@കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ പാടുകൾ
കാട്ടിക്കുളം (വയനാട്): ഇവിടെ ഇപ്പോൾ ഇങ്ങനെയൊക്കെയാണ്. വാതിൽ തുറന്നാൽ കാണുക വന്യമൃഗങ്ങളെ. ഇന്നലെ തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം പനവല്ലിക്ക് സമീപം മുള്ളൻകൊല്ലിയിൽ നാട്ടുകാർ കണി കണ്ടുണർന്നത് അമ്മയിൽ നിന്ന് കൂട്ടം തെറ്റിയെത്തിയ കാട്ടാനക്കുട്ടിയുടെ കുസൃതി കണ്ടാണ്. ഒരു വയസിൽ താഴെ പ്രായം വരുന്ന കാട്ടാനക്കുട്ടിയെ രാവിലെ അഞ്ചുമണിയോടെയാണ് ജനവാസമേഖലയിൽ കണ്ടെത്തിയത്. പട്ടി കുരക്കുന്നത് കേട്ട് നോക്കിയപ്പോഴാണ് പ്രദേശവാസികൾ വീടിനു ചുറ്റും പരക്കം പായുന്ന കാട്ടാനക്കുട്ടിയെ കണ്ടത് . ആദ്യം കൂടെ കാട്ടാനയും ഉണ്ടാകുമെന്ന് ഭയമായിരുന്നു നാട്ടുകാർക്ക്. എന്നാൽ മറ്റ് ആനകൾ കൂടെയില്ലെന്ന് വ്യക്തമായതോടെ ആളുകൾ കാട്ടാനക്കുട്ടിക്കൊപ്പം കൂടി. പിന്നെ ആനക്കുട്ടിയുടെ കുസൃതികൾ മൊബൈലിൽ പകർത്തുന്ന തിരക്കിലായി. ഇതിനിടെ വനംവകുപ്പിന്റെ ആർ ആർ ടി സംഘം സ്ഥലത്തെത്തി. അമ്മ ആനയുടെ അടുത്തേക്ക് എത്തിക്കൽ ആയിരുന്നു ആദ്യത്തെ നീക്കം. എന്നാൽ ആനക്കുട്ടിയുടെ കാലിന് പരിക്കേറ്റിട്ടുണ്ടെന്ന് വ്യക്തമായതോടെ. ചികിത്സ നൽകാൻ തീരുമാനിക്കുകയായിരുന്നു. കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റതാകാം എന്നതാണ് വനം വകുപ്പിന്റെ നിഗമനം. വെറ്ററിനറി സർജൻ ഡോ.അജേഷ്‌മോഹൻ ദാസിന്റെ നേതൃത്വത്തിൽ ആനക്കുട്ടിയെ പരിശോധിച്ചു. ആദ്യ സമയം പിടികൊടുക്കാതെ ആനക്കുട്ടി ഒരേ ഓട്ടം ആയിരുന്നു. ഓട്ടത്തിനിടയിൽ രണ്ട് മരങ്ങൾക്കുള്ളിൽ കുടുങ്ങിയതോടെ വനം വകുപ്പ് ഉദ്യോഗസ്ഥർ വളഞ്ഞിട്ട് വലയെറിഞ്ഞ് പിടികൂടുകയായിരുന്നു. ആള് ചെറുതാണെങ്കിലും ശൗര്യത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. ശരീരത്തിൽ പല ഭാഗത്തും പരിക്കുകൾ. പിന്നിൽ ഇടത് കാലിന്റെ പാദത്തിന് നല്ല പരിക്കുണ്ട്. ഒരുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ആനക്കുട്ടിയെ വാഹനത്തിൽ കയറ്റി തോൽപ്പെട്ടിയിലെ വനം വകുപ്പ്‌കേന്ദ്രത്തിലേക്ക് എത്തിച്ചു. അവിടെ നിന്ന് ചികിത്സ നടത്തി. മുറിവുകൾ മുരുന്ന് വച്ച് കെട്ടി.ആന്റിബയോട്ടിക്കുകൾ നൽകി.തുടർന്ന് രണ്ടരയോടെ ബേഗൂർ റെയിഞ്ചിൽ തന്നെയുളള ആലത്തൂർ ടവർകുന്ന് ഭാഗത്തെ വനത്തിൽ കുട്ടിക്കൊമ്പനെ കൊണ്ടുചെന്ന് വിട്ടു. നോർത്ത് വയനാട് ഡി.എഫ്.ഒ മാർട്ടിൻ ലോവർ,ബേഗൂർ റെയ്ഞ്ച് ഓഫീസർ എസ്.രഞ്ജിത് കുമാർ,പേര്യ റെയിഞ്ച് ഓഫീസർ സനൂപ് കെ, ഡെപ്യൂട്ടി റെയ്ഞ്ചർ ജയേഷ് ജോസഫ് , ജിഷ്ണു എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |