SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.46 AM IST

സംപൂജ്യരായി ഇടതുമുന്നണി...... ഓൾ റൈറ്റ്

natkom

കോട്ടയം : ജില്ലയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായി ഒരു സീറ്റും നേടാനാവാതെ ഇടതുമുന്നണി സംപൂജ്യരായി.

ഒമ്പതിൽ 9 സീറ്റും നേടി യു.ഡി.എഫ് നേടിയ അപ്രതീക്ഷിത കുതിപ്പിന്റെ ഞെട്ടലിലാണ് ഇടത് കേന്ദ്രങ്ങൾ. യു.ഡി.എഫ് വിട്ട് ഇടതുമുന്നണി ഘടകകക്ഷിയായ കേരള കോൺഗ്രസ് എമ്മിന്റെ പിന്തുണയിലാണ് 2021 ലെ തിരഞ്ഞെടുപ്പിൽ അഞ്ചുസീറ്റ് നേടി ഇടതുമുന്നണി മുന്നിലെത്തിയത്. വൈക്കം,കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ സീറ്റുകൾക്കു പുറമേ പാലായിൽ കൂടി ഇക്കുറി ഇടതുമുന്നണി വിജയം ഉറപ്പിച്ചിരുന്നുവെങ്കിലും എന്നും ഉറച്ച ചെങ്കോട്ടയായി നിന്ന ചരിത്രമുള്ള വൈക്കത്തടക്കം അടിപതറി.

ആറ് സീറ്റിൽ മത്സരിച്ച കോൺഗ്രസും രണ്ടു സീറ്റിൽ മത്സരിച്ച ജോസഫ് വിഭാഗവും എല്ലാ സീറ്റിലും വിജയിച്ചു. പാലായിൽ തുടർച്ചയായി ഹാട്രിക്ക് ജയമാണ് മാണി സി.കാപ്പൻ നേടിയത്. അതും കെ.എം.മാണി അരനൂറ്റാണ്ടായി വിജയിച്ചു വന്ന പാലായിൽ ഇക്കുറി വിജയിക്കാമെന്ന ജോസ് കെ മാണിയുടെ സ്വപ്നം തകർത്തുള്ള വിജയം.

വലിയ കേരള കോൺഗ്രസ് ആരാണെന്ന കാര്യത്തിലും മാണി - ജോസഫ് ഗ്രൂപ്പുകൾ തമ്മിലുള്ള മൂപ്പിളമ തർക്കത്തിനിടയിൽ കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് ഫ്രാൻസിസ് ജോർജ് തോമസ് ചാഴികാടനെ വൻ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചത് മാണി ഗ്രൂപ്പിന് ക്ഷീണമായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിൽ മാണി - ജോസഫ് ഗ്രൂപ്പുകൾ ഏറ്റുമുട്ടിയ ചങ്ങനാശേരി, കടുത്തുരുത്തി മണ്ഡലങ്ങളിലെ തോൽവിയോടെ കോട്ടയത്ത് മാണി ഗ്രൂപ്പല്ല വലുത് തങ്ങളാണെന്ന് തെളിയിക്കാൻ ജോസഫിനായി.

കോട്ടയം ഏറ്റുമാനൂർ, പുതുപ്പള്ളി മണ്ഡലങ്ങളിലായിരുന്നു സി.പി.എം സ്ഥാനാർത്ഥികൾ മത്സരിച്ചത്. മന്ത്രി വി.എൻ വാസവന് ഏറ്റുമാനൂരിൽ ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷിനോട് 19752 വോട്ടുകൾക്ക് തോറ്റത് നാണക്കേടായി. കോട്ടയത്ത് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമായ അഡ്വ.കെ.അനിൽകുമാർ തിരുവഞ്ചൂർ രാധാകൃഷ്ണനോട് പരാജയപ്പെട്ടത് 35986 വോട്ടുകൾക്കാണ്. പുതുപ്പള്ളിയിൽ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.എം രാധാകൃഷ്ണൻ ചാണ്ടി ഉമ്മനോട് തോറ്റത് 52907 വോട്ടുകൾക്ക്. സി.പി.ഐയിൽ നിന്ന് മുൻ എം.എൽ.എമാരടക്കം നേതാക്കളുടെ കൊഴിഞ്ഞുപോക്കി നിടയിൽ പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ ജന്മനാട്ടിലെ തോൽവി പാർട്ടി നേതൃത്വത്തെ ഇരുത്തി ചിന്തിപ്പിക്കുന്നതായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL