
കോട്ടയം: നഗര ഗ്രാമ വ്യത്യാസമില്ലാതെ കുരച്ച് ചാടി ആക്രമിക്കുന്ന തെരുവ് നായകൂട്ടങ്ങൾ ജില്ലയിലും സജീവം. വാക്സിൻ എടുത്തിട്ടും മലപ്പുറത്ത് അഞ്ച് വയസുകാരിയും കൊല്ലത്ത് ഏഴു വയസുകാരിയും പേ വിഷബാധയേറ്റ് മരിച്ചത് ജില്ലയിലും ആശങ്ക ഉയർത്തുകയാണ്. നായയുടെ കടിയേറ്റ് ശേഷം യഥാസമയം വാക്സിനെടുത്തിട്ടും പേവിഷ ബാധ സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് പൊതുജനങ്ങളും. കഴിഞ്ഞ നാലു മാസം കൊണ്ട്സംസ്ഥാനത്ത് പന്ത്രണ്ടോളം മരണങ്ങളാണ് സംഭവിച്ചത്.
എങ്ങുമെത്താതെ എ.ബി.സി
തെരുവുനായ ആക്രമണങ്ങളുടെ കണക്കിൽ മുൻപിലുള്ള ജില്ലകളിലൊന്നാണ് കോട്ടയം. കോട്ടയം മെഡിക്കൽ കോളേജ് പരിസരമുൾപ്പടെ തെരുവുനായകളുടെ വിഹാര കേന്ദ്രമായി മാറിയിട്ടു നാളുകളായി. ഓരോ തദ്ദേശ സ്ഥാപനവും സ്വന്തമായി എ.ബി.സി സെന്റർ തുടങ്ങണമെന്ന നിർദ്ദേശം ഇതുവരെയും ജില്ലയിൽ നടപ്പായിട്ടില്ല. സ്ഥല ലഭ്യതയാണ് ഇതിനു തിരിച്ചടിയെന്നാണ് അധികൃതർ നൽകുന്ന മറുപടി. പള്ളം ബ്ലോക്കിലെ പനച്ചിക്കാട് പഞ്ചായത്തിൽ എ.ബി.സി സെന്ററിന് സ്ഥലം കണ്ടെത്തിയെങ്കിലും പദ്ധതി നടത്തിപ്പിനു പണം കണ്ടെത്താനായില്ല. നായ പിടുത്തക്കാരുടെ സേവനം വേണ്ടപ്പോൾ ലഭിക്കാത്തതും തിരിച്ചടിയാണ്.
പരിശോധനകൾ വേണം
സർക്കാർ ആശുപത്രിയിലെ പേവിഷബാധ വാക്സിൻ,ഇമ്യൂണോ ഗ്ലോബുലിൻ എന്നിവയുടെ ഗുണ നലവാരം പരിശോധിക്കണം. ഫലപ്രദമായ പ്രതിരോധ വാക്സിൻ സർക്കാർ ആശുപത്രിയിൽ ഉറപ്പാക്കണം. വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് സ്കൂൾ വിദ്യാർത്ഥികൾക്ക് പേവിഷ ബാധയെക്കുറിച്ച് അവബോധം. നായ്ക്കളുടെ കടിയേറ്റ് കഴിഞ്ഞാൽ സ്വീകരിക്കേണ്ട അടിയന്തിര നടപടികളുടെ അവബോധം.
ചീഫ് സെക്രട്ടറിയ്ക്ക്
പരാതി
പേവിഷ ബാധയ്ക്ക് വാക്സിൻ എടുത്തിട്ടും സ്കൂൾ വിദ്യാർത്ഥികൾ മരിച്ച സാഹചര്യത്തിൽ വാക്സിനുകളിൽ പാളിച്ചകൾ ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ.കുളത്തൂർ ജയ്സിംഗ് ചീഫ് സെക്രട്ടറിയ്ക്ക് പരാതി നൽകി. നായകളുടെ കടിയേറ്റ സ്കൂൾ വിദ്യാർത്ഥികൾ പ്രതിരോധ വാക്സിൻ എടുക്കാതെയോ ലഭിക്കാതെയോ ഉണ്ടോയെന്ന് സർക്കാർ പരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |