ഇരു ബ്ലോക്കുകളിലുമായി 204 യൂണിറ്റുകൾ
കോഴിക്കോട്: പോഷക സമൃദ്ധമായ കൂൺ കൃഷി വ്യാപിപ്പിക്കുന്നതിനും കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ലഭിക്കുന്നതിനുമായി കൃഷിവകുപ്പ് സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ മുഖേന നടപ്പിലാക്കുന്ന 'കൂൺ ഗ്രാമം പദ്ധതിയ്ക്ക് ജില്ലയിൽ തുടക്കം. ചേളന്നൂർ, തൂണേരി ബ്ലോക്കുകളിലാണ് കൂൺഗ്രാമങ്ങൾ ആരംഭിച്ചത്. ഒരു ഗ്രാമത്തിൽ 100 ചെറുകിട കൂൺകൃഷി യൂണിറ്റുകളാണുള്ളത്. ഇത്തരത്തിൽ 200 ചെറുകിട യൂണിറ്റുകളും 4 വൻകിട യൂണിറ്റുകളാണ് ഇരു ബ്ലോക്കുകളിലും ഉണ്ടാവുക. കർഷകർ, കർഷക സംഘങ്ങൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങി 200 ഓളം പേർക്ക് പരിശീലനം നൽകി. സംസ്ഥാനത്താകെ ആദ്യഘട്ടത്തിൽ 20 കൂൺഗ്രാമങ്ങളാണ് തുടങ്ങുന്നത്.
ഒരു ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ പഞ്ചായത്തുകളെ ചേർത്താണ് കൂൺ ഗ്രാമം നടപ്പിലാക്കുന്നത്. ഇവിടങ്ങളിൽ ചെറുതും വലുതുമായ ഉത്പാദക യൂണിറ്റുകളും , വിത്തുത്പാദന കേന്ദ്രങ്ങളും, പ്രോസസിംഗ്, മൂല്യവർദ്ധന കേന്ദ്രങ്ങളുണ്ടാകും. കർഷകർക്ക് രാഷ്ട്രീയ കൃഷിവികാസ് യോജനയിലൂടെ സഹായ ധനം ലഭിക്കും. 30.25 ലക്ഷമാണ് ചെലവ്. പദ്ധതിയുടെ വിവിധ ഘട്ടങ്ങളിൽ കാർഷിക സർവകലാശാല, കൃഷി വിജ്ഞാന കേന്ദ്രങ്ങൾ വഴി ആവശ്യമായ പരിശീലനം ലഭിക്കും. സ്വന്തമായി സ്ഥലമില്ലാത്തവർക്കുപോലും വീടിനുള്ളിൽ ലഭ്യമായ, പരിമിതമായ സ്ഥലത്ത് കൃഷി ചെയ്യാം. ഉത്പന്നങ്ങൾ കൃഷി വകുപ്പിന്റെ വിവിധ ഔട്ട് ലെറ്റുകൾ വഴി വിപണനം ചെയ്യാനുള്ള സംവിധാനവുമൊരുക്കും.
സമഗ്ര കൂൺ ഗ്രാമം
ചെറുകിട കൂൺ ഉത്പാദക യൂണിറ്റ്- 100
വലിയ കൂൺ ഉത്പാദക യൂണിറ്റ്- 2
ചെറുകിട കൂൺ വിത്തുല്പാദക യൂണിറ്റ്- 1
കൂൺ കമ്പോസ്റ്റ് യൂണിറ്റ്- 10
പായ്ക്ക് ഹൗസ്- 2
പ്രിസർവേഷൻ യൂണിറ്റ്- 3
കൃഷി ചെയ്യാം
ആന്റി ഓക്സിഡന്റുകൾ, നാരുകൾ അമിനോ ആസിഡുകൾ തുടങ്ങി പോഷകമൂല്യം ഏറെയുള്ളതിനാൽ കൂണിന്ആവശ്യക്കാരും നിരവധിയാണ്. എന്നാൽ ഇവ വ്യാപകമായി കൃഷി ചെയ്യപ്പെടുന്നില്ല. ഈ സാഹചര്യം ഒഴിവാക്കാനും യുവജനങ്ങളെ കൃഷിയിലേക്ക് ആകർഷിക്കാനും പദ്ധതി വഴി സാധിക്കും.
സബ്‌സിഡി
ചെലവിന്റെ 40, 50 ശതമാനമാണ് സബ്സിഡി. ചെറുകിട യൂണിറ്റുകൾക്ക് 11,250 രൂപയും
വൻകിട യൂണിറ്റുകൾക്ക് രണ്ട് ലക്ഷവും ലഭിക്കും. അഞ്ചുലക്ഷം രൂപ വരെ ചെലവ് വരുന്ന വൻകിട യൂണിറ്റുകൾക്കും വിത്ത് ഉത്പാദന യൂണിറ്റുകൾക്കും രണ്ടുലക്ഷം, പായ്ക്ക് ഹൗസുകൾക്ക് രണ്ട് ലക്ഷം, പ്രിസർവേഷൻ യൂണിറ്റുകൾക്ക് ഒരു ലക്ഷവും ലഭിക്കും.
'' കൂൺ കൃഷി ചെയ്യുന്നവരും ഇതിന്റെ സാദ്ധ്യത പ്രയോജനപ്പെടുത്തുന്നവരും വളരെ കുറവാണ്. പദ്ധതി മുഖേനേ മാറ്രിയെടുക്കാൻ സാധിക്കും. സംരംഭം തുടങ്ങാൻ താത്പര്യമുള്ളവർക്ക് കൃഷിഭവനുകളുമായി ബന്ധപ്പെടാം''-''-ജിഷ, ഡെപ്യൂട്ടി ഡയറക്ടർ, കൃഷി വകുപ്പ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |