SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.13 AM IST

ഇന്നലെയും പൊലിഞ്ഞു ഒരു ജീവൻ...... ചോരപ്പാട് ഉണങ്ങാതെ തിരുനക്കര സ്റ്റാൻഡ്‌

കോട്ടയം : പേരിനൊരു ബസ് സ്റ്റാൻഡ്, യാതൊരു സുരക്ഷയും, സംവിധാനങ്ങളും ഇല്ല. എല്ലാം തോന്നുംപടി. അപകടങ്ങൾ ഉണ്ടായില്ലെങ്കിലേ അതിശയമുള്ളൂവെന്ന് യാത്രക്കാരും. നിരന്തരം ചോര തളംകെട്ടിയിട്ടും നഗരസഭയോ, പൊലീസോ ഇതൊന്നും കണ്ടഭാവമില്ല. ഇന്നലെ രാവിലെ ബസിനടയിൽപ്പെട്ട് എസ്.എച്ച് മൗണ്ട് സ്വദേശിനിയായ വീട്ടമ്മ മരിച്ചതാണ് ഒടുവിലത്തെ സംഭവം. ബസിൽ നിന്ന് വീഴുന്നത്, കയറുന്നതിനും ഇറങ്ങുന്നതിനും മുൻപ് ബെല്ലടിയ്ക്കുന്നത്, ബസ് പിന്നോട്ടെടുക്കുമ്പോൾ എന്നിങ്ങനെ നീളുന്നു അപകടങ്ങളുടെ നിര. ഏതാനും വർഷം മുൻപ് സ്റ്റാൻഡിൽ സമാന അപകടത്തിൽ വീട്ടമ്മ മരിച്ചിരുന്നു. നൂറുകണക്കിന് ബസുകൾ കയറിയിറങ്ങി പോകുന്ന സ്റ്റാൻഡിൽ എത്തിച്ചേരുന്നത് ഇതിന് ഇരട്ടിയലധികം യാത്രക്കാരാണ്. കോടതി വിധിയെത്തുടർന്ന് സ്റ്റാൻഡിലെ ഷോപ്പിംഗ് കോംപ്ലക് പൊളിച്ചു നീക്കിയശേഷം വെറും മൈതാനം പോലെ കിടക്കുന്ന സ്ഥലത്തുകൂടിയാണ് ബസുകൾ കയറി ഇറങ്ങി പോകുന്നത്. കൃത്യമായ ബസ് ബേയില്ല. കൂടാതെ അസൗകര്യങ്ങളും.

പൊലീസുണ്ട്, അനങ്ങില്ല

സ്റ്റാൻഡിനോട് ചേർന്ന് പൊലീസ് കൺട്രോൾ റൂമുണ്ടെങ്കിലും പുറത്തേക്ക് ഇറങ്ങി ഗതാഗതം നിയന്ത്രിക്കാനോ യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്താനോ ശ്രദ്ധിക്കാറില്ലെന്ന് പരാതിയുണ്ട്. അപകടമുണ്ടായ ശേഷം മാത്രമാകും പൊലീസ് സേവനം ലഭ്യമാകുക. സ്റ്റാൻഡിന്റെ പോരായ്മ അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നതായി പൊലീസ് പറയുന്നു. ടാക്‌സി സ്റ്റാൻഡും ചേർന്നുള്ളതിനാൽ ഇത്തരം വാഹനങ്ങളും പലപ്പോഴും സ്റ്റാൻഡിലൂടെ കയറിപ്പോകുന്നത് അപകടങ്ങൾക്ക് ആക്കം കൂട്ടും. സാമൂഹ്യവിരുദ്ധരും തമ്പടിക്കുന്നത് ഇതിനകത്താണ്.

ബ്ലൈൻഡ് സ്‌പോട്ട്, കരുതണം
ബസ് ജീവനക്കാരുടെയും, യാത്രക്കാരുടെയും ഒരുപോലെയുള്ള അശ്രദ്ധയാണ് അപകടങ്ങൾക്ക് കാരണം. ബസുകൾക്ക് മുന്നിൽ ഡ്രൈവർക്ക് കാണാൻ കഴിയാത്ത (ബ്ലൈൻഡ് സ്‌പോട്ട്) സ്ഥലത്തു കൂടി കടന്നുപോയ യാത്രക്കാരിയാണ് ഇന്നലെ അപകടത്തിൽപ്പെട്ടത്. യാത്രക്കാർ ഇറങ്ങുന്ന നേരമായതിനാൽ ബസ് മുന്നോട്ടെടുക്കാൻ വൈകുമെന്ന ധാരണയിൽ യാത്രക്കാർ ഇത്തരത്തിൽ കുറുകെ കടക്കുന്നത് പതിവാണ്.

''അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല. ആകെയുള്ളത് കയറിനിൽക്കാൻ ഒരുസ്ഥലമുണ്ട്. ബസുകൾ അമിതവേഗത്തിലാണ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നത്. യാത്രക്കാർ ഇറങ്ങുന്നതിന് മുൻപ് ബസ് മുന്നോട്ടെടുക്കാൻ ഡ്രൈവർമാർക്ക് ധൃതിയാണ്. പൊലീസും ഇതൊന്നും കാണുന്നില്ല.

ശാലിനി, യാത്രക്കാരി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL