കോഴിക്കോട്: ജില്ലയെ പച്ചപുതപ്പിക്കാൻ 11,956 കുടുബശ്രീകളൊരുങ്ങി. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി അയൽക്കൂട്ടങ്ങളെ ഹരിതവത്ക്കരിക്കുന്നതിന്റെ പ്രവർത്തനങ്ങൾ ധ്രുതഗതിയിലാണ്. പ്രത്യേകം തയാറാക്കിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ എ.ഡി.എസിന്റെ നേതൃത്വത്തിൽ നടത്തിയ ആദ്യ ഘട്ട ഗ്രേഡിംഗിൽ 11,956 കുടുംബശ്രീകൾ ഹരിത അയൽക്കൂട്ടങ്ങളായി. 79 ശതമാനം അയൽക്കൂട്ടങ്ങളിൽ നടത്തിയ ഗ്രേഡിങ്ങിലാണ് ഇവരെ തിരഞ്ഞെടുത്തത്. സംസ്ഥാന കുടുംബശ്രീ മിഷൻ തയ്യാറാക്കുന്ന ഏകീകൃത രീതിയിലെ ഫോമുകളിലാണ് വിവരങ്ങൾ ശേഖരിക്കുന്നത്. ഇത് സി.ഡി.എസ് തലത്തിൽ ലഭ്യമാക്കും. ഒമ്പത് മാനദണ്ഡങ്ങളിൽ പരമാവധി 100 മാർക്ക് നേടണം. 60 മാർക്കിൽ കൂടുതൽ നേടുന്നവരെ ഹരിത അയൽക്കൂട്ടമായി പ്രഖ്യാപിക്കും. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സാക്ഷ്യപത്രം നൽകും. ആദ്യഘട്ട സർവേയിൽ 60 - ൽ താഴെ മാർക്ക് നേടുന്നവരെ പ്രത്യേകമായി പരിഗണിച്ച് മെച്ചപ്പെടുത്താൻ പ്രവർത്തനങ്ങളും നടത്തും. വീണ്ടും സർവേയും ഗ്രേഡിംഗും നടത്തും. ഡിസംബർ 30 ന് മുമ്പ് മുഴുവൻ അയൽക്കൂട്ടങ്ങളുടെയും സർവേ പൂർത്തിയാക്കാനാണ് ലക്ഷ്യം. കുടുംബശ്രീ ജില്ലാ മിഷൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രൂപീകരിച്ച കോർ കമ്മിറ്റിക്കാണ് നടത്തിപ്പ് ചുമതല.
മാനദണ്ഡങ്ങൾ ഇവ
1.അംഗങ്ങളുടെ വീടുകളിലെ മാലിന്യസംസ്‌കരണ രീതി
2.അയൽക്കൂട്ടത്തിന്റെ പ്രവർത്തനങ്ങളിലെ ഹരിതചട്ടം പാലിക്കൽ
3.പ്രദേശത്തെ വീടുകളിൽ മാലിന്യസംസ്‌കരണ സംവിധാനം ഉറപ്പാക്കാൻ നടത്തിയ ഇടപെടൽ, 4.പൊതുസ്ഥലങ്ങളിലെ മാലിന്യം തള്ളുന്നത് തടയാൻ ഏറ്റെടുത്ത പ്രവർത്തനങ്ങൾ,
5.നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗം തടയാനുള്ള പ്രവർത്തനങ്ങൾ,
6.വൃത്തിയുള്ള പാതയോരങ്ങൾക്കായുള്ള പ്രവർത്തനങ്ങൾ,
7.പരിസരശുചീകരണ പ്രവർത്തനങ്ങൾ
ജില്ലയിലെ കുടുംബശ്രീ - 27,699
ഹരിത കുടുംബശ്രീ - 11,956
'' ജില്ലയിലെ മുഴുവൻ കുടുംബശ്രീകളും ഹരിത കുടുംബശ്രീയാകാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്.
എല്ലാ ആഴ്ചയിലും യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തുന്നു. "
പി.സി കവിത, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |