
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ വ്യാഴവട്ടത്തിലൊരിക്കൽ നടത്തുന്ന വടക്കുപറത്ത് പാട്ടിനോടനുബന്ധിച്ച് ജാതി തിരിച്ചുള്ള എതിരേല്പുകൾ വേണ്ടെന്ന വടക്കുപുറത്ത് പാട്ട് കമ്മറ്റിയുടെ തീരുമാനത്തിന് പിന്തുണയേറുന്നു. വൈക്കം സത്യഗ്രഹത്തിന്റെ മണ്ണിൽ ജാതി തിരിച്ചുള്ള ഒന്നും ഇനി വേണ്ടെന്നും എല്ലാ ഹൈന്ദവ വിഭാഗങ്ങൾക്കും തുല്യ പ്രാതിനിധ്യം നൽകണമെന്നുമാണ് കമ്മറ്റി യോഗത്തിൽ അഭിപ്രായമുയർന്നത്. ഇതിനെ അനുകൂലിച്ച് രാഷ്ട്രീയ, സാമുഹ്യ, സാംസ്കാരിക രംഗത്തുള്ള ഒട്ടേറെ സംഘടനകളും വ്യക്തികളും രംഗത്ത് വന്നിട്ടുണ്ട്. ക്ഷേത്രത്തിലെ അഷ്ടമി നാളുകളിൽ ജാതി തിരിച്ച് നടത്തുന്ന താലപ്പൊലികളും നിർത്തലാക്കി ദേശ താലപ്പൊലികൾ നടത്തണമെന്ന ആവശ്യവും ശക്തമായി. എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ ഇന്ന് നിലപാട് പ്രഖ്യാപിക്കും. ധീവരസഭ ജാതി തിരിച്ചുള്ള എല്ലാ ആചാരങ്ങൾക്കും എതിരാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കെ.പി.എം.എസിന്റെ നിലപാടും വ്യത്യസ്തമല്ല.
യൂണിയൻ കൗൺസിൽ ഇന്ന്
വൈക്കം മഹാദേവക്ഷേത്രത്തിലെ വടക്കുപുറത്തുപാട്ടിന് ജാതി തിരിച്ചുള്ള എതിരേല്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചചെയ്ത് നിലപാടെടുക്കുന്നതിന് എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയന്റെ അടിയന്തിര കൗൺസിൽ യോഗവും ടൗൺ പരിസരത്തെ ശാഖകളുടെ പ്രസിഡന്റ്, സെക്രട്ടറിമാരുടെ യോഗവും ഇന്ന് ചേരും. രാവിലെ 10.30 നാണ് യോഗം.
ജാതിവിവേചനത്തിനെതിരെ നടന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ സത്യഗ്രഹ സമരത്തിന്റെ മണ്ണാണ് വൈക്കം. ജാതിയുടെ വേർതിരിവുകൾക്കെതിരെയുള്ള മറ്റൊരു പോരാട്ടത്തിന്റെ തുടക്കവും സമരത്തിന്റെ ശതാബ്ദി വർഷത്തിൽ ഇവിടെ നിന്ന് തന്നെയാവണം. മഹാദേവ ക്ഷേത്രത്തിലെ വടക്കുപുറത്ത് പാട്ടിന് ജാതി തിരിച്ചുള്ള ചടങ്ങുകൾ വേണ്ടെന്ന നിർദ്ദേശത്തെ സ്വാഗതം ചെയ്യുന്നു. ആര് പറഞ്ഞു എന്നതല്ല, എന്ത് പറയുന്നു എന്നതിനാണ് പ്രസക്തി. പക്ഷേ എതിരേല്പിലും താലപ്പൊലിയും മാത്രം ഒതുങ്ങുന്നതാവരുത് സ്ഥിതിസമത്വം. വൈക്കം മഹാദേവ ക്ഷേത്രത്തിലടക്കം ആചാരത്തിന്റെ പേരിൽ ഇപ്പോഴും സവർണ മേധാവിത്വം നിലനിൽക്കുന്നു. അവർണൻ സത്യഗ്രഹം കഴിഞ്ഞ് നൂറ്റാണ്ട് പിന്നിടുമ്പൊഴും തീണ്ടാപ്പാടകലെ തന്നെയാണ്. ഇത് മാറണം.
പുന്നല ശ്രീകുമാർ
ജനറൽ സെക്രട്ടറി, കെ.പി.എം.എസ്
വടക്കുപുറത്ത് പാട്ടിനോടനുബന്ധിച്ചുള്ള എതിരേൽപ്പ് ഈ വർഷം മുതൽ ദേശഎതിരേൽപ്പായി നടത്താനുള്ള കമ്മിറ്റിയുടെ തീരുമാനം ഹിന്ദു ഐക്യവേദി സ്വാഗതം ചെയ്യുന്നു. ഹിന്ദുക്കളെ ജാതിയുടെ പേരിൽ ഭിന്നിപ്പിക്കുന്നതായിരുന്നു വ്യത്യസ്ത ജാതികളുടെ പേരിൽ നടന്നുവന്ന എതിരേൽപ്പ്. ശ്രീനാരായണ ഗുരുദേവന്റെ ആശയാഭിലാഷങ്ങൾക്കനുസരിച്ച് ടി.കെ. മാധവൻ, മന്നത്ത് പത്മനാഭൻ, ആമചാടി തേവൻ തുടങ്ങി നിരവധി ഹിന്ദു സാമുദായിക നേതാക്കൾ ഹൈന്ദവ ഐക്യത്തിനായി പ്രവർത്തിച്ച മണ്ണാണ് വൈക്കത്തേത്. ഹിന്ദു ഐക്യവേദിയുടെ വൈക്കം സമ്മേളനം ഈ വിഷയത്തിൽ ചർച്ച നടത്തി വിവിധ നേതാക്കളെ കണ്ടിരുന്നു ബാബു പറഞ്ഞു.
ആർ.വി. ബാബു
ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ്
ഉച്ചനീചത്വങ്ങൾക്കെതിരെ രാജ്യത്ത് തന്നെ ആദ്യമായി നടന്ന സംഘടിത സമരമാണ് വൈക്കം സത്യഗ്രഹം. ആ മഹാസമരത്തിന്റെ മണ്ണിൽ ജാതിയുടെ വേർതിരിവുകൾ വലിയ തോതിൽ അവശേഷിക്കുന്നതോ തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നതോ അംഗീകരിക്കാനാവില്ല. ജാതി തിരിച്ചുള്ള ഒരു ചടങ്ങുകളും നമുക്ക് വേണ്ട. ജാതി താലപ്പൊലികളും അവസാനിപ്പിക്കണം.
എം.ഡി.ബാബുരാജ്
സി.പി.ഐ മണ്ഡലം സെക്രട്ടറി
ജാതിയുടെ വേർതിരിവുകൾക്ക് ധീവരസഭ എതിരാണ്. വടക്കുപുറത്ത് പാട്ടിന്റെ എതിരേല്പ് ജാതിയുടെ അടിസ്ഥാനത്തിൽ വേണ്ട എന്നത് ഏറ്റവും ഉചിതമായ തീരുമാനമാണ്. ഈ വിഷയത്തിൽ സമാന ചിന്താഗതിക്കാരുടെ കൂട്ടായ്മ രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. . അഷ്ടമിയുടെ ജാതി താലപ്പൊലികൾക്ക് പകരം ദേശ താലപ്പൊലികൾ മതി. പുരോഗമനപരമായ ഒരു മാറ്റമുണ്ടാകുമ്പോൾ തുടക്കത്തിൽ ചില പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. മഹാദേവ ക്ഷേത്രത്തിലേക്കുള്ള താലപ്പൊലികൾ ദൂരെ മാറിനിന്ന് കാണാൻ മാത്രം വിധിക്കപ്പെട്ടിരുന്ന ഒരു ജനസമൂഹമെന്ന നിലയിലാണ് ധീവരസഭ താലപ്പൊലി നടത്തുന്നതിനുള്ള അവകാശം ചോദിച്ചു വാങ്ങിയത്.
ശിവദാസ് നാരായണൻ
ധീവരസഭ ജില്ലാ പ്രസിഡന്റ്
''വൈക്കം മഹാദേവ ക്ഷേത്രത്തിലെ വടക്കുപുറത്ത് പാട്ടിന് ജാതി തിരിച്ചുള്ള എതിരേല്പുകൾ വേണ്ടെന്ന തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. വൈക്കം സത്യഗ്രഹത്തിന്റെ പൈതൃകം ഉൾക്കൊള്ളുന്നവരാണ് നമ്മൾ. എന്തുകൊണ്ടും പുരോഗമനപരമായ നിർദ്ദേശമാണ്. ക്ഷേത്രത്തിലെ താലപ്പൊലികളുടെ കാര്യത്തിലും ഈ സമീപനം സ്വീകരിക്കാൻ കഴിയണം.
പി.ബാലചന്ദ്രൻ
പ്രസിഡന്റ്
ബ്രാഹ്മണസഭ വൈക്കം ഉപസഭ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |