കോഴിക്കോട്: ചേവായൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് പൊലീസ് സഹായത്തോടെ അട്ടിമറിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കമ്മിഷണർ ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ശേഷം സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചത് സംഘർഷത്തിനിടയാക്കി. പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും കെെയാങ്കളുമായതോടെ നേതാക്കൾ ഇടപെട്ട് ശാന്തമാക്കി. അതിനിടെ മാർച്ചിനുനേരെ സി.പി.എം പ്രവർത്തകർ കല്ലെറിഞ്ഞുവെന്ന് ആരോപിച്ച് ടി.സിദ്ദിഖ് എം.എൽ.എയുടെ നേതൃത്വത്തിൽ പൊലീസുമായി വാക്കേറ്റമുണ്ടായി. കല്ലെറിഞ്ഞ സി.പി.എം പ്രവർത്തകരെ പൊലീസ് സംരക്ഷിക്കുകയാണെന്ന് ആരോപിച്ച നേതാക്കൾ അറസ്റ്റ് ചെയ്യാതെ പിന്തിരിയില്ലെന്ന് നിലപാടെടുത്തു. പിന്നീട് ഇവരിൽ ഒരാളെ പിടികൂടിയെങ്കിലും വിട്ടയച്ചു. കമ്മിഷണർ ഓഫീസ് മാർച്ചിൽ സ്ത്രീകളും പുരുഷൻമാരുമടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു.
അക്രമസാദ്ധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹമാണ് മാനാഞ്ചിറയ്ക്ക് ചുറ്റിലും കമ്മിഷണർ ഓഫിസ് പരിസരത്തുമായി നിലയുറപ്പിച്ചത്. രാവിലെ 10 ഓടെ ബി.ഇ.എം സ്‌കൂളിന് മുന്നിലൂടെയുള്ള ഗതാഗതം പൂർണമായും തിരിച്ചുവിട്ടു. പ്രതിഷേധർക്കാർ കടക്കാതിരിക്കാൻ ബി.ഇ.എം ബസ്‌റ്റോപ്പിന് മുന്നിൽ റോഡിന് കുറുകെ ബാരിക്കേഡ് സ്ഥാപിച്ചു. റോഡും ഫുട്പാത്തുമെല്ലാം പൂർണമായും ബാരിക്കേഡുകൊണ്ട് അടച്ചതോടെ മുതലക്കുളം ഭാഗത്തേക്കുള്ള കാൽനടയാത്രക്കാരും തെക്ക് ഭാഗത്ത് നിന്ന് എസ്.ബി.ഐയ്ക്ക് മുന്നിലേക്ക് വരുന്നവരും കുടുങ്ങി. മാനാഞ്ചിറ വഴിയുള്ള ഗതാഗതം തിരിച്ചുവിടുകയും കാൽനടയാത്രക്കാരെ പോലും കടക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്തതോടെ മൂന്നുമണിക്കൂറോളം നഗരം ഭാഗികമായി സ്തംഭിച്ചു.
രാവിലെ 10.15 ഓടെയാണ് മാവൂർറോഡ് പുതിയ ബസ്റ്റാൻഡിന് സമീപത്ത് നിന്ന് മാർച്ച് ആരംഭിച്ചത്. 11ന് ബി.ഇ.എം സ്‌കൂളിന് മുന്നിൽ പൊലീസ് തടഞ്ഞതോടെ ബാരിക്കേഡ് മറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചു. പൊലീസിന് നേരെ വെള്ളക്കുപ്പിയും കൊടികെട്ടിയ പൈപ്പും വലിച്ചെറിഞ്ഞു. കുന്ദമംഗലം ഇൻസ്പക്ടർ എസ്.കിരണിന്റെ കൈയ്ക്ക് പരിക്കേറ്റു. പ്രതിഷേധസമരത്തിന് നേതൃത്വം നൽകിയ ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകുമാർ, കെ.സി അബു, ദിനേശ് പെരുമണ്ണ എന്നിവരുൾപ്പെടെ 32 ഓളം പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.ഗതാഗതം തടസപ്പെടുത്തിയതിന് കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരേ കസബ പൊലീസ് കേസെടുത്തു.
കല്ലെറിഞ്ഞ പ്രതിക്കെതിരെ കേസെടുക്കണം: കെ പ്രവീൺകുമാർ
കോഴിക്കോട്: കോൺഗ്രസ് മാർച്ചിനുനേരെ കല്ലെറിഞ്ഞ പ്രതി രാജനെതിരെ കലാപകുറ്റത്തിന് കേസെടുക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ. മാർച്ചിനുനേരെ സി.പി.എമ്മിന്റെ നേതൃത്വത്തിൽ ആസൂത്രിതമായ നീക്കമാണ് നടന്നത്. കല്ലേറ് നടത്തിയവരെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചത്. കസ്റ്റഡിയിലെടുത്ത പ്രതിയെ സി.പി.എം സംഘടന നേതാക്കൾ എത്തിയതോടെ പൊലീസ് വിട്ടയച്ചു. കലാപത്തിന് ശ്രമിച്ച പ്രതിയെ വിട്ടയച്ചത് അംഗീകരിക്കാനാവില്ലെന്നും പ്രവീൺകുമാർ ആവശ്യപ്പെട്ടു. മൂന്നാം ഘട്ട സമരമായി 17ന് സഹകരണ ജോയിൻ രജിസ്ട്രാർ ഓഫീസിന് മുന്നിൽ ചേവായൂരിലെ 11 കോൺഗ്രസ് സ്ഥാനാർഥികളെയും സഹകാരികളെയും പങ്കെടുപ്പിച്ച് പ്രതിഷേധ കൂട്ടായ്മ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |