കോഴിക്കോട്: സൂപ്പർലീഗ് കേരളയുടെ ഫൈനൽ വെടിക്കെട്ട് പൂരം ഇന്ന് രാത്രി എട്ടിന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ അരങ്ങേറുമ്പോൾ പ്രവചനാതീതമെന്ന് കാൽപന്ത് പ്രേമികൾ. ഏഴരകിലോ വെള്ളിയിൽ തീർത്ത കപ്പ് കാലിക്കറ്റ് എഫ്.സിയാണോ ഫോഴ്‌സ കൊച്ചിയാണോ എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. കോർപറേഷൻ ഇ.എം.എസ് സ്‌റ്റേഡിയത്തിൽ കാൽലക്ഷം കാണികളെത്തുമെന്നാണ് സംഘാടകരുടെ കണക്കുക്കൂട്ടൽ. സൂപ്പർലീഗിൽ 32 മത്സരങ്ങൾക്ക് ശേഷം ഗ്രാൻഡ് ഫിനാലെയ്ക്ക് കളമൊരുങ്ങി കഴിഞ്ഞു. കളിയുടെ വ്യത്യസ്‌ത മേഖലകളിൽ മികവ് പുലർത്തിയ ഇരുടീമുകളും തമ്മിലുള്ള തന്ത്രപരമായ പോരാട്ടത്തിനായിയിരിക്കും ഇന്ന് സ്‌റ്റേഡിയം സാക്ഷ്യം വഹിക്കുക. ഇത്തവണത്തെ സൂപ്പർ ലീഗ് കാണാൻ ഇതുവരെ ഗ്യാലറിയിലെത്തിയത് 4,40,000 കാണികളാണ്.
സൂപ്പർ ലീഗിൽ ഇതുവരെ ഇരുടീമുകളും രണ്ടുതവണ ഏറ്റുമുട്ടിയപ്പോൾ ഒരു കളി സമനിലയിൽ കലാശിക്കുകയും രണ്ടാം കളിയിൽ ജയം കാലിക്കറ്റിനൊപ്പവുമായിരുന്നു. സ്വന്തം തട്ടകത്തിൽ കീരിടമുയർത്തുകയെന്നത് കാലിക്കറ്റിന്റെ സ്വപ്‌നസാഫല്യമാണ്. നാലു ഗോൾ വീതം നേടിയ കെർവിൻസ് ബെൽഫോർട്ടും കോഴിക്കോട്ടുകാരൻ ഗനി അഹമ്മദ് നിഗമുമാണ് കാലിക്കറ്റിന്റെ തുറുപ്പ് ചീട്ടുകൾ. ഫോഴ്‌സ കൊച്ചിയുടെ ഹീറോ ദോറിയൽട്ടൻ ആണ്. ഏഴ് ഗോളുകളുമായി ടൂർണമെന്റിലെ ടോപ് സ്‌കോററാണ് ദോറിയൽട്ടൻ.
ഫോഴ്‌സ കൊച്ചിയുടെ സഹഉടമയും സിനിമാതാരവുമായ പൃഥ്വിരാജും കാലിക്കറ്റ് എഫ്.സിയുടെ ബ്രാൻഡ് അംബാസഡറും നടനുമായ ബേസിൽ ജോസഫും അവരവരുടെ ടീമുകളെ പിന്തുണയ്ക്കാൻ ഗ്രൗണ്ടിലെത്തും. നിരവധി ഇന്ത്യൻ സൂപ്പർ ലീഗ് , ഐ - ലീഗ് താരങ്ങളും വെറ്ററൻ താരങ്ങളും സന്നിഹിതരാകും. വിജയികൾ മന്ത്രി വി. അബ്ദുറഹ്മാൻ ട്രോഫി സമ്മാനിക്കും.
മരിയോ ലെമോസ്
ഫോഴ്‌സ കൊച്ചി പരിശീലകൻ
“ഞങ്ങളുടെ പ്രതിരോധവും ആക്രമണവും പരിഷ്കരിക്കാൻ ടീം കഠിനമായി പരിശ്രമിച്ചു. കാലിക്കറ്റിന്റെ ആക്രമണത്തെ നിർവീര്യമാക്കാനാവും ഞങ്ങളുടെ ശ്രമം. ഫൈനൽ തന്ത്രപരമായ ഒരു പോരാട്ടമായിരിക്കും. ഞങ്ങളുടെ ഗെയിം പ്ലാനിലും കളിക്കാരുടെ കഴിവിലും പൂർണ വിശ്വാസമുണ്ട്. പ്രതിരോധത്തിനും ആക്രമണത്തിനുമായിരിക്കും ഊന്നൽ.
ഇയാൻ ആൻഡ്രൂ ഗിലൻ
കാലിക്കറ്റ് എഫ്.സി പരിശീലകൻ
ഫോഴ്‌സ കൊച്ചിയെ വിലകുറച്ച് കാണില്ല. അവർ ഉയർത്തുന്ന വെല്ലുവിളികൾ നേരിടുന്നതിനും തകർക്കുന്നതിന് ഞങ്ങൾക്കു കഴിയുമെന്നുള്ള ശുഭാപ്‌തി വിശ്വാസമുണ്ട്. ആദ്യ വിസിൽ മുതൽ അത് പ്രവർത്തനക്ഷമമാക്കാൻ ഞങ്ങൾ നോക്കും.
സൂപ്പർ ലീഗ് കേരള ഫൈനൽ താരങ്ങൾക്ക് ആദരവും
കോഴിക്കോട് - സൂപ്പർ ലീഗ് കേരളയുടെ ആവേശോജ്വലമായ ഫൈനൽ മത്സരങ്ങൾ ഇന്ന് അരങ്ങേറുമ്പോൾ
കേരള ഫുട്‌ബോളിന്റെ യശസ് വാനോളമുയർത്തിയ ഇതിഹാസതാരങ്ങൾക്ക് ആദരവ്. സൂപ്പർ ലീഗ് കേരള ഫുട്‌ബോൾ ഫൈനലിനോടനുബന്ധിച്ച് കേരളത്തിൽനിന്നുള്ള ഇന്ത്യൻ മുൻ താരങ്ങളെയും നിലവിൽ ഐ .എസ്.എൽ, ഐ ലീഗ് കളിക്കുന്ന താരങ്ങളെയും ആദരിക്കും. ഐ.എം വിജയൻ, യു ഷറഫലി, പി.ബി തോബിയാസ്, ആസിഫ് സഹീർ, എൻ.പി പ്രദീപ് തുടങ്ങിയ മുപ്പത്തിലധികം മുൻ ഇതിഹാസതാരങ്ങളെയാണ് ആദരിക്കുന്നത്. ഐ.എസ്.എല്ലിൽ കളിച്ചുകൊണ്ടിരിക്കുന്ന ഭൂരിഭാഗം പേരും ഇന്ന് കോഴിക്കോടെത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |