
കോട്ടയം : ഭക്ഷ്യസുരക്ഷാ വകുപ്പ് 'ഓപ്പറേഷൻ ഓയിൽ' എന്ന പേരിൽ സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ചിട്ടും വ്യാജ വെളിച്ചെണ്ണയെ തടയാനകുന്നില്ല. വില കുതിച്ചുയർന്നതോടെയാണ് വ്യാജനും വ്യാപകമായത്. കൊഴുപ്പ് മാറ്റിയ വരവ് വെളിച്ചെണ്ണ ചില്ലറ വില കിലോയ്ക്ക് 255 രൂപയാണ്. ബ്രാൻഡഡ് വെളിച്ചെണ്ണ ലിററ്ററിന് 300 ന് മുകളിലും. പരിശോധന ശക്തമാക്കിയതോടെ പുതിയ വ്യാജനായി കടലയെണ്ണയും അയഡിനും ചേർന്ന വെളിച്ചെണ്ണ എത്തി. പരുത്തിക്കുരു എണ്ണ, നിലക്കടല എണ്ണ, പാം ഓയിൽ, ആർജിമോൺ ഓയിൽ തുടങ്ങി വിലയും ഗുണവും കുറഞ്ഞ വിവിധ തരം എണ്ണകളും വെളിച്ചെണ്ണയിൽ ചേർക്കുന്നുണ്ട്. വെളിച്ചെണ്ണയുടെ അളവു കൂട്ടാനും ആട്ടുമ്പോൾ പരമാവധി ഊറ്റിയെടുക്കാനും ഉപയോഗിക്കുന്ന ഹെക്സൈൻ എന്ന രാസവസ്തു ചേർക്കുന്നു.
ക്യാൻസർ പരത്തും ലിക്വിഡ് പാരഫിൻ
ലിറ്ററിന് 60 രൂപ വിലയുള്ള ലിക്വിഡ് പാരാഫിൻ എന്ന രാസ പദാർത്ഥത്തിൽ നാളികേരത്തിന്റെ ഫ്ളേവർ ചേർത്താണ് വ്യാജ വെളിച്ചെണ്ണ നിർമ്മിക്കുന്നത്. മധുര, കോയമ്പത്തൂർ, ബംഗളൂരു തുടങ്ങിയിടങ്ങളിലെ വൻകിട മരുന്നു നിർമ്മാണ ശാലകളിൽ നിന്ന് ഉപയോഗ്യ ശൂന്യമായ ലിക്വിഡ് പാരഫിൻ ലഭിക്കും. ഇവ ത്വക്ക് രോഗങ്ങൾക്ക് പുറമേ മാത്രം പുരട്ടാൻ ഉപയോഗിക്കുന്നതാണ്. പാരഫിൻ ഉള്ളിൽ ചെന്നാൽ കുടൽ ക്യാൻസറിന് ഉൾപ്പെടെ സാദ്ധ്യതയുണ്ട്..
മായം കണ്ടെത്താം
ചില്ലു ഗ്ലാസിൽ വെളിച്ചെണ്ണയെടുത്ത് അര മണിക്കൂർ ഫ്രിഡ്ജിൽ സൂക്ഷിക്കണം . ശുദ്ധ വെളിച്ചെണ്ണയാണെങ്കിൽ കട്ടയാകും. നിറം ഉണ്ടാകില്ല. മറ്റ് എണ്ണകൾ കലർന്നിട്ടുണ്ടെങ്കിൽ വേറിട്ടു നിൽക്കും. നിറവ്യത്യാസം കാണിക്കും. നേരിയ ചുവപ്പു നിറമെങ്കിൽ ആർജിമോൺ ഓയിൽ ചേർത്തിട്ടുണ്ടെന്ന് മനസിലാക്കാം. വെണ്ണ ചേർക്കുമ്പോൾ നിറം ചുവപ്പായി മാറുന്നുണ്ടെങ്കിൽ കെമിക്കൽ/പെട്രോളിയം മായത്തിനും തെളിവാണ്.
''ബ്രാൻഡ് രജിസ്ട്രേഷൻ എല്ലാ വെളിച്ചെണ്ണ നിർമ്മാതാക്കളും നിർബന്ധമായും എടുക്കണമെന്ന് കർശന നിർദ്ദേശം നൽകി. സംസ്ഥാനത്ത് ഒരു നിർമ്മാതാവിന് ഒരു ബ്രാൻഡ് വെളിച്ചെണ്ണ മാത്രമേ പുറത്തിറക്കാൻ അനുവാദമുള്ളൂ. ബ്രാൻഡ് രജിസ്ട്രേഷൻ ഇല്ലാത്ത വെളിച്ചെണ്ണയുടെ വില്പന തടയാനും പിടിച്ചെടുത്ത് നിയമ നടപടിയ്ക്ക് വിധേയമാക്കാനും ഇതു വഴി കഴിയും. മാനദണ്ഡം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കും.
വീണാ ജോർജ് (ആരോഗ്യമന്ത്രി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |