SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.47 AM IST

നിലനിറുത്തണം, തിരിച്ചുപിടിക്കണം

ele

കോട്ടയം : പരസ്യ പ്രചാരണം അവസാനിക്കാൻ മൂന്നു ദിവസം മാത്രം ശേഷിക്കേ സിറ്റിംഗ് എം.എൽ.എമാർ വീണ്ടും ജനവിധി തേടുന്ന കോട്ടയം, ഏറ്റുമാനൂർ, ചങ്ങനാശേരി മണ്ഡലങ്ങളിൽ ഫലം പ്രവചനാതീതം. ഏറ്റുമാനൂരിൽ ഇടതുസ്ഥാനാർത്ഥി വി.എൻ.വാസവൻ മവിവിധ വികസന പദ്ധതികൾ ഉയർത്തിക്കാട്ടി രണ്ടാമൂഴത്തിന് വോട്ടു തേടുമ്പോൾ ഏറെക്കാലത്തിന് ശേഷം മണ്ഡലം തിരിച്ചു പിടിക്കാൻ യു.ഡി.എഫ് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷിനെയും, എൻ.ഡി.എ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി ആതിര ഡി.നായരെയുമാണ് രംഗത്തിറക്കിയിട്ടുള്ളത്. നേരത്തേ പ്രചാരണം ആരംഭിച്ച വാസവൻ ഏറെ മുന്നോട്ടു പോയെങ്കിലും മറ്റു സ്ഥാനാർത്ഥികളും ഒപ്പമെത്തി. അട്ടിമറി പ്രതീതി സൃഷ്ടിക്കാൻ നാട്ടകം സുരേഷിനായിട്ടുണ്ട്. 2021ലെ തിരഞ്ഞെടുപ്പിൽ ജോസഫ് ഗ്രൂപ്പ് സ്ഥാനാർത്ഥി പ്രിൻസ് ലൂക്കോസിനെതിരെ 14303 വോട്ടുകളായിരുന്നു വാസവന്റെ ഭൂരിപക്ഷം. ഈഴവ ഭൂരിപക്ഷ മണ്ഡലത്തിൽ ക്രൈസ്തവ വോട്ടുകളും നിർണായകമാണ്. എൻ.ഡി.എയ്ക്കായി മത്സരിക്കുന്ന ട്വന്റി ട്വന്റി സ്ഥാനാർത്ഥിയുടെ വോട്ടുവിഹിതം കുറഞ്ഞാൽ ആരെ ബാധിക്കുമെന്നതാകും ഉറ്റുനോക്കുന്നത്.

നാലാമൂഴത്തിന് തിരുവഞ്ചൂർ

കോട്ടയത്ത് യു.ഡി.എഫിനായി തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടർച്ചയായ നാലാംജയത്തിനായി പോരാടുമ്പോൾ പ്രധാന എതിരാളി കഴിഞ്ഞ തവണ മത്സരിച്ച സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.കെ.അനിൽകുമാറാണ്. എൻ.ഡി.എയ്ക്കായി ബി.ഡി.ജെ.എസിന്റെ പി.അനിൽകുമാറും രംഗത്തുണ്ട്. 2021 ലെ തിരഞ്ഞെടുപ്പിൽ 18743 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു തിരുവഞ്ചൂർ ജയിച്ചത്. ഭൂരിപക്ഷം ഉയർത്തുമെന്ന് തിരുവഞ്ചൂർ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോൾ അട്ടിമറിജയം നേടുമെന്നാണ് അനിൽകുമാറിന്റെ അവകാശവാദം. കോട്ടയം നഗരസഭയും പനച്ചിക്കാട്, വിജയപുരം പഞ്ചായത്തുകളും ഉൾപ്പെടുന്ന മണ്ഡലത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ 21995 വോട്ട് എൻ.ഡി.എ നേടിയിരുന്നു.

ത്രികോണച്ചൂടിൽ ചങ്ങനാശേരി

സിറ്റിംഗ് എം.എൽ.എ ജോബ് മൈക്കിൾ ചങ്ങനാശേരിയിൽ വീണ്ടും ജനവിധി തേടുമ്പോൾ പുതുമുഖമായ വിനുജോബിനെയാണ് യു.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത്. മണ്ഡലത്തിൽ സുപരിചിതനായ ബി.രാധാകൃഷ്ണമേനോനാണ് എൻ.ഡി.എ സ്ഥാനാർത്ഥി. പ്രചാരണത്തിൽ ശക്തമായ ത്രികോണ മത്സര പ്രതീതി സൃഷ്ടിക്കാൻ മൂന്നുസ്ഥാനാർത്ഥികൾക്കും കഴിഞ്ഞിട്ടുണ്ട്. ക്രൈസ്തവ, ഈഴവ, നായർ വോട്ടുകൾ നിർണായകമാണ്. 2021 ൽ 6059 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ജോബിന്റെ ജയം. രാധാകൃഷ്ണമേനോൻ പിടിക്കുന്ന വോട്ടുകൾ ജയപരാജയത്തിൽ നിർണായകമായേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL