@ 27ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ബേപ്പൂർ: മലബാറിലെ ടൂറിസത്തിന് ആവേശം പകരാൻ ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിന് (സീസൺ -4) 27ന് തുടക്കം. 27, 28, 29 തിയതികളിലായി നടക്കുന്ന ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് 27ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എം.കെ. രാഘവൻ എം.പി, മേയർ ഡോ.ബീന ഫിലിപ്പ് എന്നിവർ വിശിഷ്ടാതിഥികളാകും. സിനിമ സംവിധായകനും നടനുമായ ബേസിൽ ജോസഫ് മുഖ്യാതിഥിയാവും. വേദിയിൽ ഉയർത്താനുള്ള പതാക കോഴിക്കോട് ബീച്ചിൽ നിന്ന് സൈക്ലിംഗിലൂടെ ബേപ്പൂർ ബീച്ചിലെത്തിക്കും. നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ നയിക്കുന്ന ലൈവ് മ്യൂസിക് ഷോ ഉദ്ഘാടന ദിനം അരങ്ങേറും. 29ന് സമാപന സമ്മേളനം ഫിഷറീസ് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ടൂറിസം- പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്, മേയർ ഡോ. ബീന ഫിലിപ്പ്, ജില്ല കളക്ടർ സ്‌നേഹിൽ കുമാർ സിംഗ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ശൈലജ, കെ.ടി.ഐ.എൽ ചെയർമാൻ എസ്.കെ.സജീഷ്, ടൂറിസം വകുപ്പ് മേഖല ജോ.ഡയറക്ടർ ഡി.ഗിരീഷ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ സത്യജിത്ത് ശങ്കർ, ഫറോക്ക് എ.സി.പി എ .എം സിദ്ദീഖ്, ഡി.ടി.പി.സി സെക്രട്ടറി ഡോ. ടി നിഖിൽ ദാസ്, മീഡിയ കമ്മിറ്റി ചെയർമാൻ സനോജ് കുമാർ ബേപ്പൂർ തുടങ്ങിയവർ പങ്കെടുത്തു.
ഭക്ഷ്യമേള 25മുതൽ
ഫെസ്റ്റിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായ ഭക്ഷ്യമേള 25 മുതൽ 31 വരെ നടക്കും. നിയമസഭ സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും. ബേപ്പൂർ ബീച്ച്, ചാലിയം ബീച്ച്, നല്ലൂർ മിനി സ്റ്റേഡിയം എന്നീ വേദികളിൽ മൂന്ന് ദിവസങ്ങളിലായി സാംസ്‌കാരിക പരിപാടികൾ അരങ്ങേറും. 28, 29 തിയതികളിൽ ഡ്രോൺ ലൈറ്റ് ഷോ ആകാശ വിസ്മയം തീർക്കും.വാട്ടർ ഫെസ്റ്റിന്റെ ഭാഗമായി സർഫിംഗ്, സെയിലിംഗ്, കനോയിംഗ്, ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റ്, പാരാമോട്ടോറിംഗ്, ഫ്‌ളൈ ബോർഡ്, കയാക്കിംഗ്, സ്റ്റാന്റ് അപ്പ് പാഡ്ഡിംഗ് റേസ് ഡിങ്കി ബോട്ട് റേസ്, വലവീശൽ, ഫ്‌ളൈ ബോർഡ് ഡെമോൺസ്‌ട്രേഷൻ, ട്രഷർ ഹണ്ട്, കൺട്രി ബോട്ട് റേസ്, ചൂണ്ടയിടൽ, നേവി കോസ്റ്റ്ഗാർഡ് ഷിപ്പ് വിസിറ്റ്, നേവി ബാൻഡ്, നേവി സെർച്ച് ആൻഡ് റെസ്‌ക്യൂ ഡെമോൺസ്‌ട്രേഷൻ തുടങ്ങി നിരവധി ജല സാഹസിക പരിപാടികൾ സംഘടിപ്പിക്കും.
മലബാറിലേക്ക് കൂടുതൽ സഞ്ചാരികളെ
ആകർഷിക്കാൻ കഴിഞ്ഞു: മന്ത്രി റിയാസ്
ബേപ്പൂർ: ബേപ്പൂർ ഫെസ്റ്റിലൂടെ മലബാറിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനായതായി ടൂറിസം- പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. സാഹസിക ജല കായിക മത്സരങ്ങളുടെ ഭൂപടത്തിൽ കേരളത്തിന് ഇടം നേടിക്കൊടുക്കാനും ഫെസ്റ്റിനായതായി ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിൽ മന്ത്രി പറഞ്ഞു.
കേരളത്തിലെ വിനോദ സഞ്ചാര മേഖലയ്ക്ക് കരുത്തു പകരുന്നതാണ് മലബാർ ടൂറിസം വികസനം. അതിന്റെ ഭാഗമായാണ് ബേപ്പൂരിൽ ജലകായിക മത്സരങ്ങൾ ഉൾപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിൽ വാട്ടർ ഫെസ്റ്റിവൽ നടത്താൻ തീരുമാനമെടുത്തത്. ലക്ഷക്കണക്കിന് ആളുകളാണ് ഒരോ വർഷവും ഫെസ്റ്റിവലിലെത്തുന്നത്. എല്ലാ വർഷവും ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് നടത്തണമെന്ന തീരുമാനത്തിലാണ് ടൂറിസം വകുപ്പ് ഒരു കോടി രൂപ മാറ്റി വെച്ചതെന്നും മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |