
പാലാ: പാലാ നഗരസഭയിൽ ഭരണപ്രതിസന്ധി അതിരൂക്ഷമായി. പ്രതിപക്ഷത്തിനൊപ്പം ഭരണപക്ഷത്തെ ഒരുവിഭാഗം കൗൺസിലർമാരും വിട്ടുനിന്നതോടെ ഇന്നലെ നിശ്ചയിച്ചിരുന്ന കൗൺസിൽ യോഗം ചേരാനാകാതെ പിരിഞ്ഞു.കോറം തികയാത്തതിനാൽ യോഗം പിരിച്ചുവിട്ടതായി പിന്നാലെ ചെയർപേഴ്സൺ ദിയാ ബിനു പുളിക്കക്കണ്ടം അറിയിച്ചു. സെബാസ്റ്റ്യൻ പനയ്ക്കൽ ഒഴികെ ഭരണപക്ഷത്തെ മറ്റ് കോൺഗ്രസ് കൗൺസിലർമാരും കോൺഗ്രസ് വിമത മായാ രാഹുലും യോഗത്തിനെത്തിയില്ല. സ്വതന്ത്ര മുന്നണി കൂട്ടായ്മയിലെ അഡ്വ. ബിനു പുളിക്കക്കണ്ടവും എത്തിയില്ല. എന്നാൽ വ്യക്തിപരമായ ഒരു ആവശ്യത്തിന് പോയതിനാലാണ് യോഗത്തിൽ പങ്കെടുക്കാൻ കഴിയാതെ വന്നതെന്ന് അഡ്വ. ബിനു പുളിക്കക്കണ്ടം വിശദീകരിച്ചു.
അവിശ്വാസ പ്രമേയത്തിന്റെ മുന്നൊരുക്കം?
പ്രതിപക്ഷത്തെ മുഴുവൻ കൗൺസിലർമാരും ഭരണപക്ഷത്തെ കോൺഗ്രസ് കൗൺസിലർമാരും വൈസ് ചെയർപേഴ്സൺ മായാ രാഹുലും ഇന്നലത്തെ യോഗത്തിന് എത്താത്തത് വ്യക്തമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണെന്ന് സൂചന. പ്രതിപക്ഷ കൗൺസിലർമാരിൽ പലരും യോഗം തുടങ്ങുന്നതിന് തൊട്ടുമുമ്പ് വരെ മുനിസിപ്പൽ ഓഫീസിൽ ഉണ്ടായിരുന്നുവെങ്കിലും അവരാരും കൗൺസിൽ ഹാളിലേക്ക് കയറാൻ കൂട്ടാക്കിയില്ല.
21ന് അവിശ്വാസപ്രമേയം ചർച്ച ചെയ്യാനിരിക്കെ അതിന് മുമ്പ് മറ്റ് കൗൺസിൽ യോഗങ്ങൾ ചേരുന്നതിൽ പ്രസക്തിയില്ലെന്ന് പ്രതിപക്ഷ നേതാവ് ബിജു പാലുപ്പടവിൽ പറഞ്ഞു.
അവർ പിന്തുണയ്ക്കും?
കോൺഗ്രസ് കൗൺസിലർമാർ അവിശ്വാസ വിഷയത്തിൽ പരസ്യമായൊരു നിലപാട് സ്വീകരിച്ചിട്ടില്ലെങ്കിലും പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസത്തെ പിന്തുണയ്ക്കാനുള്ള എല്ലാവിധ ധാരണകളുമായതായാണ് സൂചന. കോൺഗ്രസ് നേതൃത്വം പറയുന്നത് അനുസരിക്കുമെന്ന് കൗൺസിലർമാർ പറയുന്നുണ്ടെങ്കിലും തീരുമാനം നേരെ തിരിച്ചാകാനാണ് സാധ്യത.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |