ചർച്ചയിൽ പ്രശ്ന പരിഹാരമായില്ല
പാലാ: പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടത്തോടും സ്വതന്ത്ര കൂട്ടായ്മയോടും തങ്ങൾക്കുള്ള വിശ്വാസം നഷ്‌ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ആറ് ഭരണപക്ഷ കൗൺസിലർമാർ യു.ഡി.എഫ് നേതൃത്വത്തിന് ഇന്നലെ കത്ത് നൽകി. പിന്നാലെ വൈകിട്ട് മാണി സി. കാപ്പൻ എം.എൽ.എയുടെ വസതിയിൽ യു.ഡി.എഫ്, സ്വതന്ത്രമുന്നണി കൗൺസിലർമാരുമായി യു.ഡി.എഫ് നേതാക്കൾ അനുനയചർച്ച നടത്തിയെങ്കിലും പ്രശ്‌നപരിഹാരമായില്ല. യു.ഡി.എഫ്. ഭരണം എന്ന് പറയാമെങ്കിലും കോൺഗ്രസ് കൗൺസിലർമാർക്കോ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാർക്കോ യാതൊരുവിധ റോളും ഈ ഭരണത്തിൽ ഇല്ലായെന്ന് ഭരണപക്ഷത്തെ അഞ്ച് കോൺഗ്രസ് കൗൺസിലർമാരും മറ്റൊരു സ്വതന്ത്രാംഗമായ വൈസ് ചെയർപേഴ്‌സൺ മായാ രാഹുലും ഒപ്പിട്ട കത്തിൽ പറയുന്നു. എം.എൽ.എയുടെ വീട്ടിൽ നടന്ന ചർച്ച യിൽ ഇരുകൂട്ടരും തങ്ങൾക്ക് പരസ്പരം ഉണ്ടായ ബുദ്ധിമുട്ടുകൾ വിശദീകരിച്ചു. ആദ്യം സ്വതന്ത്ര മുന്നണി കൗൺസിലർമാരുമായും തുടർന്ന് കോൺഗ്രസിലെ കൗൺസിലർമാരുമായാണ് യു.ഡി.എഫ് നേതാക്കൾ ചർച്ച നടത്തിയത്. തങ്ങൾക്ക് പറയേണ്ടതെല്ലാം നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും തുടർ തീരുമാനങ്ങൾ നേതാക്കൾ പറയട്ടെ എന്നുമാണ് ഒന്നരമണിക്കൂറോളം നീണ്ട ചർച്ചയ്ക്ക് ശേഷം സ്വതന്ത്ര മുന്നണി വക്താവ് അഡ്വ. ബിനു പുളിക്കക്കണ്ടം പറഞ്ഞത്. യു.ഡി.എഫ്. നേതൃത്വത്തിന്റെ തീരുമാനം കേട്ടശേഷം തുടർനടപടികൾ സ്വീകരിക്കും. പിന്നീട് കോൺഗ്രസിലെ കൗൺസിലർമാരുമായി യു.ഡി.എഫ്. നേതാക്കൾ ചർച്ച നടത്തി. കോൺഗ്രസിലെ ആറ് കൗൺസിലർമാരിൽ ലിസിക്കുട്ടി മാത്യു ഒഴികെയുള്ളവർ ചർച്ചയിൽ പങ്കെടുത്തു. രാത്രി എട്ട് മണിയോടെ ചർച്ച അവസാനിച്ചെങ്കിലും വ്യക്തമായൊരു തീരുമാനം ഉണ്ടായില്ല. തങ്ങളുടെ നിലപാട് പിന്നീട് നേതൃത്വത്തെ അറിയാക്കാമെന്ന് കോൺഗ്രസ് കൗൺസിലർമാർ നിലപാടെടുത്തതോടെ ചർച്ച അവസാനിക്കുകയായിരുന്നു. ചർച്ചകളിൽ ഫ്രാൻസീസ് ജോർജ്ജ് എം.പി., മാണി സി. കാപ്പൻ എം.എൽ.എ., യു.ഡി.എഫ്. ജില്ലാ ചെയർമാൻ ഫിൽസൺ മാത്യൂസ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. പുളിക്കകണ്ടം കുടുംബാംഗങ്ങളായ മൂന്ന് സ്വതന്ത്ര കൗൺസിലർമാരുടെ പിന്തുണയോടെയാണ് പാലാ നഗരസഭ യു.ഡി.എഫ് ഭരിക്കുന്നത്.
സെബാസ്റ്റ്യൻ പനയ്ക്കലിനെ നീക്കി
കത്തിൽ ഒപ്പിടാതിരുന്ന നിലവിലെ നഗരസഭാ ഭരണപക്ഷ കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ സെബാസ്റ്റ്യൻ പനയ്ക്കലിനെ തൽസ്ഥാനത്തുനിന്ന് നീക്കി. പകരം ടോണി തൈപ്പറമ്പിലിനെ പാർലമെന്ററി പാർട്ടി ലീഡറായി തെരഞ്ഞെടുത്തു.
മൂന്ന് ദിവസത്തിനുള്ളിൽ പ്രശ്‌ന പരിഹാരം
മൂന്ന് ദിവസത്തിനുള്ളിൽ പ്രശ്‌നം പരിഹരിച്ച് നഗരഭരണം സുഗമമായി യു.ഡി.എഫ്. മുന്നോട്ട് കൊണ്ടുപോകുമെന്ന് ചർച്ചകളിൽ പങ്കെടുത്ത യു.ഡി.എഫിന്റെ ഒരു ഉന്നത നേതാവ് ''കേരള കൗമുദി''യോട് പറഞ്ഞു. ഇരു ഭാഗത്തുനിന്നും ചില വീഴ്ചകളുണ്ടായി. അത് യഥാസമയം പരിഹരിക്കാൻ കഴിയാത്തതാണ് ഇപ്പോൾ പ്രശ്‌നങ്ങളായി മാറിയതെന്നും നേതാവ് വിശദീകരിച്ചു.
സ്വതന്ത്ര മുന്നണിയെ പിന്തുണയ്ക്കില്ല
കേരളാ കോൺഗ്രസ് (എം) പാലാ നഗരസഭയിൽ സ്വതന്ത്ര കൂട്ടായ്മയുമായി ചേർന്ന് ഒരു തരത്തിലുള്ള ധാരണയും ഉണ്ടാക്കുകയോ, പിന്തുണ സ്വികരിക്കുകയോ, നൽകുകയോ ചെയ്യില്ലെന്ന് കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു പറഞ്ഞു. പാലാ നഗരസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാണ് 10 അംഗങ്ങൾ ഉള്ള കേരളാ കോൺഗ്രസ് (എം).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |