SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.18 AM IST

മുഖംരക്ഷിച്ച് ഷോണും പി.സിയും

pc

കോട്ടയം: പി.സി.ജോർജും, ഷോൺ ജോർജും നിയസഭയിലെത്തിയില്ലെങ്കിലും പൂഞ്ഞാറിലും പാലായിലും ആദ്യമായി ബി.ജെ.പിയുടെ വോട്ട് ഷെയർ 35000 മുകളിലേയ്ക്ക് വർദ്ധിപ്പിച്ചത് പാർട്ടിയിൽ ഇരുവർക്കും ആശ്വാസമായി. പാലായിൽ ഷോൺ പിടിച്ച വോട്ടുകളാണ് ജയപരാജയങ്ങൾ നിർണയിച്ചത്. അതേസമയം പി.സി. ജോർജ് മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടത് വ്യക്തിപരമായി അദ്ദേഹത്തിന് തിരിച്ചടിയുമായി. ഏഴുതവണ പൂഞ്ഞാറിന്റെ എം.എൽ.എ, രണ്ടു തവണ പരാജയപ്പെട്ടപ്പോഴും രണ്ടാംസ്ഥാനത്തിനായിരുന്നു, പി.സി. ജോർജ് പത്താം മത്സരത്തിൽ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ തവണ സ്വതന്ത്രനായി മത്സരിച്ചപ്പോൾ 41851 വോട്ട് ജോർജ് നേടിയിരുന്നു. 2016ൽ എൻ.ഡി.എയ്ക്ക് 19000 വോട്ടും കഴിഞ്ഞ തവണ മൂവായിരത്തിൽ താഴെയും വോട്ടുകളാണ് പൂഞ്ഞാറിൽ ലഭിച്ചതെങ്കിൽ ഇക്കുറി ഇത് 36172 വോട്ടുകളായി ഉയർത്താൻ പി.സിക്കായി. എന്നാൽ മണ്ഡലത്തിലുടെനീളം സ്വാധീനമുള്ള പി.സിയ്ക്ക് രണ്ട് റൗണ്ടുകളിൽ മാത്രം നിസാര വോട്ടുകൾക്ക് മാത്രമാണ് മുന്നിൽ വന്നത്.

ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ വൈസ് പ്രസിഡന്റ് പദവിയിലെത്തിയ ഷോൺ ജോർജ് മാസങ്ങൾക്കു മുമ്പേ പാലായിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഗംഭീര പ്രചാരണം നടത്തുകയും ചെയ്തുവെങ്കിലും വിജയിക്കാനായില്ല. യു.ഡി.എഫിലും എൽ.ഡി.എഫിലും വിള്ളൽ വീഴ്ത്തി വോട്ട് വർദ്ധിപ്പിക്കാൻ കഴിഞ്ഞത് ഷോണിന് നേട്ടമായി. 2016ൽ എൻ.ഹരി നേടിയ 24821 വോട്ടായിരുന്നു ബി.ജെ.പിയുടെ മണ്ഡലത്തിലെ ഇതുവരെയുള്ള റെക്കാഡ്. അതാണ് 35304 വോട്ടുകളായി ഷോൺ വർദ്ധിപ്പിച്ചത്. പൂഞ്ഞാർ ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്കു സ്വതന്ത്രനായി മത്സരിച്ചു ജയിച്ചിട്ടുള്ള ഷോൺ മണ്ഡലത്തിന്റെ കടനാട്, മൂന്നിലവ്, തലനാട്, തലപ്പലം പഞ്ചായത്തുകളിൽ നിന്ന് ലീഡ് പ്രതീക്ഷിച്ചിരുന്നെങ്കിലും ആകെയുള്ള 16 റൗണ്ടുകളിൽ രണ്ട് റൗണ്ടുകളിൽ രണ്ടാം സ്ഥാനത്ത് എത്താനെ ഷോണിന് കഴിഞ്ഞുള്ളൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL