
കോഴിക്കോട്: സ്ത്രീ ശാക്തീകരണത്തിന്റെ മാതൃകയായി കുടുംബശ്രീയുടെയും കോർപ്പറേഷന്റെയും സഹകരണത്തോടെ ആരംഭിച്ച മഹിളാ മാൾ നൂറുകണക്കിന് സ്ത്രീകളെ കടുത്ത സാമ്പത്തികബാദ്ധ്യതയിലേക്കാണ് തള്ളിവിട്ടത്.
രാജ്യത്തെ ആദ്യ വനിതാ മാൾ എന്ന പ്രഖ്യാപനവുമായി 2018 നവംബറിൽ കോഴിക്കോട് ആരംഭിച്ച മാൾ അടച്ചു പൂട്ടിയിട്ട് നാലു വർഷമായി. മാവൂർ റോഡിൽ ഫാത്തിമ ഹോസ്പിറ്റലിന് എതിർവശത്തായി അഞ്ച് നിലകെട്ടിടത്തിൽ 79 മുറികളാണ് ഇവിടെ സജ്ജീകരിച്ചിരുന്നത്. മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്ത മാളിൽ ആവേശത്തിന്റെ അലയൊലികൾ പിന്നീടുണ്ടായില്ല. പൂർണമായും വനിതകൾ നടത്തുന്ന സ്ഥാപനം എന്ന കൗതുകം അവസാനിച്ചതോടെ കച്ചവടം തീരെ കുറഞ്ഞു. നൂറോളം വനിതകളാണ് ആദ്യഘട്ടത്തിൽ ഇവിടെ വിവിധ സംരംഭങ്ങൾ ആരംഭിച്ചിരുന്നത്. കൊവിഡിനു മുൻപ് തന്നെ ഇവിടെ കച്ചവടം നടക്കുന്നില്ലെന്ന് കടയുടമകൾ പരാതിപ്പെട്ടിരുന്നു. കൊവിഡ് കാലത്ത് സ്ഥാപനം അടച്ചുപൂട്ടി. ലോക്ഡൗൺ ഇളവുകൾ വന്നശേഷം മാൾ തുറക്കാൻ കുടുംബശ്രീ തയ്യാറായില്ല. പിന്നീട് ഒരിക്കൽ കോർപ്പറേഷൻ ഇടപെട്ട് മാൾ തുറന്നെങ്കിലും അധികനാൾ നീണ്ടുപോയില്ല.
വീണത് ബാദ്ധ്യതയുടെ പടുകുഴിയിലേക്ക്
കോഴിക്കോട് കോർപ്പറേഷൻ സി.ഡി.എസിന് കീഴിലെ വിവിധ കുടുംബശ്രീകളിലെ അംഗങ്ങളായ 10 പേരാണ് യൂണിറ്റി എന്ന കൂട്ടായ്മ രൂപീകരിച്ച് കെട്ടിടം ലീസിനെടുത്ത് മാൾ നടത്തിയിരുന്നത്. 40 ലക്ഷം രൂപ മുൻകൂറായും 80 ലക്ഷം രൂപ കെട്ടിടത്തിലെ ഇന്റ്റീരിയർ വർക്കിനായും 13 ലക്ഷത്തിലധികം രൂപ വാടകയിനത്തിലും നൽകിയിരുന്നു. ഇത് മുഴുവനായും ഇവർ വിവിധ ബാങ്കുകളിൽ നിന്നും വായ്പയായി എടുത്തിരുന്നതായിരുന്നു. വാടകകരാർ ലംഘിച്ചെന്ന പേരിൽ കെട്ടിടമുടമയും ഇവർക്കെതിരെ കേസ് കൊടുത്തിരുന്നു. പലയിടത്തുനിന്നും കടം വാങ്ങിയാണ് പലരും ഇവിടെ സംരംഭങ്ങളും ആരംഭിച്ചിരുന്നത്. മാൾ പൂട്ടിയതോടെ ഇവരും കടക്കെണിയിലാണ്.
'ഒരു സംരംഭം നല്ല രീതിയിൽ നടത്തുക എന്ന ഉദ്ദേശത്തിലാണ് ഇതിന് ഇറങ്ങിത്തിരിച്ചത്. എന്നാൽ കടുത്ത സാമ്പത്തിക ബാദ്ധ്യതയിലേക്കാണ് ഞങ്ങളെ തള്ളിവിട്ടത്. ഈ വായ്പകൾ തീർക്കാൻ ഇപ്പോഴും ബുദ്ധിമുട്ടുന്നുണ്ട്. മാൾ തുടങ്ങാനായി പ്രോത്സാഹിപ്പിച്ചവരാരും ഇപ്പോൾ സഹായിക്കാനില്ല '
- വിജയ (യൂണിറ്റി അംഗം)
' മാളിൽ വിവിധ സംരംഭങ്ങൾ നടത്തിയിരുന്ന സ്ത്രീകളെ വീണ്ടും സംരംഭകത്വത്തിലേക്ക് കൊണ്ടുവരാനുള്ള സാദ്ധ്യതകളാണ് കുടുംബശ്രീ പരിശോധിക്കുന്നത്. കുടുംബശ്രീയുടെ തന്നെ വേറെ സംരംഭകത്വ പദ്ധതികളിൽ ഇവരെ ഉൾപ്പെടുത്തും.
- കവിത. കെ (കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |