SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.20 AM IST

മധുരവേലി പടിഞ്ഞാറേ പാടശേഖരത്ത് നെല്ല് സംഭരണം വഴിമുട്ടി ആളിക്കത്തുന്നു കർഷകപ്രതിഷേധം

കോട്ടയം: കൊയ്തു കഴിഞ്ഞ് മൂന്നാഴ്ച പിന്നിട്ടിട്ടും നെല്ല് സംഭരിക്കാതെ സ്വകാര്യമില്ലുകാർ നടത്തുന്ന ചൂഷണത്തിനെതിരെ കടുത്തുരുത്തി മധുരവേലി പടിഞ്ഞാറേ പാടശേഖരത്ത് കൂട്ടിയിട്ട നെല്ലുമായി കർഷകരുടെ പ്രതിഷേധം. കോട്ടയത്ത് ജില്ലാ പാഡി ഓഫീസിന് മുന്നിൽ സമരം നടത്തിയ കർഷകർ പാഡി ഓഫീസറെ ഉപരോധിച്ചു . ഫ്രാൻസിസ് ജോർജ് എം.പിയുടെ നേതൃത്വത്തിൽ ചർച്ച നടത്തി പാഡിഓഫീസറുടെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. 210 ഏക്കറോളം വരുന്ന കടുത്തുരുത്തി മധുരവേലി പടിഞ്ഞാറേ പാടശേഖരത്ത് 50 ടണ്ണിലേറെ നെല്ല് മൂന്നാഴ്ചയായി കെട്ടിക്കിടക്കുകയാണ്. രണ്ടു മില്ലുകാർ വന്ന് പതിരു കൂടുതലെന്ന് പരാതിപ്പെട്ടു പോയതല്ലാതെ പിന്നീട് ആരും തിരിഞ്ഞുനോക്കിയിട്ടില്ല. പ്രശ്നപരിഹാരത്തിന് മന്ത്രി ജി.ആർ അനിലിനെ കർഷകർ ബന്ധപ്പെട്ടു. മന്ത്രി ജില്ലാ പാഡി ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടും നടപടിയുണ്ടായില്ല. കേടുസംഭവിച്ച നെല്ല് വേണ്ടെന്നറിയിച്ചു മില്ലുകാർ കത്തുനൽകിയെന്ന് പറഞ്ഞു പാഡി ഓഫീസർ കൈമലർത്തിയതോടെയാണ് കർഷകർ സമരത്തിനിറങ്ങിയത്.

പ്രതിസന്ധി രൂക്ഷമാകും

അപ്പർകുട്ടനാടൻ മേഖലയായ കോട്ടയത്ത് മാർച്ച് പകുതിയോടെ കൊയ്ത്ത് സജീവമാകുന്നതോടെ നെല്ല് സംഭരണം ഗുരുതരപ്രശ്നമായി മാറും.നിലവിൽ രണ്ട് സ്വകാര്യമില്ലുകളാണ് രംഗത്തുള്ളത്. അവർ 25 കിലോ വരെ കിഴിവ് ആവശ്യപ്പെട്ടു നിൽക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ നെല്ലു സംഭരണ വിഷയത്തിൽ ഉടൻ പരിഹാരം കാണാനാണ് ബന്ധപ്പെട്ടവരുടെ ശ്രമം. അതുണ്ടായില്ലെങ്കിൽ ഏറ്റുമാനൂർ, കടുത്തുരുത്തി, ചങ്ങനാശേരി, വൈക്കം മണ്ഡലങ്ങളിൽ കർഷക പ്രതിഷേധം തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിയ്ക്കും.

ഇന്ന് മുതൽ നെല്ലു സംഭരിക്കാമെന്ന് പാഡി ഓഫീസർ ഉറപ്പു നൽകിയിട്ടുണ്ട്. ഉറപ്പു പാലിക്കുന്നില്ലെങ്കിൽ സമരം ശക്തമാക്കും .

ഫ്രാൻസിസ് ജോർജ് എം.പി

നെല്ല് സംഭരണത്തിൽ ഇന്നുതന്നെ നടപടിയുണ്ടാകും . മില്ലുകൾ കൂടുതൽ കിഴിവ് ആവശ്യപ്പെടുന്നുവെന്ന പരാതി പരിഹരിക്കും.നെല്ലിന്റെ സാമ്പിൾ പരിശോധിച്ചു കൃഷി വകുപ്പ് ഉദ്യോഗസ്ഥർ കിഴിവ് നിശ്ചയിക്കും.

അനുജ ജോർജ്

പാഡി ഓഫീസർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, PADDY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL