SignIn
Kerala Kaumudi Online
Thursday, 27 August 2026 1.20 AM IST

 ഭക്ഷണവും കുടിവെള്ളവും ഇല്ലെന്ന് പരാതി  ദുരിതാശ്വാസ ക്യാമ്പിലും ദുരിതത്തിൽ അഭയാർത്ഥികൾ

vinu-job

ചങ്ങനാശേരി: കനത്തമഴയിൽ വീടുകളിൽ വെള്ളത്തിലായതിനെ തുടർന്ന് ചങ്ങനാശേരിയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ലഭിച്ചില്ലെന്ന് പരാതി. നഗരസഭാ പരിധിയിലെ ഗവ.ടൗൺ എൽ.പി.സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് പ്രതിഷേധമുണ്ടായത്. ക്യാമ്പിലെത്തി രണ്ടുദിവസം കഴിഞ്ഞിട്ടും ഭക്ഷണം, കുടിവെള്ളം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ അധികൃതർ കൃത്യമായി ഒരുക്കിയില്ലെന്നും അഭയാർത്ഥികൾ പറയുന്നു. പ്രതിഷേധമറിയിച്ച ദുരിതബാധിതരുമായി വിനു ജോബ് എം.എൽ.എ, നഗരസഭ ചെയർപേഴ്‌സൺ ജോമി ജോസഫ് എന്നിവർ സംസാരിക്കുന്നതിനിടെ വാക്കേറ്റവുമുണ്ടായി. ക്യാമ്പിലെ അവസ്ഥ റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകരുമായും വാക്കുതർക്കമുണ്ടായി. പിന്നീട് ഭക്ഷണം കൃത്യമായി എത്തിച്ച് നൽകാമെന്ന അധികൃതരുടെ ഉറപ്പിനെ തുടർന്നാണ് പ്രശ്‌നം പരിഹരിച്ചത്.

150 പേർ

ഗവ.ടൗൺ എൽ.പി സ്‌കൂളിൽ

രണ്ടുദിവസമായിട്ടും സാധനങ്ങൾ എത്തിച്ചില്ല

നഗരത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്നാണ് ഗവ.ടൗ‌ൺ എൽ.പി സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചത്. കുട്ടികളും പ്രായമായവരും ഉൾപ്പെടെ 150 പേരാണ് ക്യാമ്പിൽ കഴിയുന്നത്. ആദ്യദിവസം രാത്രിയിലെ ഭക്ഷണം ക്യാമ്പിലുള്ളവർ സ്വന്തം പണം ചെ‌ലവഴിച്ചാണ് വാങ്ങിയതെന്ന് പറയുന്നു. പിറ്റേന്ന് രാവിലെ ആവശ്യമായ ഭക്ഷ്യധാന്യങ്ങളും ഗ്യാസ് സിലിണ്ടറും എത്തിക്കുമെന്ന് നഗരസഭ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നെങ്കിലും ഒന്നും ലഭിച്ചില്ലെന്നാണ് ആരോപണം. രാവി‌ലെ വിശന്ന കുട്ടികൾക്കും മുതിർന്നവർക്കും ക്യാമ്പിലുള്ളവർ തന്നെ പ്രഭാതഭക്ഷണം വാങ്ങി നൽകി. ഉച്ചഭക്ഷണവും വൈകിയതോടെ സ്വന്തം ചെലവിൽ വാങ്ങേണ്ടി വന്നു. ഇന്നലെ രാവിലെ തഹസിൽദാരും നഗരസഭ ഉദ്യോഗസ്ഥരും ക്യാമ്പിലെത്തിയപ്പോൾ പ്രതിഷേധം ശക്തമായി. സമീപത്തെ മറ്റൊരു ക്യാമ്പിൽ തയ്യാറാക്കിയ ഭക്ഷണത്തിന്റെ ഭാഗം ഇവിടെ എത്തിക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധം തുടരുകയായിരുന്നു.

ക്യാമ്പിൽ കുറച്ചുപേർ മാത്രമാണ് ഉണ്ടായിരുന്നത്. സമയബന്ധിതമായി ഭക്ഷണമെത്തിക്കാൻ സമീപത്തെ മറ്റൊരു ക്യാമ്പിൽ നിന്ന് ഇവിടെയുള്ളവർക്കായി ഉച്ചഭക്ഷണം എത്തിച്ചിരുന്നു.

ക്യാമ്പിൽ ഇല്ലാത്ത പുറത്തുനിന്നുള്ള ചിലരാണ് പ്രശ്‌നങ്ങൾ വഷളാക്കാൻ ശ്രമിക്കുന്നത്.

-വിനു ജോബ് എം.എൽ.എ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL