കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ സസ്‌പെൻഷനിലായ പൊലീസുകാരൻ ഉൾപ്പെടെ
രണ്ടുപേർ അറസ്റ്റിൽ. പത്തനംതിട്ട തുരുത്തിക്കാട് അപ്പക്കോട്ടമുറിയിൽ പ്രീതി (51), സസ്‌പെൻഷനിലായ പൊലീസ് ഇൻസ്‌പെക്ടർ ചങ്ങനാശേരി ചിനിക്കടുപ്പിൽ സഞ്ജയ് (47) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രീതി നടത്തിയിരുന്ന ക്യാൻ അസ്യുഷർ കൺസൾട്ടൻസി എന്ന സ്ഥാപനം മുഖേന തലപ്പുലം സ്വദേശിയായ യുവതിയ്ക്ക് യു.കെയിൽ കെയർ ഗിവറായി ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് എട്ടു ലക്ഷത്തി ആറുപതിനായിരം രൂപ പലതവണയായി വാങ്ങിയെടുക്കുകയായിരുന്നു. ജോലി ലഭിക്കാത്തതിനാലും കൊടുത്ത പണം തിരികെ കിട്ടാതെ വന്നതിനെയും തുടർന്ന് യുവതിയുടെ അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു. വെസ്റ്റ് പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ പ്രീതിയെ അറസ്റ്റ് ചെയ്തു. കേസിൽ ഇവരെ കൂടാതെ മാറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോയെന്ന് നടത്തിയ അന്വേശണത്തിലാണ് സസ്‌പെൻഷനിലുള്ള സഞ്ജയ് അറസ്റ്റിലായത്. പ്രീതിയുടെ അക്കൗണ്ടിൽ നിന്നും ഇയാളുടെ അക്കൗണ്ടിലേക്ക് പണം എത്തിയതായും, ഇയാൾ പരാതിക്കാരിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായും കണ്ടെത്തി.
വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഒ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രീതിയ്ക്ക് വെസ്റ്റ് സ്റ്റേഷനിൽ ഒമ്പത് കേസുകളും, മറ്റു സ്റ്റേഷനുകളിലായി അഞ്ചു കേസുകളും ഉൾപ്പെടെ 14 കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. കേസിന്റെ തുടരന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയതായി ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |