കോട്ടയം : വടവാതൂരിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിക്കുന്ന നാലുവയസുകാരൻ ചോക്ലേറ്റ് കഴിച്ച് മയങ്ങിയ സംഭവം നിസ്സാരവത്കരിക്കാനുള്ള ശ്രമത്തിൽ പ്രതിഷേധം ശക്തം. വിദഗ്ദ്ധ പരിശോധനയിൽ ലഹരിയുടെ അംശം കണ്ടെത്തിയതിനാൽ സംഭവം അതീവഗൗരവമുള്ളതാണെന്നാണ് രക്ഷിതാക്കൾ പറയുന്നത്. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ അഡ്വ . കുളത്തൂർ ജയ്‌സിങ് ബാലാവകാശ കമ്മിഷനിൽ പരാതി നൽകി. തങ്ങൾ കൊടുത്ത ചോക്ലേറ്റല്ലെന്നാണ് സ്കൂൾ അധികൃതരുടെ വാദം. ഉന്നത കേന്ദ്രങ്ങളുടെ ഇടപെടലിൽ പരിശോധന നടത്താൻ പൊലീസ് തയ്യാറായിട്ടുമില്ല. കുട്ടിയുടെ രക്തത്തിൽ ബെൻസോഡയാസിപെൻസിന്റെ സാന്നിദ്ധ്യമാണ് കണ്ടെത്തിയത്. തലച്ചോറിന്റെ പ്രവർത്തനത്തെ മന്ദഗതിയിലാക്കുന്ന മരുന്നുകളുടെ ഒരുവിഭാഗമാണിത്. ഉത്കണ്ഠ, ഉറക്കമില്ലായ്മ, അപസ്മാരം എന്നിവ ചികിത്സിക്കാൻ ഉപയോഗിക്കുന്നതാണിത്. ഇതെങ്ങനെ ചോക്ലേറ്റിൽ കലർന്നതെന്നാണ് ചോദ്യം.
മക്കളേ അത് മിഠായി അല്ല, മയങ്ങല്ലേ
കുട്ടികളെ ലഹരിക്ക് അടിമകളാക്കി തലമുറകളെ നശിപ്പിക്കുന്ന മിഠായികളും ശീതളപാനീയങ്ങളും ബബിൾഗമ്മുകളും സ്‌കൂൾ പരിസരത്ത് വ്യാപകമാണ്. വീര്യം കുറഞ്ഞ രാസലഹരി ഇവയിലുണ്ടെന്നാണ് സംശയം. മിക്കിമൗസ്, സൂപ്പർമാൻ മുതൽ കിംഗ്‌കോംഗ് വരെയുള്ള കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രവുമായെത്തുന്ന മിഠായികൾ വെറും മിഠായികളല്ല, ലഹരി മിഠായികളാണ്. ചെറിയ തോതിൽ ലഹരിയടങ്ങിയ ഈ മിഠായികൾ മയക്കുമരുന്ന് ഉപയോഗിക്കാനുള്ള പ്രേരകങ്ങളാണ്. കാർട്ടൂൺ ചിത്രങ്ങൾ കുട്ടികളെ ആകർഷിക്കാനുള്ളതാണ്. സ്ഥിരമായി കഴിച്ചാൽ അടിമയായി മാറ്റുന്നവയാണിവ. 12 മണിക്കൂർ വരെ ഇവയ്ക്ക് തലച്ചോറിനെ മരവിപ്പിക്കാനാകും.
ഉത്തരം കിട്ടേണ്ട ചോദ്യങ്ങൾ
നാലുവയസുകാരൻ സ്കൂളിന് പുറത്തു പോയി എങ്ങനെ ചോക്ലേറ്റ് വാങ്ങും
വാങ്ങി കഴിച്ചെങ്കിൽ അത് സ്കൂൾ അധികൃതരുടെ ഗുരുതര അനാസ്ഥ
മെഡിക്കൽ രേഖകൾ പരിശോധിക്കാൻ പൊലീസ് തയ്യാറായിയിട്ടില്ല
കേസെടുക്കുന്നതിൽ പോലും തികഞ്ഞ അലംഭാവം പുലർത്തുന്നു
അമിത സാമ്പത്തിക നേട്ടത്തിനാണ് പല ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലും കൊച്ചു കുട്ടികൾക്കായി ഭക്ഷണ സാധനങ്ങൾ വില്പന നടത്തുന്നത്. ഇത്തരം വില്പന സ്റ്റാളുകൾ സ്കൂളുകളിൽ നിരോധിക്കാൻ നടപടി സ്വീകരിക്കണം. ഇതു സംബന്ധിച്ച് വിദ്യഭ്യാസ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്
എബി ഐപ്പ് (ജില്ലാ ഭക്ഷ്യോപദേശക സമിതി വിജിലൻസ് അംഗം )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |