SignIn
Kerala Kaumudi Online
Friday, 23 October 2026 1.25 PM IST

പെെപ്പിടൽ പൂർത്തിയായി കുടിവെള്ളം ഇന്നെത്തും

pipe
കുടിവെള്ളം

പെരുവണ്ണാമൂഴിയിൽ നിന്ന് പ്രതിദിനം നഗരത്തിലെത്തുന്നത് 190 മില്യൺ ലിറ്റർ വെള്ളം

കോഴിക്കോട്: നാല് ദിവസം കുടിവെള്ളത്തിനായി ഓടി നടന്ന കോഴിക്കോട്ടുകാർക്ക് ആശ്വാസം. വേങ്ങേരി ഓവർപാസ് നിർമാണത്തിന്റെ ഭാഗമായി കുടിവെള്ള പൈപ്പ് മാറ്റൽ പൂർത്തിയായതിനാൽ ഇന്ന് ഉച്ചയോടെ വെള്ളമെത്തും. ഇന്നലെ രാത്രി 8 മണിയോടെ പെരുവണ്ണാമൂഴിയിൽ നിന്നുള്ള പമ്പിംഗ് ആരംഭിച്ചു. പെെപ്പുകൾ മാറ്റിയ ഇടങ്ങളിൽ ജല മർദ്ദ പരിശോധന നടന്നു. ജല സംഭരണികളിൽ വെള്ളമെത്താൻ പമ്പിംഗ് തുടങ്ങി 12 മണിക്കൂർ വേണ്ടി വരുന്നതിനാൽ ശുദ്ധജലം ഉച്ചയോടെ എത്തുമെന്ന് ജല അതോറിറ്റി അധികൃതർ അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന പ്രദേശങ്ങളിലും വെള്ളമെത്താൻ വെെകുമെന്നതിനാൽ വെെകിട്ടോടെ മാത്രമെ പൂർണതോതിൽ ജലവിതരണം നടക്കുകയുള്ളൂ. അതുവരെ കോർപ്പറേഷനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ആവശ്യത്തിനുള്ള വെള്ളമെത്തിക്കും.

ദേശീയ പാത 66ന്റെ വികസനത്തിന്റെ ഭാഗമായി വേങ്ങേരി ജംഗ്ഷൻ, ഫ്ളോറിക്കൽ ഹിൽ റോഡ്, വേദവ്യാസ അടിപ്പാതയ്ക്ക് സമീപം എന്നിവിടങ്ങളിലാണ് ജെയ്ക്കയുടെ പെെപ്പ് ലെെൻ കൂട്ടി യോജിപ്പിച്ചത്. വേങ്ങേരി ഓവർപാസിന് സമീപത്തെ പെരുവണ്ണാമൂഴിയിൽ നിന്നു നഗരത്തിലേക്കുള്ള പൈപ്പ് ബെൻഡ് കൂട്ടിയോജിപ്പിച്ച് കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചു. ഇവിടുത്തെ പൈപ്പ്‌ലൈൻ മാറ്റാൻ കഴിയാത്തതായിരുന്നു ഭാഗികമായി പൂർത്തിയാക്കിയ മേൽപ്പാതയുടെ നിർമാണത്തിന് തടസമായത്. ഇതു റോഡരികിലേക്കു മാറ്റി സ്ഥാപിക്കാൻ ദേശീയപാത അതോറിറ്റി (എൻ.എച്ച്.എ.ഐ) 5 കോടിയുടെ പുതിയ എസ്റ്റിമേറ്റ് ഉണ്ടാക്കി. തുടർന്നാണ് ജലവിതരണം നിർത്തിവെച്ച് പൈപ്പ് മാറ്റൽ ആരംഭിച്ചത്.വേങ്ങേരി ഓവർപാസ് ജംക്‌ഷൻ മുതൽ വേദവ്യാസ അടിപ്പാത വരെയുള്ള 1,200 മീറ്ററിലാണ് പൈപ്പ് മാറ്റിയത്. ഒരേസമയം നാലിടത്ത് നടക്കുന്ന കൂട്ടിയോജിപ്പിക്കൽ പ്രവൃത്തിയ്ക്ക് 12 എൻജിനീയർമാർ നേതൃത്വം നൽകി.

വെള്ളത്തിനായി നെട്ടോട്ടം

വെളള്ളമില്ലാതായതോടെ നഗരത്തിലും തീരദേശ വീടുകളിലും ഹോട്ടലുകളിലും ഓഫീസുകളിലുമെല്ലാം വൻ പ്രതിസന്ധിയായിരുന്നു. പല ഹോട്ടലുകളും കൂൾബാറുകളും അടച്ചുപൂട്ടി. ശുദ്ധജലം എത്താത്ത പ്രദേശങ്ങളിൽ കോർപ്പറേഷനും തദ്ദേശ സ്ഥാപനങ്ങളും രാവും പകലുമായി വെള്ളമെത്തിച്ചിരുന്നെങ്കിലും ആവശ്യാനുസരണം വെള്ളം ശേഖരിക്കാൻ കഴിയാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കി.

വാട്ടർ അതോറിറ്റിയുടെ മലാപ്പറമ്പ് സംഭരണിയിൽ വെള്ളം കുറഞ്ഞതിനാൽ കല്ലായി നീലിച്ചിറയിൽ നിന്ന് ശുദ്ധജലം ശേഖരിച്ചാണ് കോർപ്പ റേഷൻ വാർഡുകളിൽ എത്തിച്ചത്. കളക്ടറേറ്റിൽ ടാങ്കർ ലോറികളിലാണ് വെള്ളമെത്തിച്ചത്. വാട്ടർ അതോറിറ്റിയുടെ ശുദ്ധജലത്തെ മാത്രം ആശ്രയിക്കുന്നവരാണ് കൂടുതൽ ബുദ്ധിമുട്ടിയത്. റേഷനായി കിട്ടുന്ന വെള്ളം അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമായി ഉപയോഗിക്കുകയായിരുന്നു. കോർപ്പറേഷൻ പരിധിയ്ക്ക് പുറത്ത് പഞ്ചായത്തുകളിലും ഫറോക്ക് മുനിസിപ്പാലിറ്റിയിലും കിണറുകളും പ്രാദേശിക ശുദ്ധജല പദ്ധതികളും ഉള്ളതിനാൽ കുടിവെള്ള പ്രശ്നം വലിയ തോതിൽ ബാധിച്ചിട്ടില്ല. ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുടിവെള്ള വിതരണം മുടങ്ങാതിരിക്കാൻ പ്രത്യേക കരുതൽ സ്വീകരിച്ചു. മാവൂർ കൂളിമാടിൽ നിന്ന്‌ മെഡിക്കൽ കോളേജിലേക്ക് പമ്പിംഗ് ഉള്ളതിനാൽ വെള്ളത്തിന് പ്രതിസന്ധിയുണ്ടായില്ല.

കുടിവെള്ളം മുടങ്ങിയത്

കോർപ്പറേഷൻ, ഫറോക്ക് മുനിസിപ്പാലിറ്റി, 13 പഞ്ചായത്തുകൾ.

പൈപ്പ് മാറ്റിയത്

1,200 മീറ്റർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL