കോഴിക്കോട്: പെെപ്പ് പൊട്ടി മെഡി.കോളേജിൽ കുടിവെള്ളം മുട്ടുന്നത് തുടർക്കഥയായിട്ടും പരിഹാരത്തിന് ആവിഷ്കരിച്ച മഴവെള്ള സംഭരണവും ഭൂഗർഭജല വർദ്ധനയും പദ്ധതി പാതി വഴിയിൽ. പുതിയ കിണറുകൾ കുഴിച്ചും നിലവിലെ കുടിവെള്ള സ്രോതസുകൾ ഉപയോഗിച്ചും മഴവെള്ളം റീച്ചാർജ് ചെയ്ത് ശുദ്ധജല വിതരണം ഉറപ്പാക്കുന്നതാണ് പദ്ധതി. സി.ഡബ്ല്യു.ആർ.ഡി.എമ്മുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ പ്രാഥമികസർവേ മാത്രമാണ് ഇതുവരെ പൂർത്തിയായത്. സമഗ്രമായ പഠനത്തിനാവശ്യമായ പ്രൊപ്പോസൽ സി.ഡബ്ല്യു.ആർ.ഡി.എം നൽകിയെങ്കിലും മെഡി.കോളേജ് അധികൃതർ ഇനിയും അനുമതി നൽകിയിട്ടില്ല. 17, 76000 ലക്ഷമാണ് ചെലവ്. ആദ്യഘട്ടത്തിൽ പുതിയ കിണറും ഭൂഗർഭ ജല സംഭരണിയും നിർമ്മിക്കാനാവശ്യമായ പഠനം പൂർത്തിയാക്കിയതാണ്. പക്ഷേ കിണർ നിർമ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല.
പദ്ധതി ഇങ്ങനെ
ആദ്യഘട്ടം എട്ട് മീറ്റർ വ്യാസത്തിലുള്ള കിണറാണ് സ്റ്റേഡിയത്തിന് സമീപം നിർമിക്കുക. സി.ഡബ്ല്യു.ആർ.ഡി.എം പഠനത്തിൽ ഇവിടെ കിണർകുഴിച്ചാൽ വെള്ളംകിട്ടുമെന്ന് കണ്ടെത്തി. സമീപത്തായി ഒരു കോടി ലിറ്റർ വെള്ളം ഉൾക്കൊള്ളുന്ന രണ്ട്ഭൂഗർഭ ജല സംഭരണിയും നിർമ്മിക്കും. കിണറിൽ നിന്നുള്ള വെള്ളം പമ്പ് ചെയ്ത് സംഭരിക്കാനാണ് പദ്ധതി. രണ്ടാംഘട്ടത്തിൽ മൈതാനത്തായി രണ്ട് കുളങ്ങൾ നിർമിച്ച് ഹൈഡെൻസിറ്റി പോളിത്തീൻ ഫിലിമിട്ട് മഴവെള്ളം സംഭരിക്കും. 250 ഏക്കറിലായി കിടക്കുന്ന കോളേജ് കാമ്പസിൽ നിന്ന് ഒരു വർഷം ഏകദേശം 250 കോടി ലിറ്റർ മഴവെള്ളം ലഭിക്കുന്നുണ്ട്. ഇതിന്റെ 50 ശതമാനമെങ്കിലും ശേഖരിക്കുകയാണ് ലക്ഷ്യം. ഇതോടൊപ്പം മഴവെള്ളം റീച്ചാർജ് ചെയ്യാനുള്ള പലതരത്തിലുള്ള സംവിധാനങ്ങളുമുണ്ടാക്കും.നിലവിൽ മെഡിക്കൽ കോളേജിലുള്ള മൂന്ന് കുഴൽകിണറുകളിലെ വെള്ളവും പരിശോധിക്കും. എത്ര വെള്ളം ദിവസവും ഈ കിണറുകളിൽ നിന്ന് എടുക്കാനാവും എന്നതുൾപ്പെടെയുള്ള കാര്യങ്ങളിലും പഠനം നടക്കും. ഈ കുഴൽകിണറുകളിലെ വെള്ളം കുടിവെള്ളാവശ്യത്തിനായി ഉപയോഗിക്കാറില്ല. നിർമ്മാണ പ്രവർത്തനങ്ങൾക്കും മറ്റുമായി ദിവസവും 20,000 ലിറ്റർ വെള്ളം മാത്രമാണെടുക്കുന്നത്. എസ്.ടി.പികളിൽ നിന്നുള്ള വെള്ളം ഉപയോഗിക്കാനും പദ്ധതിയുണ്ട്. നാല് മലിനജല ശുദ്ധീകരണ പ്ലാന്റുകളാണ് കോളേജിലുള്ളത്. ഇവിടെ നിന്നുള്ള വെള്ളം കനോലി കനാലിലേക്ക് തുറന്നുവിടുന്നതിന് പകരം പ്രത്യേക പൈപ്പ് ലൈനുകൾ വഴി ശുചിമുറികളിൽ ഫ്ളഷ് ചെയ്യുന്നതിനും ചെടി നനയ്ക്കുന്നതിനും മറ്റും പ്രയോജനപ്പെടുത്തും. രണ്ട് പെെപ്പ് ലെെനുകൾ വഴി കുടിവെള്ളത്തിനും മറ്റുള്ള ആവശ്യങ്ങൾക്കും എന്ന രീതിയിലാണ് വെള്ളമെടുക്കുക.
കുടിവെള്ളം മുടങ്ങൽ തുടർക്കഥ
പൂളക്കടവ്, കൂളിമാട് ജല സംഭരണികളിൽ നിന്നാണ് മെഡി.കോളേജിലേക്ക് വെള്ളം വിതരണം ചെയ്യുന്നത്. ഇരു പ്ലാന്റുകളിൽ നിന്നുള്ള പൈപ്പ് പൊട്ടി വെള്ളം മുടങ്ങുന്നതിനാൽ ശസ്ത്രക്രിയകളും പോസ്റ്റ് മോർട്ടവും മുടങ്ങുന്നത് നിത്യസംഭവമാണ്.കഴിഞ്ഞ ദിവസവും ഒ.പി ബ്ലോക്കിൽ വെള്ളം മുടങ്ങി രോഗികൾ ബുദ്ധിമുട്ടിയിരുന്നു.
''പദ്ധതിയുടെ ആദ്യ ഘട്ട പഠനം നടത്തി മെഡി.കോളേജിന് നൽകിയതാണ്. രണ്ടാംഘട്ട പ്രൊപ്പോസലും സമർപ്പിച്ചു. തുടർനടപടികളുണ്ടായിട്ടില്ല ''-ഡോ. പ്രിജു ചുങ്കത്ത്, സീനിയർ സയന്റിസ്റ്റ്, സി.ഡബ്ല്യു.ആർ.ഡി.എം
''പദ്ധതി നടപടികൾ പുരോഗമിക്കുകയാണ്''- ഡോ. എം.പി ശ്രീജയൻ, മെഡിക്കൽ കോളേജ് സൂപ്രണ്ട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |