
കോട്ടയം : കുടുംബശ്രീ ജില്ലാ മിഷൻ നടപ്പാക്കിയ വേനൽ മധുരം തണ്ണിമത്തൻ കൃഷിയിൽ ഇരട്ടിമധുരം. നീണ്ടൂർ പഞ്ചായത്തിലെ മേക്കാവ് കൃഷിയിടത്തിലാണ് കുടുംബശ്രീ പ്രവർത്തകർ കൃഷിയൊരുക്കിയത്. വേനൽക്കാലത്ത് ഗുണമേന്മയും വിഷരഹിത തണ്ണിമത്തൻ ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. പഞ്ചായത്തിലെ കുടുംബശ്രീ സംഘ കൃഷി ഗ്രൂപ്പാണ് മുക്കാസ ഇനത്തിൽപ്പെട്ട കിരൺ മത്തൻ കൃഷി ചെയ്തത്. കൈപ്പുഴ തിരുനെല്ലിപറമ്പിൽ 50 സെന്റിലും പുളിക്കൽ അനിൽ കുമാറിന്റെ ഒരേക്കർ സ്ഥലത്തും പുളിക്കൽ വേണുഗോപാലിന്റെ അരയേക്കർ സ്ഥലത്തുമായി 3,000 തൈകളാണ് നട്ടത്. ഒരുമ, അനശ്വര ജെ.എൽ.ജി ഗ്രൂപ്പുകളിലെ 25 ഓളം വീട്ടമ്മമാരാണ് ഇതിന് പിന്നിൽ.
പൊന്നുപോലെ പരിപാലിച്ചു
രാവിലെയും വൈകിട്ടുമായി മൂന്നുമണിക്കൂറോളം വെള്ളം തളിച്ചു. വേപ്പിൻപിണ്ണാക്ക്, രാജ്‌ഫോസ്, എല്ലുപൊടി, ചാണകപ്പൊടി, സൂഡോമോണാസ്, പൊട്ടാഷ്, യൂറിയ, ഫിഷ് അമിനോ ആസിഡ് തുടങ്ങിയ വളങ്ങളാണ് പ്രയോഗിച്ചത്. ആഴ്ചയിലൊരിക്കൽ എൻപികെ സ്‌പ്രേയടിച്ചു. മൂന്നുദിവസം സൂക്ഷിച്ച കടല പിണ്ണാക്ക് ശർക്കര മിശ്രിതം വെള്ളത്തിൽ ലയിപ്പിച്ച് തളിച്ചുമായിരുന്നു പരിപാലനം.
ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി 80 ഏക്കർ സ്ഥലത്ത് കുടുംബശ്രീയുടെ തണ്ണിമത്തൻ കൃഷി വിജയകരമായി നടന്നുവരുന്നുണ്ട്.
(കുടുംബശ്രീ ജില്ലാ മിഷൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |