SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.46 AM IST

അവസാന ഞായറിൽ അടിമുടിയിളക്കി മുന്നണികൾ

elec

കോട്ടയം : ഈസ്റ്ററും തിരഞ്ഞെടുപ്പിന് മുൻപുള്ള അവസാന ഞായറും. അടിമുടിയിളക്കി പരമാവധി ആളുകളെ നേരിട്ട് കണ്ട് വോട്ടുറപ്പിച്ച് സ്ഥാനാർത്ഥികൾ. തലങ്ങും വിലങ്ങും പ്രചാരണ വാഹനങ്ങൾ പായിച്ചും റോഡ് ഷോ നടത്തിയും മണ്ഡലങ്ങളെ ഇളക്കിമറിച്ചു. അവധി ദിവസമായതിനാൽ എല്ലാവരും വീട്ടിലുണ്ടാകുമെന്ന ഉറപ്പിൽ സ്ഥാനാർത്ഥികളും പ്രവർത്തകരും വീടുകയറാനും സമയം കണ്ടെത്തി. പ്രചാരണത്തിന്റെ ആദ്യഘട്ടത്തിലെ ഏറ്റക്കുറച്ചിലുകൾ പരിഹരിക്കാനായെന്നാണ് വിശ്വാസം. കണക്കുക്കൂട്ടൽ തെറ്റിക്കുമെന്ന ആത്മവിശ്വാസത്തോടെ ത്രികോണ മത്സരം കാഴ്ചവയ്ക്കാൻ എൻ.ഡി.എ രംഗത്തുള്ളതിനാൽ മത്സരം പ്രവചനാതീതം. സർവേകൾ നൽകിയ മുൻതൂക്കം പ്രതിഫലിക്കില്ലെന്ന് എൽ.ഡി.എഫും കരുതുന്നു. ഇന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും, കേന്ദ്രമന്ത്രി ശോഭ കരന്തലജെയും ജില്ലയിലെത്തുന്നുണ്ട്.

കോട്ടയം

തിരുവഞ്ചൂർ രാധാകൃഷ്ണൻ മണ്ഡലത്തിൽ കൂടുതൽ ശ്രദ്ധകൊടുത്ത് പ്രചാരണം നടത്തുകയാണ്. പുഴകൾ തെളിച്ച് ജനമനസിൽ ഇടം നേടിയ എൽ.ഡി.എഫിലെ അഡ്വ. കെ.അനിൽകുമാർ ഉയർത്തുന്ന വെല്ലുവിളിയെ നിസാരമായി തിരുവഞ്ചൂർ കാണുന്നില്ല. കുടുംബ വോട്ടർമാരെ ലക്ഷ്യംവച്ച് പ്രചാരണത്തിൽ മുന്നേറുകയാണ് എൻ.ഡി.എയുടെ പി.അനിൽകുമാർ. ഈ രണ്ട് സ്ഥാനാർത്ഥികളും പിടിക്കുന്ന വോട്ടുകൾ എങ്ങനെയുമാകാം.

പുതുപ്പള്ളി

സൈക്കിളിൽ കയറി വെറൈറ്റി പ്രചാരണം നടത്തുന്ന ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷത്തെ പറ്റി മാത്രം ചിന്തിച്ചാൽ മതിയെന്ന് യു.ഡി.എഫ് പറയുമ്പോൾ ഭൂരിപക്ഷം കഴിഞ്ഞ തവണത്തേക്കാൾ താഴുമെന്നാണ് എൽ.ഡി.എഫ് പറയുന്നത്. വികസന മുരടിപ്പ് എടുത്തു പറഞ്ഞാണ് എൽ.ഡി.എഫിലെ കെ.എം.രാധാകൃഷ്ണന്റെയും, ബി.ജെ.പിയിലെ രവീന്ദ്രനാഥ് വാകത്താനത്തിന്റെയും പ്രവർത്തനം.

ഏറ്റുമാനൂർ

ഏറ്റുമാനൂരിലെ അടിയൊഴുക്കുകൾ എന്താണെന്ന് ആർക്കുമറിയില്ല. സിറ്റിംഗ് എം.എൽ.എ വി.എൻ.വാസവനെന്ന കരുത്തനൊപ്പം മണ്ഡലം നിലനിൽക്കുമന്ന് എൽ.ഡി.എഫ്‌ നേതാക്കൾ. അട്ടിമറിയുണ്ടാകുമെന്ന പ്രതീക്ഷയിൽ യു.ഡി.എഫിലെ നാട്ടകം സുരേഷ്. യുവ വോട്ടർമാരെ ലക്ഷ്യവച്ച് സജീവമാണ് എൻ.ഡി.എയുടെ ആതിര ഡി.നായർ.

കടുത്തുരുത്തി

കേരള കോൺഗ്രസുകൾ തമ്മിൽ പോരാടുന്ന കടുത്തുരുത്തിയിൽ മോൻസോ, നിർമ്മലയോ എന്നത് മാത്രമാണ് ചിന്ത. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകൾ അനുസരിച്ച് മോൻസിന് അനുകൂലമാണ് കാര്യങ്ങൾ. എന്നാൽ നിർമ്മല ജിമ്മി വ്യക്തിപരമായ വോട്ടുകൾ പിടിക്കുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. സാമുദായിക വോട്ടുകളിൽ ലക്ഷ്യംവച്ചാണ് എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഇട്ടിക്കുന്നേലിന്റെ പ്രവർത്തനം.

വൈക്കം

ഇടതു കോട്ടയെന്ന് പറയുമ്പോഴും വൈക്കത്ത് എന്ത് അട്ടിമറിയാണ് എതിർ സ്ഥാനാർത്ഥികൾ ഒരുക്കിവച്ചിരിക്കുന്നതെന്ന് കാത്തിരുന്ന് കാണണം. സി.പി.ഐയിലെ പി.പ്രദീപിനെതിരായി സംഘടനാ പ്രശ്നങ്ങൾ ആയുധമാക്കുകയാണ് എതിർ സ്ഥാാർത്ഥികൾ. കോൺഗ്രസിലെ കെ.ബിനിമോനും, ബി.ജെ.പിയിലെ കെ.അജിതും ഇടതുകോട്ടയിൽ എന്ത് പോരാട്ടമുയർത്തുമെന്നാണ് ഉറ്റുനോക്കുന്നത്.

പാലാ

ത്രികോണപ്പോരാട്ടം കൊണ്ട് സംസ്ഥാന ശ്രദ്ധയാകർഷിച്ച പാലായിൽ ആര് ആരെ അട്ടിമറിക്കുമെന്ന് പറയാനാവില്ല. മാണി സി.കാപ്പൻ തുടർ വിജയം പ്രതീക്ഷിക്കുമ്പോൾ രാജ്യസഭാംഗമായ ജോസ് കെ.മാണി അധികാര കൊതിയനാണെന്ന പ്രചാരണമാണ് എതിർ സ്ഥാനാർത്ഥികൾ ഉയർത്തുന്നത്. ചോരാതെയുള്ള വോട്ടുകൾ കൂടെനിറുത്തുകയും ഷോണിന്റെ വ്യക്തി ബന്ധവും കൂടിയാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.

കാഞ്ഞിരപ്പള്ളി

അതിശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ ആരുടെയൊക്കെ വോട്ടുകൾ ബി.ജെ.പി സ്ഥാനാർത്ഥി കേന്ദ്രമന്ത്രി ജോർജ് കുര്യൻ പിടിക്കുമെന്നതാണ് പ്രധാനം. സിറ്റിംഗ് എം.എൽ.എ എൻ. ജയരാജിന്റെ പ്രതീക്ഷ എൽ.ഡി.എഫിന്റെ ഉറച്ച പിന്തുണയിലാണ്. കൈപ്പത്തിയെന്ന വികാരത്തിനൊപ്പം നിഷ്പപക്ഷ വോട്ടുകളും കിട്ടുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫിലെ റോണി കെ.ബേബി.

പൂഞ്ഞാർ

ത്രികോണപ്പോര് നടക്കുന്ന പൂഞ്ഞാറിൽ പി.സിജോർജ് ജയിക്കുമോയെന്നാണതാണ് കൗതുകം. സിറ്റിംഗ് എം.എൽ.എ എന്ന നിലയിലുള്ള മണ്ഡലത്തിലെ പരിചയം വോട്ടാകുമെന്ന കണക്കുകൂട്ടലിലാണ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ. എന്നാൽ ഇത്തവണ അട്ടിമറിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി എം.ജെ.സെബാസ്റ്റ്യൻ ലക്ഷ്യമിടുന്നത്.

ചങ്ങനാശേരി

അട്ടിമറി ലക്ഷ്യമിട്ട് യു.ഡി.എഫ് സ്ഥാനാർത്ഥി വിനു ജോബ് കളത്തിലിറങ്ങുന്ന മണ്ഡലത്തിൽ ജയപരാജയങ്ങൾ തീരുമാനിക്കുക ബി.ജെ.പി സ്ഥാനാർത്ഥി ബി.രാധാകൃഷ്ണമേനോന്റെ വോട്ടുകളാണ്. ത്രികോണ മത്സരം നടക്കുന്ന ചങ്ങനാശേരിയിൽ സിറ്റിംഗ് എം.എൽ.എ ജോബ് മൈക്കിൾ വ്യക്തിബന്ധം തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL