
വൈക്കം : ഭാരതത്തിലാദ്യമായി ജാതി വിവേചനത്തിനെതിരെ സംഘടിതസമരം നടന്ന വൈക്കത്ത് ജാതിയുടെ പേരിലുള്ള വേർതിരിവുകൾ ഇനി വേണ്ടെന്ന് എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ. വൈക്കം മഹാദേവ ക്ഷേത്രത്തിലെ വടക്കുപുറത്ത് പാട്ടിന് ജാതി തിരിച്ചുള്ള എതിരേൽപ്പുകൾ വേണ്ടെന്ന വടക്കുപുറത്ത് പാട്ട് കമ്മറ്റിയുടെ തീരുമാനത്തിന് യൂണിയൻ കൗൺസിലും ശാഖാ ഭാരവാഹികളുടെ യോഗവും പൂർണ പിന്തുണ പ്രഖ്യാപിച്ചു. മഹാദേവ ക്ഷേത്രത്തിന്റെ ചുറ്റുവഴികളിൽ അവർണ്ണന് സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചതിനെതിരെയാണ് ഐതിഹാസികമായ വൈക്കം സത്യഗ്രഹം നടന്നത്. ഇതിന് നൂറ് വർഷം പിന്നിടുമ്പോഴും ആചാരത്തിന്റെ മറവിൽ ജാതി വേർതിരിവുകൾ അവശേഷിച്ചത് പരിഷ്‌കൃത സമൂഹത്തിന് അപമാനമായിരുന്നുവെന്ന് എസ്.എൻ.ഡി.പി യോഗം കുറ്റപ്പെടുത്തി. യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് അദ്ധ്യക്ഷനായിരുന്നു. യൂണിയൻ സെക്രട്ടറി എം.പി.സെൻ പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് കെ.വി.പ്രസന്നൻ, യോഗം അസി. സെക്രട്ടറി പി.പി.സന്തോഷ്, ഡയറക്ടർ ബോർഡംഗം രാജേഷ് മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.
സാമൂഹ്യനീതി യോഗത്തിന്റെ പ്രഖ്യാപിത ലക്ഷ്യം
ക്ഷേത്ര കാര്യങ്ങളിൽ എല്ലാ ഹൈന്ദവർക്കും തുല്യ പ്രാതിനിധ്യം വേണം. ഇത് സാമൂഹ്യനീതി എന്ന എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമാണ്. ശ്രീനാരായണ ഗുരുദേവന്റെ അനുഗ്രഹാശിസ്സുകളോടെ നടന്ന വൈക്കം സത്യഗ്രഹത്തിന് നേതൃത്വം നൽകിയ ടി.കെ.മാധവനും മന്നത്ത് പദ്മനാഭനുമെല്ലാം സ്വപ്നം കണ്ട സാമൂഹിക സമത്വത്തിലേക്ക് നാം ഇനിയുമേറെ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു. വൈക്കത്തിന്റെ മണ്ണിൽ ഇത് വീണ്ടുമൊരു നവോത്ഥാനത്തിന്റെ തുടക്കമാണെന്നും എസ്.എൻ.ഡി.പി യോഗം ഭാരവാഹികൾ പറഞ്ഞു.
പൂർണ പിന്തുണ : ധീവരസഭ
സത്യഗ്രഹത്തിന്റെ100ാം വാർഷികാഘോഷ വേളയിൽ സാമൂഹികമായ ദുരാചാരങ്ങൾ വീണ്ടും വൈക്കത്തിന്റെ മണ്ണിൽ നട്ടുവളർത്തുന്ന തരത്തിൽ ജാതി തിരിച്ച് നടത്തുന്ന ചടങ്ങുകളോട് ധീവരസഭ വിയോജിപ്പ് പ്രകടിപ്പിച്ചു. വടക്കുപുറത്ത് പാട്ട് കമ്മിറ്റി തീരുമാനത്തെ സഭ പൂർണമായും പിന്തുണയ്ക്കും. വരും നാളുകളിൽ സമാന ചിന്താഗതി പുലർത്തുന്നവരുമായി ആശയവിനിമയത്തിലൂടെ മഹാദേക്ഷേത്രവുമായി ബന്ധപ്പെട്ട് നടക്കുന്ന ജാതി തിരിച്ചുള്ള ചടങ്ങുകൾ അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് മുൻകൈ എടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണൻ, സെക്രട്ടറി വി.എം.ഷാജി എന്നിവർ അറിയിച്ചു.
വടക്കുപുറത്ത് പാട്ടിന് ദേശ എതിരേൽപ്പുകൾ
ക്ഷേത്രത്തിൽ കോടി അർച്ചന - വടക്കുപുറത്ത് പാട്ടുമായി ബന്ധപ്പെട്ട എതിരേൽപ്പുകൾ ദേശ എതിരേൽപ്പായി നടത്താൻ തീരുമാനിച്ചതായി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. കൊച്ചാലുംചുവട് ദേവീസന്നിധിയിൽ നിന്ന് ക്ഷേത്രത്തിലേക്ക് നടത്തുന്ന ആചാരപരമായ എതിരേൽപ്പ് പൂർണ്ണമായും കമ്മിറ്റി നിയന്ത്രണത്തിലായിരിക്കും. ദേശ എതിരേൽപ്പിന് 64 കുത്തുവിളക്കുകൾ എന്ന് കമ്മിറ്റി നിജപ്പെടുത്തി. നേരത്തെ ഇത് 41 ആയിരുന്നു. എതിരേൽപ്പ് നടത്തുന്നതിന് ആവശ്യം ഉന്നയിച്ച സംഘടനകൾക്ക് വിളക്കുകൾ എടുക്കുന്നത് തുല്യമായി വീതിച്ചു നൽകാനാണ് തീരുമാനമെന്ന് കമ്മിറ്റി പ്രസിഡന്റ് എസ്.സുധീഷ്‌കുമാർ, ജനറൽ സെക്രട്ടറി പി.സുനിൽകുമാർ എന്നിവർ അറിയിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |