@ കൂട്ടിയിട്ടിരിക്കുന്നത് 21 വാർഡുകളിലെ പ്ലാസ്റ്റിക് മാലിന്യം
കോഴിക്കോട്: വീടുകൾ കയറിയിറങ്ങി ഹരിതകർമ സേന ശേഖരിച്ച മാലിന്യം ഇപ്പോൾ കക്കോടിക്കാർക്ക് തീരാ ബാദ്ധ്യത. കക്കോടി കുടുംബാരോഗ്യകേന്ദ്രത്തിന് സമീപത്തെ പഴയ തിയറ്റർ വളപ്പിലാണ് മഴപെയ്താൽ നനയും വിധം മാലിന്യക്കെട്ടുകൾ മല പോലെ കുന്നുകൂട്ടിയിരിക്കുന്നത്. രണ്ട് മാസത്തോളമായി മാലിന്യം ഇവിടെ നിന്ന് സംസ്കരണ യൂണിറ്റുകളിലേക്ക് പോയിട്ടിന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പഞ്ചായത്തിന്റെ 21 വാർഡുകളിൽ നിന്നായി ശേഖരിക്കുന്ന മാലിന്യമാണ് ഇവിടെയുള്ളത്. ഇവ ശേഖരിക്കുന്ന സമയത്തു തന്നെ ലോറികളിൽ കയറ്റി പോയിരുന്നെങ്കിൽ പ്രശ്നം വരില്ലായെന്നാണ് നാട്ടുകാർ പറയുന്നത്. മാലിന്യച്ചാക്കുകൾ സമയ ബന്ധിതമായി ഉടൻ എടുത്തുമാറ്റണമെന്നാണ് ഇവരുടെ ആവശ്യം
സ്ഥലമില്ല, എം.സി.എഫ് കവിഞ്ഞു
മൂട്ടോളിയിലുള്ള എം.സി.എഫ്. കേന്ദ്രത്തിൽ മാലിന്യം നിറഞ്ഞ് സൂക്ഷിക്കാൻ സ്ഥലമില്ലാത്ത സാഹചര്യത്തിലാണ് പ്സാസ്റ്റിക് മാലിന്യം ചാക്കുകളിലാക്കി തിയറ്രർ പരിസരത്ത് ശേഖരിച്ചിരിക്കുന്നത്. നേരത്തെ മാലിന്യം കൊണ്ടു പോയിരുന്ന കോഴിക്കോട്ടെ സ്വകാര്യ ഏജൻസിയുടെ കരാർ കാലാവധി തീർന്നതാണ് മാലിന്യം കുന്നുകൂടാൻ കാരണം. പുതിയ കരാർ ഏജൻസി കഴിഞ്ഞയാഴ്ച മുതൽ മാലിന്യം നീക്കി തുടങ്ങിയെങ്കിലും ഇഴയുകയാണ്,
അനാസ്ഥ
ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും ഉൾപ്പെടെ പകർച്ചവ്യാധികൾ പടർന്നു പിടിച്ചിട്ടും പഞ്ചായത്ത് ഇതൊന്നും അറിഞ്ഞ മട്ടില്ല.ഇവിടെ നിന്ന് ആശുപത്രിയിലേക്ക് ഏതാനും മീറ്ററുകൾ മാത്രമാണുള്ളത്. മഴപെയ്താൽ മാലിന്യത്തിൽ വെള്ളമിറങ്ങി പകർച്ചവ്യാധി ഭീഷണി ഉയർത്തുന്ന സാഹചര്യമാണ്. പ്ലാസ്റ്റിക്ക് മാലിന്യച്ചാക്കുകൾ കൊത്തി മാലിന്യം പുറത്തെടുക്കുന്ന കാക്കകളും മറ്റുപക്ഷികളും അടുത്തുള്ള കിണറുകളിൽ കൊണ്ടിടുന്നത് വെള്ളം മലിനമാകാൻ കാരണമാകുന്നതായി പ്രദേശവാസികൾ പറയുന്നു.
''റോഡരികിലെ മാലിന്യച്ചാക്കുകളിൽ നിന്നുള്ള ദുർഗന്ധം ഭീതി പരത്തുകയാണ്. മഴയത്ത്ചാക്കുകെട്ടുകളിൽ വെള്ളം നിറഞ്ഞ് പകർച്ചവ്യാധികൾ പടർന്ന് പിടിക്കുന്ന സാഹചര്യമാണ്. മാലിന്യം സമയബന്ധിതമായി നീക്കംചെയ്യണം''- ഗിരീഷ് , കക്കോടി നിവാസി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |