SignIn
Kerala Kaumudi Online
Saturday, 30 May 2026 2.10 AM IST

ഡി.സി.സി അദ്ധ്യക്ഷ സ്ഥാനത്തിന് പിടിവലി

congres

കോട്ടയം : യു.ഡി.എഫ് സർക്കാർ ഭരണത്തിലേറിയതോടെ ഡി.സി.സി അദ്ധ്യക്ഷ സ്ഥാനത്തിനായും പിടിവലി തുടങ്ങി. കോട്ടയത്ത് അദ്ധ്യക്ഷ സ്ഥാനം കാലങ്ങളായി എ ഗ്രൂപ്പിനും ക്രൈസ്തവ വിഭാഗത്തിൽപ്പെട്ടവർക്കും ഏതാണ്ട് സംവരണം ചെയ്തത് പോലായിരുന്നു. എം.പി.ഗോവിന്ദൻനായർ, നാട്ടകം സുരേഷ് എന്നിവർ പ്രസിഡന്റുമാരായതാണ് അപവാദം. ഈഴവ പ്രാതിനിധ്യത്തിലായിരുന്നു കഴിഞ്ഞ തവണ നാട്ടകം സുരേഷിന് നറുക്ക് വീണത്. സണ്ണി ജോസഫ് മന്ത്രിയായതോടെ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് പുതിയ ആളെ കണ്ടെത്തേണ്ടി വരും. ഇതിന് ശേഷമാകും ഡി.സി.സി അദ്ധ്യക്ഷൻമാരെ തിരഞ്ഞെടുക്കുക. നിലവിലെ പ്രസിഡന്റ് നാട്ടകം സുരേഷ് എം.എൽ.എ ആയതോടെ പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടി വരും. സംസ്ഥാന ഭരണമുള്ളതിനാൽ കൂടുതൽ സ്വാധീനം ചെലുത്താൻ ഡി.സി.സി അദ്ധ്യക്ഷന് കഴിയുമെന്നതിനാലാണ് ഇടി മുറുകിയത്. ഉമ്മൻചാണ്ടിയുടെ മരണത്തോടെ എ ഗ്രൂപ്പിന് നാഥനില്ലാതായി. മിക്ക എ ഗ്രൂപ്പ് നേതാക്കളും കെ.സി.വേണുഗോപാൽ, വി.ഡി.സതീശൻ പക്ഷത്തേക്ക് ചാഞ്ഞു. ചാണ്ടി ഉമ്മനെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നത് സമ്മർദ്ദം ചെലുത്താൻ എ ഗ്രൂപ്പിന് കഴിയാതെ വന്നതിനാലായിരുന്നു. ഗ്രൂപ്പ് മാറിയുള്ള കളിയിൽ ആരൊക്കെ എവിടെയെന്നു പറയാനാവാത്ത സ്ഥിതിയാണ്. കൂടുതൽ നേതാക്കളും കെ.സി പക്ഷമെന്നാണ് അവകാശപ്പെടുന്നത്.

ജാതി സമവാക്യം പ്രധാനം

ഡി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ഫിൽസൺ മാത്യൂസ് നിലവിൽ കെ.പി.സി.സി ജനറൽ സെക്രട്ടറിയാണ്. കടുത്ത വി.ഡി.സതീശൻ അനുയായിയുമാണ്. യൂജിൻ തോമസ്, അഡ്വ.ജി ഗോപകുമാർ, സിബി ചേനപ്പാടി, ബിജു പുന്നത്താനം തുടങ്ങിയവരുടെ പേരുകളാണ് ഇപ്പോൾ ഉയരുന്നത്. രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫിനും അദ്ധ്യക്ഷ സ്ഥാനത്തേക്ക് താത്പര്യമുണ്ട്. ജാതി സമവാക്യം പ്രധാന ഘടകമാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ളതിനാൽ ഹിന്ദു വിഭാഗത്തിൽപ്പെട്ടവവരെ പരിഗണിക്കണമെന്നാണ് ആവശ്യം. സ്പീക്കർ ആയെങ്കിലും തിരുവഞ്ചൂർ രാധാകൃഷ്ണന് കൂടി സ്വീകാര്യനായ ആളായിരിക്കും അദ്ധ്യക്ഷനാകുക എന്നാണ് പൊതുവായുള്ള പറച്ചിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL