
കോഴിക്കോട്: നഗരപരിധിയിൽ അപകടങ്ങളുണ്ടായാൽ ഓടിയെത്തേണ്ട ബീച്ചിലെ ഫയർ സ്റ്റേഷന് കെട്ടിടമില്ലാതെ ദുരിതത്തിലായിട്ട് വർഷം ഒന്നു കഴിഞ്ഞു. പൊളിഞ്ഞുവീഴാറായ ഫയർ സ്റ്റേഷൻ കെട്ടിടത്തിൽ ജീവനക്കാർക്ക് ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യമുണ്ടായതിനെ തുടർന്ന് 2023 സെപ്റ്റംബറിലാണ് നിലവിലുള്ള കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം പണിയാൻ തീരുമാനിച്ചത്. പഴയ കെട്ടിടം പൂർണമായി പൊളിച്ചു നീക്കിയെങ്കിലും ഇതുവരെ പുതിയ കെട്ടിടത്തിന്റെ പണി ആരംഭിച്ചിട്ടില്ല. 17 കോടി രൂപ ഉപയോഗിച്ച് നിർമാണ പ്രവർത്തനങ്ങൾ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. പദ്ധതിയ്ക്ക് ഫണ്ട് പാസായിട്ടും സ്ഥലമില്ലാത്തതാണ് ഇപ്പോൾ വിലങ്ങുതടിയാവുന്നത്. അധുനിക സംവിധാനങ്ങളുള്ള കെട്ടിടം പണിയാൻ നിലവിലെ സ്ഥലം പരിമിതമാണ്. നഗരപരിധിയിൽ വേറെ സ്ഥലം കണ്ടെത്താൻ കോർപ്പറേഷനുമായി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇതുവരെ തീരുമാനമായില്ല. കെട്ടിട നിർമ്മാണം വൈകുന്നതിനെതിരെ നഗരവാസികളിൽ നിന്നും വ്യാപാരികളിൽ നിന്നും പ്രതിഷേധമുയരുന്നുണ്ട്. ഇത് കൂടെ കണക്കിലെടുത്ത് സ്റ്റേഷന്റെ പണി പെട്ടെന്ന് തന്നെ പൂർത്തിയാക്കാനാണ് ഫയർ ഫോഴ്‌സ് ഡിപ്പാർട്ട്‌മെന്റും ശ്രമിക്കുന്നത്.
നിലവിലുള്ളത് താത്കാലിക സംവിധാനം
ഫയർ സ്റ്റേഷന്റെ സമീപത്തെ ക്വാട്ടേർസ് കെട്ടിടത്തിൽ ഒരു താത്കാലിക യൂണിറ്റാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. 20 ൽ താഴെ ഉദ്യോഗസ്ഥരും രണ്ട് എമർജൻസി വാഹനങ്ങളുമാണ് ഇപ്പോൾ ഈ യൂണിറ്റിലുള്ളത്. ബാക്കി ഉദ്യോഗസ്ഥരെയും വാഹനങ്ങളും മീഞ്ചന്ത, മുക്കം, കൊയിലാണ്ടി എന്നീ സ്‌റ്റേഷനുകളിലേക്ക് പുനർവിന്യസിച്ചിരിക്കുകയാണ്. ഇതോടെ നഗരത്തിൽ അപകടമുണ്ടായാൽ രക്ഷാപ്രവർത്തനത്തിന് കാലതാമസം നേരിടുകയാണ്.
പരിമിതിക്കുള്ളിലും മികച്ച പ്രവർത്തനം
ഇത്രയേറെ പരിമിതികൾക്കുള്ളിലും 400 ഫയർകോളുകളാണ് ഈ വർഷം ( ജനുവരി - നവംബർ) ബീച്ചിലെ ഫയർ സ്റ്റേഷൻ അറ്റൻഡ് ചെയ്തത്. തിരക്കേറിയ നഗരപ്രദേശമായതിനാൽ അപകടങ്ങൾക്കുള്ള സാദ്ധ്യതയും കൂടുതലാണ്. അതിനാൽ
അടിയന്തിര ഘട്ടങ്ങളിൽ മീഞ്ചന്തയിലെയും മുക്കത്തെയും യൂണിറ്റുകളുടെ സഹായവും തേടേണ്ടി വരാറുണ്ടെന്നാണ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർ പറയുന്നത്.
പദ്ധതിയ്ക്ക് 17 കോടി രൂപ ഫണ്ട് പാസായിട്ടുണ്ട്. കോർപ്പറേഷൻ പരിധിയിൽ വേറെ സ്ഥലം കണ്ടെത്താൻ ശ്രമം നടക്കുന്നുണ്ട്. അല്ലാത്ത പക്ഷം പഴയ കെട്ടിടമിരുന്ന സ്ഥലത്തുതന്നെ ഫയർ സ്‌റ്റേഷന്റെ പണി ആരംഭിക്കും.
അഹമ്മദ് ദേവർകോവിൽ എം.എൽ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |