SignIn
Kerala Kaumudi Online
Friday, 23 October 2026 2.58 AM IST

കോട്ടയത്തിന് വേണം മികച്ച സ്റ്റേഡിയം..... കളിയാരവം ഇവിടെ കളത്തിന് പുറത്ത്

sta

കോട്ടയം : അവധിക്കാലമാണ്. കുട്ടികൾക്കൊന്ന് കായികപരിശീലനം നടത്താൻ പക്ഷേ സ്ഥലമില്ല. സ്റ്റേഡിയങ്ങൾ അനവധിയുണ്ട് ജില്ലയിൽ. പക്ഷേ കാടുകയറിയും, പൊട്ടിപ്പൊളിഞ്ഞും നാശോന്മുഖമായി കിടക്കാനാണ് വിധി. പലയിടത്തും അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല. കോടികൾ മുടക്കി നിർമ്മിച്ച പാലായിലെ സിന്തറ്റിക് ട്രാക്ക് തകർച്ചയുടെ വക്കിലാണ്. എങ്കിലും കായിക മത്സരങ്ങൾ നടത്താൻ ആകെ ആശ്രയം ഇത് മാത്രം. രഞ്ജിട്രോഫിയ്ക്കടക്കം വേദിയായ നാഗമ്പടം സ്‌റ്റേഡിയം അവഗണനയുടെ ട്രാക്കിലൂടെ ഓടാൻ തുടങ്ങിയിട്ട് നാളേറെയായി. ഇളകി വീഴാറായ ഗാലറികൾ, മഴ പെയ്താൽ വെള്ളക്കെട്ട് , വളർന്ന് പന്തലിച്ച് കാട്, സാമൂഹ്യവിരുദ്ധ ശല്യം... ഏതൊരു കായികപ്രേമികളുടെയും കണ്ണ് നനയിക്കുന്ന കാഴ്ചകളാണ് ഇവിടെയുള്ളത്. മൈതാനത്തിന്റെ പച്ചപ്പിൽ കാൽപ്പന്ത് പരിശീലനത്തിന് എത്തുന്ന കുരുന്നുകളടക്കം നിരാശയോടെ മടങ്ങുകയാണ്. ട്രാക്കുകൾ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിൽ പുല്ല് വളർന്നുനിൽക്കുകയാണ്. നിലത്ത് പാകിയിരുന്ന ടൈലുകളും പൊട്ടിപ്പൊളിഞ്ഞു. വലിയ സമ്മേളനങ്ങൾക്കാണ് സ്റ്റേഡിയം ഇപ്പോൾ ഉപയോഗിക്കുന്നത്. നഗരസഭ കോടികളുടെ പദ്ധതി പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല.

എവിടെ കായിക സമുച്ചയം

തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയായിരുന്നപ്പോൾ തറക്കല്ലിട്ട ചിങ്ങവനത്തെ കായിക സമുച്ചയവും പിന്നാലെയുള്ള സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റിയും അടഞ്ഞ അദ്ധ്യായമായി. പ്രവർത്തനം ആരംഭിച്ച നാഗമ്പടം ഇൻഡോർ സ്റ്റേഡിയം പ്രദർശനങ്ങൾ നടത്താൻ വാടകയ്ക്ക് കൊടുക്കുകയാണ്. ഇതിലൂടെ പണം സമ്പാദനം മാത്രമാണ് ലക്ഷ്യം.


ടർഫുകളിലേക്ക് ചുവടുമാറ്റി യുവത്വം

മൈതാനങ്ങൾ കുറഞ്ഞതോടെ കൂട്ടത്തോടെ ടർഫുകളിലേയ്ക്ക് പോകുകയാണ് യുവതലമുറ. ഫുട്ബാളാണ് പുതുതലമുറയ്ക്ക് പ്രിയം. കൊവിഡിന് ശേഷം ടർഫുകൾ കൂടി. ഇതോടെ കായിക ഇനങ്ങളിൽ നിന്ന് അകന്നു. രഞ്ജിത് മഹേശ്വരിക്ക് ശേഷം അത്‌ലറ്റിക്‌സിൽ പേരെടുത്തൊരു കോട്ടയംകാരനില്ലാതെ പോയതും ഭൗതിക സൗകര്യങ്ങളുടെ കുറവുകൊണ്ടാണെന്നാണ് വിമർശനം. കായികമേളകളിലടക്കം കോട്ടയം പിന്നാക്കം പോകുമ്പോഴും പരിഹാരം അകലെയാണ്.

ഉല്ലസിക്കാൻ പാർക്കുകളുമില്ല
നാഗമ്പടം മുനിസിപ്പൽ പാർക്കിലെ കളിക്കോപ്പുകൾ ഉൾപ്പെടെ തുരുമ്പെടുത്ത് നാശാവസ്ഥയിലാണ്. നടപ്പാത, പച്ചവിരിച്ച ഉദ്യാനം, ആധുനികരീതിയിലുള്ള സ്ലൈഡുകൾ, അപകടരഹിതമായ ക്ലമ്പറുകൾ, ഏണിപ്പടി, ഊഞ്ഞാലുകൾ തുടങ്ങിയവയുണ്ടെങ്കിലും യഥാസമയം അറ്റകുറ്റപ്പണികൾ നടത്തുന്നില്ല. അമിത പ്രവേശനഫീസ് ഈടാക്കൽ അല്ലാതെ ഓപ്പൺ എയർ തിയേറ്റർ, മ്യൂസിക്കൽ ഫൗണ്ടൻ, ചെറിയ കുളങ്ങൾ എന്നിവയും നാശാവസ്ഥയിലാണ്.

കോടിമത, മണിപ്പുഴ, ഏറ്റുമാനൂർ എന്നിവിടങ്ങളിലെ സ്വകാര്യ പാർക്കുകളാണ് ആശ്രയം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL