SignIn
Kerala Kaumudi Online
Sunday, 04 October 2026 3.55 AM IST

കോടികൾ കുടിശിക, വെച്ചൂർ മോഡേൺ റൈസ് മില്ലിന് പൂട്ടുവീഴുന്നു ഒരാശ്രയവും കൂടി ഓർമ്മയാകുന്നു!

ss

കോട്ടയം: കുട്ടനാട്ടിലെയും അപ്പർകുട്ടനാട്ടിലെയും നെൽകർഷകർഷകരുടെ ആശ്രയമായ വെച്ചൂർ മോഡേൺ റൈസ് മില്ലിന് സർക്കാരിന്റെ കെടുകാര്യസ്ഥത മൂലം പൂട്ടുവീഴുന്നു. കർഷകരിൽ നിന്ന് നെല്ല് സംഭരിച്ച വകയിൽ ലഭിക്കാനുള്ള 30 കോടി രൂപ സപ്ലൈക്കോ നൽകാത്തതാണ് പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. സർക്കാർ സ്ഥാപനമായ ഓയിൽ പാം ഇന്ത്യയുടെ കീഴിലാണ് വെച്ചൂർ റൈസ് മില്ല് പ്രവർത്തിക്കുന്നത്. മില്ലിന് പൂട്ടുവീണാൽ ആയിരക്കണക്കിന് വരുന്ന കർഷകർക്ക് വലിയ തിരിച്ചടിയാകും. നെല്ലിന് വിലപേശി സ്വകാര്യമില്ലുകാർക്ക് കർഷകരെ ചൂഷണം ചെയ്യാനുള്ള അവസരവുമാകും. അതേസമയം സൈലോകളുടെ അറ്റകുറ്റപണി സമയബന്ധിതമായി പൂർത്തിയാകാത്തത് ചൂണ്ടിക്കാട്ടിയാണ് ഉത്പാദനം നിറുത്തിയത്. സൈലോ ഇല്ലെങ്കിലും രണ്ടു ഷിഫ്റ്റ് പ്രവർത്തിപ്പിച്ചാൽ 48 ടൺ നെല്ല് ഒരുദിവസം കുത്തി അരിയാക്കാൻ സാധിക്കും. ഇതിനൊന്നും ശ്രമിക്കാതെയാണ് അടച്ചുപൂട്ടൽ എന്ന കടുത്ത തീരുമാനത്തിലേക്ക് എത്തിയത്.

തീരുമാനമെടുക്കാൻ കഴിയില്ല

സ്വകാര്യ മില്ലുകളെ സഹായിക്കാനാണ് ഇപ്പോഴത്തെ നീക്കമെന്നാണ് ജീവനക്കാരുടെ ആരോപണം. ചെയർമാനെ നിയമിക്കാത്തതിനാൽ ഓയിൽപാം ഇന്ത്യയ്ക്ക് വിഷയത്തിൽ നയപരമായ തീരുമാനമെടുക്കാനും കഴിയില്ല.

നഷ്ടം സഹിച്ച് പിടിച്ചുനിൽക്കാനാവില്ല

നെല്ല് സംഭരിച്ച വകയിൽ കോടികൾ കുടിശികയായതോടെ നഷ്ടംസഹിച്ച് കൂടുതൽ കാലം പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥയായതോടെയാണ് അടച്ചുപൂട്ടലിലെത്തിയത്. ഇവിടെ ഉത്പാദിപ്പിച്ചിരുന്ന പൂർണമായി തവിട് കളയാത്തതും പോഷക ഗുണമുള്ളതുമായ കുട്ടനാട് റൈസിന് ഏറെ ഡിമാൻഡായിരുന്നു. ഓൺലൈൻ പ്ലാറ്റ് ഫോമുകളിലും കുട്ടനാട് മട്ട,ഉണ്ട,വടി അരി വില്പന നടത്തിയിരുന്നതും അവസാനിക്കുകയാണ്.

റൈസ് മിൽ കർഷകർക്ക് നൽകാനുള്ളത്: 5 കോടി രൂപ

വെച്ചൂർ റൈസ് മില്ലിന് നൽകാനുള്ള കുടിശിക തുക അടിയന്തിരമായി നൽകണം. കുട്ടനാട് റൈസ് ഉത്പാദനം പുനരാരംഭിക്കണം.

കെ.വി പവിത്രൻ (അഖിലേന്ത്യാ കിസാൻസഭ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, RICEMILL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL