ചൂർ തണലോരം എന്നിവിടങ്ങളിൽ മാത്രമാണ് ബയോളജിക്കൽ ഓക്‌സിജൻ ഡിമാൻഡ് കുറവ്. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.പുന്നൻ കുര്യൻ വേങ്കടത്ത്, അഞ്ചു അജികുമാർ, ആര്യ ഷാജി, ശരത്ബാബു എൻ.ബി എന്നിവരാണ് പഠനത്തിന് നേതൃത്വം കൊടുത്തത്.
ചെറുകിട ഫാക്ടറികളിൽ നിന്ന് രാസമാലിന്യം ഉൾപ്പെടെ വൻതോതിൽ തള്ളുന്നു
വിനോദ സഞ്ചാരം, നഗരമാലിന്യം, വീട്ടുമാലിന്യം, ഹോസ്റ്റലുകളിലെ കക്കൂസ് മാലിന്യം
അമിതമായ എണ്ണയുടെ അളവ് രോഗാണുക്കളുടെ പ്രജനനത്തിന് കാരണം
'' മീനച്ചിലാർ ഗുരുതര പൊതുജനാരോഗ്യ ഭീഷണിയാണ് ഉയർത്തുന്നത്. പൊതുവിതരണത്തിന് ഉപയോഗിക്കുന്ന കുടിവെള്ളം തിളപ്പിച്ചാറ്റി വേണം ഉപയോഗിക്കാൻ
'' ഡോ.പുന്നൻ കുര്യൻ വേങ്കടത്ത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |