SignIn
Kerala Kaumudi Online
Wednesday, 30 September 2026 1.35 AM IST

കൊയ്‌ത്തായിട്ടും കരാറില്ല,​ ആശങ്കയിൽ കർഷകർ

ss

കോട്ടയം: ഒന്നാം കൃഷി കൊയ്‌ത്തിനൊരുങ്ങിയിട്ടും സ്വകാര്യമില്ലുകളും സർക്കാരും തമ്മിൽ നെല്ല് സംഭരണ കരാർ ഒപ്പിടാത്തതിനാൽ കർഷകർ ആശങ്കയിൽ. കിഴിവും നെല്ല് അരിയാക്കി തിരിച്ചു കൊടുക്കുമ്പോൾ തൂക്കം കുറയ്ക്കുന്നതും സംബന്ധിച്ച തർക്കമാണ് കരാർ നീളാൻ കാരണം. അടുത്തമാസം കൊയ്ത്താരംഭിക്കാനിരിക്കെ മില്ലുടമകളുടെ സ്ഥിരം സമ്മർദ്ദതന്ത്രം പയറ്റലായി ഇതിനെ കാണുന്ന കർഷകർ സപ്ലൈക്കോ അധികൃതരും ഇതിന് കൂട്ടു നിൽക്കുകയാണെന്ന് ആരോപിക്കുന്നു.

സപ്ലൈക്കോ നെല്ല് സംഭരിക്കുന്നത് കേന്ദ്ര താങ്ങുവിലയായ 23.69 രൂപയും സംസ്ഥാന സർക്കാരിന്റെ പ്രോത്സാഹന ബോണസായ 6.31 രൂപയും ചേർത്തു കിലോയ്ക്ക് 30 രൂപയ്ക്കാണ് . ഉണക്കു കുറവ് , ജലാംശം കൂടുതൽ ,​​പതിര്,​ വലിപ്പക്കുറവ് തുടങ്ങി പല കാരണങ്ങൾ നിരത്തി സ്വകാര്യമില്ലുകളുടെ ഏജന്റന്മാർ വില ഇടിക്കും.

നെല്ല് സംഭരിച്ച് അരിയാക്കി തിരിച്ചു നൽകുന്ന മില്ലുടമകൾക്ക് 5ശതമാനം ജി.എസ്.ടിക്കു പുറമേ അധിക നികുതിയും കുടിശികയും പിഴയുമൊക്കെ ഈടാക്കാൻ തുടങ്ങിയതിൽ പ്രതിഷേധവുമായി ഇടഞ്ഞു നിൽക്കുകയാണ് മില്ലുടമകളുടെ സംഘടന. നെല്ല് അരിയാക്കി തിരിച്ചു നൽകുമ്പോൾ കേന്ദ്രം നിശ്ചയിച്ച ച്ച 68 കിലോയ്ക്കുപകരം 64.5 കിലോയേ നൽകാനാവൂ എന്ന കടും പിടുത്തവും തുടരുകയാണ്.

മില്ലുടമുകളുടെ പതിവ് സമ്മർദ്ദ തന്ത്രം

കരാർ ഒപ്പിടാതെ നിൽക്കുന്ന ഉടമകൾ അരിമില്ലുകൾ അടച്ചിടുമെന്ന ഭീഷണിയും മുഴക്കുന്നു. മന്ത്രി തല ചർച്ച നടന്നെങ്കിലും തീരുമാനമായിട്ടില്ല.

മുഴുവൻ മില്ലുകളും നെല്ലെടുക്കാൻ തയ്യാറാകുന്നില്ലെങ്കിൽ സർക്കാരുമായി കരാർ ഒപ്പിടുന്ന ഏതാനും ചെറുകിട മില്ലുകൾ മാത്രമാകും സംഭരണത്തിന് ഉണ്ടാവുക.

സംഭരണം വൈകിയാൽ നെല്ല് നശിക്കുമെന്നതിനാൽ വില ഇടിക്കാനുള്ള ഇവരുടെ സമ്മർദ്ദ തന്ത്രത്തിന് കർഷകർ വഴങ്ങേണ്ടി വരും. എല്ലാ വർഷവും നടക്കുന്ന 'കളി' ഈ വർഷവും അരങ്ങേറുമെന്നാണ് മില്ലുടമകളുടെ സമ്മർദ്ദ തന്ത്രം തെളിയിക്കുന്നത് .

ജി.എസ്.ടി ഭക്ഷ്യവകുപ്പ് പോരും മില്ലുടമകളുടെ നിസഹകരണവും സപ്ലൈക്കോയുടെ മെല്ലെപോക്കും കാരണം ഒന്നാം കൃഷി നെല്ല് സംഭരണം പ്രതിസന്ധിയിലാണ്. രണ്ടാം കൃഷി ഒരുക്കങ്ങൾ നടത്തണമെങ്കിൽ നെല്ലു വിറ്റ പണം ലഭിക്കണം. സർക്കാരിന്റെ അടിയന്തിര ഇടപെടൽ ഉണ്ടായില്ലെങ്കിൽ എല്ലാം അവതാളത്തിലാകും

പ്രഭാകരൻ

നെൽ കർഷകൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, LOCAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL