SignIn
Kerala Kaumudi Online
Monday, 28 September 2026 4.55 AM IST

റബറിന് വിലയുള്ളപ്പോൾ കർഷകന് പ്രതിസന്ധിയുടെ വായ്പ്പുണ്ണ്

ഷീറ്റടിക്കുന്ന റോളർ വിറ്റു,​ പുകപ്പുര പൊളിച്ചു

കോട്ടയം: ആലിൻകാ പഴുത്തപ്പോൾ കാക്കയ്ക്ക് വായ്പ്പുണ്ണെന്ന് പറയുംപോലെയാണ് ഇപ്പോൾ കർഷകന്റെ അവസ്ഥ. റബർവില നിലംപതിച്ചപ്പോൾ പലരും ഷീറ്റടിക്കുന്ന റോളർ വിറ്റു,​ പുകപ്പുര പൊളിച്ചു. വില വർദ്ധിച്ചതോടെ ഷീറ്റടിക്കാൻ റോളറുകൾ ഇല്ല. മോഷ്ടാക്കളിൽ നിന്ന് ഒട്ടുപാലും​ ഷീറ്റുകളും സൂക്ഷിക്കാൻ പാടുപെടുകയാണ്. റബറിന് 270 രൂപയ്ക്ക് മുകളിൽ വിലയായി. ഒട്ടുപാലിന് 185 വരെയും വിലയുണ്ട്. കർഷകർ ടാപ്പിംഗ് വ്യാപകമാക്കി. അപ്പോഴാണ് പുതിയ വെല്ലുവിളികൾ. വില ഉയർന്നതോടെ മോഷണവും വ്യാപകമായി. കഴിഞ്ഞദിവസം പാലായിൽ വലിയ അളവിൽ റബറും ഒട്ടുപാലും മോഷണംപോയിരുന്നു. നാട്ടിൻപുറങ്ങളിൽ ചെറിയ മോഷണങ്ങളും പതിവാണ്.

റോളറുകൾ കുറഞ്ഞു

കർഷകരിൽ ഭൂരിഭാഗവും ടാപ്പിംഗ് നിറുത്തിയിരുന്നു. ടാപ്പിംഗ് നടത്തിയവരാവട്ടെ, ഷീറ്റാക്കാതെ ഒട്ടുപാലും ലാറ്റക്സുമാക്കി വിൽക്കുകയായിരുന്നു. ഇതിനൊപ്പം വീട്ടിലുണ്ടായിരുന്ന റോളറുകൾ പലരും വിറ്റു. പുകപ്പുരകൾ പൊളിച്ചുനീക്കി. ഇതോടെ ഷീറ്റ് അടിക്കാനും ഉണക്കാനുമുള്ള സംവിധാനങ്ങൾ ഇല്ലാത്ത സാഹചര്യമാണ്.

സൂക്ഷിക്കാൻ പെടാപാട്

മുൻപ് ഷീറ്റും മറ്റും പുകപ്പുരയിൽ സൂക്ഷിക്കാമായിരുന്നു. ഇപ്പോൾ വീടിന് പുറത്ത് ഉണക്കാനിടുന്ന റബർഷീറ്റ് മോഷ്ടിക്കുന്ന സംഭവങ്ങൾ വർദ്ധിച്ചതോടെ കർഷകർ ആകെ പ്രതിസന്ധിയിലായി. ഉണങ്ങുംമുന്നേ ദുർഗന്ധമുള്ളതിനാൽ വീട്ടിനുള്ളിൽ വയ്ക്കാനും കഴിയില്ല. ഉണങ്ങാനായി ഇടുന്ന ഒട്ടുപാലും കള്ളൻമാർ കടത്തുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, RUBBER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL