കോഴിക്കോട്: ജൈവവൈവിധ്യം കൊണ്ടും പാരിസ്ഥിതിക പ്രാധാന്യത്താലും ശ്രദ്ധേയമായ കോട്ടൂളി- സരോവരം തണ്ണീർത്തടം ഇല്ലാതാക്കുന്ന നടപടിക്കെതിരെ ഐകകണ്‌ഠ്യേന പ്രമേയം പാസാക്കി കോർപറേഷൻ. മേയർ ബീന ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. തണ്ണീർത്തടങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണെന്നും അവ നശിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ കെെക്കൊള്ളുമെന്ന് ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ് വ്യക്തമാക്കി. കോർപ്പറേഷനിൽ സിവിൽ സ്റ്റേഷൻ, പറയഞ്ചേരി , കോട്ടൂളി വാർഡുകളിലായി സ്ഥിതി ചെയ്യുന്ന തണ്ണീർത്തടം മണ്ണിട്ട് നികത്തി ജലാശയവും കണ്ടൽ കാടുകളും നശിപ്പിക്കുന്ന ഭൂമാഫിയയുടെ ധിക്കാരപരമായ നടപടിക്കെതിരെ കൗൺസിലർമാർ ഒന്നിച്ച് രംഗത്തെത്തി. പ്രദേശങ്ങളിൽ താമസിക്കാനെത്തുന്നവരെ ഭൂമാഫിയ ഭീഷണിപ്പെടുത്തുകയാണെന്നും ഇവർക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കണമെന്നും ഭരണ പക്ഷവും പ്രതിപക്ഷവും ഒരേ സ്വരത്തിൽ പറഞ്ഞു. നഗര ഹൃദയത്തിൽ ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടതും അപൂർവയിനം കണ്ടൽച്ചെടികളുള്ളതുമായ സരോവരത്ത് രണ്ടാഴ്ചയായി മണ്ണുമാന്തി യന്ത്രവും ടോറസ് ലോറിയും ഉപയോഗിച്ച് മണ്ണിട്ട് നികത്തുകയാണ്. ഇതിനെതിരെ വലിയ ജനകീയ പ്രതിഷേധമുയർന്നിരുന്നു. തടയൽ സമരവുമായി സംരക്ഷണ സമിതിയും നാട്ടുകാരും വിവിധ സംഘടനകളും രംഗത്തെത്തുകയായിരുന്നു.
ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയ എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെ ഡിപ്പോ മാറ്റി സ്ഥാപിക്കാനും പ്രമേയം പാസാക്കി. നിരവധി തവണ സുരക്ഷ വീഴ്ച്ചകൾ മൂലം തീപിടിത്തം പോലുള്ള സം ഭവങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് സ്ഥാപനത്തിലെ ഗുരുതരമായ വീഴ്ച മൂലം ആയിരക്കണക്കിന് ലിറ്റർ ഡീസൽ റോഡിലെ ഓവുചാൽ വഴി ഒഴുകിയത്.
വെെദ്യുതി നിരക്ക് കൂട്ടിയ സംഭവത്തിൽ യു.ഡി.എഫ് കൗൺസിലർ കെ.മൊയ്തീൻ കോയ നൽകിയ അടിയന്തര പ്രമേയം തള്ളിയത് ചെറിയ സംഘർഷത്തിന് വഴിയൊരുക്കി. രാത്രിയിൽ ബീച്ചിൽ ലഹരി ഉപയോഗം വർദ്ധിക്കുകയാണെന്നും സാമൂഹ്യവിരുദ്ധരുടെ താവളമാകാതെ ബീച്ചിനെ സംരക്ഷിക്കണമെന്നും കെ.മൊയ്തീൻ കോയ അടിയന്തര ശ്രദ്ധ ക്ഷണിച്ചു. നഗരത്തിലെ പരസ്യ ബോർഡുകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ കൗൺസിലർ എസ്.കെ അബൂബക്കർ ശ്രദ്ധ ക്ഷണിച്ചു. കോർപ്പറേഷനു മുൻപിലെ റോഡിന് നടുവിലായി നഗരവത്ക്കരണത്തിന്റെ ഭാഗമായി വെച്ചുപിടിപ്പിച്ച 16 മരങ്ങളിൽ ഏഴു മരങ്ങളും കെമിക്കൽ വെച്ച് നശിപ്പിച്ച സ്ഥിതിയിലാണ്. ഇത് നശിപ്പിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ പരസ്യം ബോർഡുകൾ നീക്കം ചെയ്തു വരുന്നുണ്ടെന്ന് കോർപ്പറേഷൻ സെക്രട്ടറി കെ.യു ബിനി വിശദീകരണം നൽകി. ഡിസംബർ ഒന്നു മുതൽ 20 വരെ 911 ബോർഡുകളാണ് നീക്കം ചെയ്തിരിക്കുന്നത്. അറിയിപ്പ് നൽകിയിട്ടും പരസ്യ ബോർഡുകൾ നീക്കം ചെയ്യാത്തവർക്കെതിരെ 66,90,000 പിഴ ഈടാക്കി. പിഴ നൽകാത്ത വർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്നും സെക്രട്ടറി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |