
കോട്ടയം: ക്രമസമാധാനപാലന ചുമതല വഹിക്കേണ്ട പൊലീസ് സേന തന്നെ കുത്തഴിഞ്ഞ അവസ്ഥയിലാകുമ്പോൾ ജില്ലയിൽ അരുതാത്തതായി പലതും സംഭവിക്കുകയാണ്. ചിലർക്ക് കിമ്പളം, മറ്റുചിലർക്ക് മദ്യം, ഇതിനൊപ്പം പെൺവിഷയവും... പൊലീസ് സേനയിൽ പലർക്കും വഴിതെറ്റുമ്പോൾ ജനം മൂക്കത്ത് വിരൽവെയ്ക്കുകയാണ്. ജനമൈത്രി പൊലീസ് സ്‌റ്റേഷൻ എന്നൊക്കെ വിശേഷണങ്ങൾ പലതുണ്ടെങ്കിലും സ്റ്റേഷനുകളിൽ പരാതി നൽകാൻ പോലും ഭയക്കേണ്ട ഗതികേടിലാണ് പൊതുജനം.
കിട്ടണം കിമ്പളം, ഒപ്പം മദ്യവും
ശമ്പളത്തിന് പുറമേ കിമ്പളവും മദ്യവും പെണ്ണും വേണം ഏമാൻമാർക്ക്... പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ ജനുവരി മാസത്തെ ജില്ലയിലെ മികച്ച സ്റ്റേഷനുള്ള പുരസ്‌കാരം വാങ്ങിയ ഗാന്ധിനഗർ സ്റ്റേഷനിലാണ് ഇത്തരത്തിലൊരു ദുർഗതി ഉണ്ടായത്. പരാതിക്കാരിയെ ലൈംഗികബന്ധത്തിന് എ.എസ്.ഐ ക്ഷണിക്കുകയും മദ്യക്കുപ്പി കൈക്കൂലിയായി വാങ്ങിയതിന്റെയും ഞെട്ടിലാണ് പൊതുജനം. ഗ്രേഡ് എ.എസ്.ഐ ബിജുവിനെയാണ് വിജിലൻസ് സംഘം പിടികൂടിയത്.
ഉദ്യോഗസ്ഥ തട്ടിപ്പുകൾ വേറെ
അധികാരം ദുർവിനിയോഗം ചെയ്യുകയാണ് ഉദ്യോഗസ്ഥർ. കഴിഞ്ഞദിവസമാണ് ചങ്ങനാശേരി സ്വദേശിയായ സി.ഐ റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ വിദേശ റിക്രൂട്ടിംഗ് സ്ഥാപന ഉടമയായ സ്ത്രീയുമായി ചേർന്ന് ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്. സസ്‌പെൻഷനിലായ പൊലീസ് ഇൻസ്‌പെക്ടർ ചങ്ങനാശേരി ചിനിക്കടുപ്പിൽ സഞ്ജയ് (47) നെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
തലപ്പുലം സ്വദേശിയായ യുവതിയ്ക്ക് യു.കെയിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് എട്ടു ലക്ഷത്തി ആറുപതിനായിരം രൂപ പലതവണയായി വാങ്ങിയെടുക്കുകയായിരുന്നു.
കൈക്കൂലി 5000 രൂപ
സ്ഥലം പോക്കുവരവ് ചെയ്യാൻ 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വെള്ളാവൂർ സ്‌പെഷ്യൽ വില്ലേജ് ഓഫീസർ കറുകച്ചാൽ ചമ്പക്കര അമൃത ഹൗസിൽ ബി.അജിത്ത്കുമാർ വിജിലൻസ് പിടിയിലായതും ദിവസങ്ങൾക്ക് മുമ്പാണ്. വെള്ളാവൂർ സ്വദേശിയായ പരാതിക്കാരൻ എട്ടര സെന്റ് സ്ഥലത്തിന്റെ രജിസ്‌ട്രേഷന് വേണ്ടിയാണ് കൈക്കൂലി വാങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |