SignIn
Kerala Kaumudi Online
Tuesday, 27 October 2026 6.14 AM IST

മണ്ഡലകാലമടുത്തിട്ടും അധികൃതർക്ക് കുലുക്കമില്ല......... കാഴ്ച മറച്ച് കാട് വളരുന്നു, അപകടത്തിന് മറയില്ല

kaddu

കോട്ടയം : കയറ്റവും ഇറക്കവും അപകട വളവുകളും... ഇതിനെല്ലാം പുറമേ റോഡരികിൽ ഡ്രൈവർമാരുടെ കാഴ്ചമറച്ച് കാട് കൂടി വളർന്നാലോ. അപകടങ്ങൾ വിളിപ്പുറത്താണ്. ഏറെ തിരക്കേറിയ ദേശീയപാതയിൽ ഇതാണ് അവസ്ഥ. മുണ്ടക്കയം 35ാം മൈൽ മുതൽ ആരംഭിക്കുന്ന ഹൈറേഞ്ച് പാതയുടെ തുടക്കം മുതൽ കുട്ടിക്കാനം വരെയുള്ള പ്രദേശത്ത് റോഡിന്റെ ഇരുവശങ്ങളും കാടുകൾ നിറഞ്ഞു. ഇത് വാഹന ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുന്നതിനും അപകടങ്ങൾക്കും ഇടയാക്കും. ക്രാഷ് ബാരിയറുകൾ ഉൾപ്പെടെ കാടുകയറിയ നിലയിലാണ്. കുത്തനെയുള്ള നിരവധി ഇറക്കവും വളവുകളുമാണ് ഇവിടെയുള്ളത്. മണ്ഡല മകരവിളക്ക് സീസൺ അടുത്തു. മുൻവർഷങ്ങളിൽ നിരവധി അപകടങ്ങളാണ് ഇവിടെ നടന്നത്. റോഡ് പരിചയമില്ലാതെ എത്തുന്നവരാണ് അപകടത്തിൽപ്പെടുന്നതലേറെയും. ഇത് ഒഴിവാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ സുരക്ഷാമുൻകരുതൽ സ്വീകരിക്കണമെന്നാണാവശ്യം. അപകട മുന്നറിയിപ്പ് ലൈറ്റുകളിൽ പലതും മിഴിയടച്ച നിലയിലാണ്.
പൊൻകുന്നം മുതൽ മുണ്ടക്കയം വരെയും സ്ഥിതിയിതാണ്. മുമ്പ് മാലിന്യം തള്ളിയിരുന്ന പ്രദേശങ്ങൾ വൃത്തിയാക്കിയെങ്കിലും കാട് പിടിച്ച് കിടക്കുന്നതിനാൽ വീണ്ടും പഴയപടിയായി. ദുർഗന്ധവും രൂക്ഷമാണ്.

ജീവൻ പണയംവച്ച് കാൽനടയാത്ര

പലയിടങ്ങളിലും കാട് വളർന്ന് നിൽക്കുന്നതിനാൽ യാത്രക്കാർ റോഡലേക്കിറങ്ങി വേണം നടക്കാൻ. നടപ്പാതയും കാട് മൂടിയതോടെ കാൽനടക്കാർക്കായി ഇത്തിരി ഇടംപോലുമില്ല. റോഡലേക്കിറങ്ങി നടക്കുന്നത് അപകടങ്ങൾക്കും കാരണമാകും. വാഹനങ്ങൾക്കും സൈഡലേക്ക് ഒതുക്കാൻ പറ്റാത്ത അവസ്ഥയാണ്. ഓടകളിൽ മാലിന്യം നിറഞ്ഞ് കിടക്കുകയാണ്. കാത്തിരിപ്പ് കേന്ദ്രങ്ങൾക്ക് ചുറ്റും പോലും കാട് വളരുകയാണ്. ഇഴന്തുക്കളുടെയും ശല്യവും രൂക്ഷമാണ്. തെരുവ് നായ്ക്കൾ മാലിന്യം കൊത്തിപ്പറിച്ച് റോഡലേക്ക് ഇടുകയാണ്.

ശ്രദ്ധ തെറ്റിയാൽ പിന്നെ പറയേണ്ട

രാത്രികാലങ്ങളിലാണ് അപകടസാദ്ധ്യത കൂടുതൽ

കൊടുംവളവുകളിൽ എതിരെ വരുന്ന വാഹനങ്ങൾ കാണില്ല

അപകടത്തിൽപ്പെടുന്നതേറെയും സ്ഥല പരിചയമില്ലാത്തവർ

വാഹനങ്ങൾ കടന്നുപോകുന്നത് അമിതവേഗതയിൽ

രാത്രിയിൽ ആവശ്യത്തിന് വെളിച്ചമില്ലാത്തതും ദുരിതം

''

മണ്ഡലകാലത്ത് വാഹനത്തിരക്ക് വർദ്ധിക്കുന്നതിന് മുമ്പ് അപകടസാദ്ധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തി മുന്നറിയിപ്പ് ബോർഡുകളും, റോഡിന്റെ വശങ്ങളും തെളിച്ച് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ അധികൃതർ ഏർപ്പെടുത്തണം.

-(ദിലീപ്, പ്രദേശവാസി)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL