കോഴിക്കോട്: കേരളത്തിലെ പരമ്പരാഗത തൊഴിൽ മേഖലയായ മൺപാത്ര നിർമാണം കടുത്ത പ്രതിസന്ധിയിൽ. കളിമൺ ലഭ്യതക്കുറവും മണ്ണെടുക്കുന്നതിന് ജിയോളജി പാസ് ലഭിക്കാനുള്ള സങ്കീർണ നിയമങ്ങളും മൺപാത്രങ്ങളുടെ വിറ്റുവരവ് കുറഞ്ഞതുമാണ് വ്യവസായത്തിന് തിരിച്ചടിയായിരിക്കുന്നത്. പാടങ്ങളിൽ കളിമൺ ഖനനം നിലച്ചതാണ് വെല്ലുവിളി ഉയർത്തുന്നത്. ഇഷ്ടിക നിർമാണത്തിന് ഖനനം നടത്തിയിരുന്ന പാടങ്ങളിൽ നിന്ന് ലഭിക്കുന്ന കളിമണ്ണായിരുന്നു മൺപാത്ര നിർമാണത്തിന് ഉപയോഗിച്ചിരുന്നത്. ഇതിനു ചെലവും കുറവായിരുന്നു. ഇഷ്ടിക നിർമാണം നിലച്ചതോടെ മണ്ണിന്റെ ലഭ്യതയിൽ വൻതോതിൽ കുറവ് വന്നു. ജില്ലയിലെ പല യൂണിറ്റുകളിലും കളിമണ്ണെത്തിക്കുന്നത് ബംഗളൂരുവിൽ നിന്നാണ്. ഒരു ലോഡിന് രണ്ട് ലക്ഷം രൂപ വരെ ചെലവ് വരും. കൊയിലാണ്ടി മുചുകുന്ന്, പയ്യോളി, ഇരിങ്ങൽ, വടകര ചോറോട്, കുരുക്കിലാട്, ചേളന്നൂർ എന്നിവിടങ്ങളിലാണ് കോഴിക്കോട് ജില്ലയിലെ ശേഷിക്കുന്ന മൺപാത്ര യൂണിറ്റുകൾ ഉള്ളത്.
പ്രധാനമായും കള്ള് ചെത്ത് തൊഴിലാളികളാണ് മൺകലങ്ങളുടെ ഇപ്പോഴത്തെ ആവശ്യക്കാർ. മൺപാത്രങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നതിന്റെ ശാസ്ത്രീയ ഗുണം മനസിലാക്കി പാത്രം വാങ്ങാൻ ആളുകൾ കൂടുതലായി എത്തുന്നുണ്ടെങ്കിലും മേഖലയ്ക്ക് ഉണർവ് പകരാൻ ഇതുമാത്രം പോരെന്നാണ് തൊഴിലാളികൾ പറയുന്നത്. നിരവധി ചരിത്ര, ഗവേഷക വിദ്യാർത്ഥികളും വിദേശികളുമാണ് കുലത്തൊഴിൽ വ്യവസായത്തിന്റെ സാദ്ധ്യതകളെക്കുറിച്ച് പഠിക്കാൻ ഇവരുടെയടുത്ത് എത്തുന്നത്. അതെസമയം വരുമാനക്കുറവും പണിക്കൂടുതലും കാരണം പുതിയ തലമുറ തൊഴിൽ പഠിക്കാൻ മുന്നോട്ടുവരുന്നില്ലെന്നതാണ് ഇവരുടെ പരിഭവം.
ഖാദി മേഖലയെ പരിപോഷിപ്പിക്കാൻ സർക്കാർ തലത്തിൽ കാമ്പയിനുകൾ നടത്തിയിരുന്നു. അതുപോലുള്ള നടപടികൾ മൺപാത്ര മേഖലയിലും ആവശ്യമാണെന്നാണ് ഇവരുടെ ആവശ്യം. തൃശൂർ ജില്ലയിലെ ചില മൺപാത്ര നിർമ്മാണ കേന്ദ്രങ്ങളിലും പേരാമ്പ്രയിലെ ഒരു യൂണിറ്റിലും ചക്രം കറക്കുന്നതിനു പകരം സർക്കാർ ധനസഹായത്തോടെ മെഷീൻ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഉപയോഗിക്കുന്നതിലെ പരിശീലനക്കുറവ് തിരിച്ചടിയാവുകയാണ്. മെഷീൻ ഉപയോഗിക്കാൻ വേണ്ടത്ര പരിശീലനം ലഭിച്ചാൽ ഉത്പാദനം വർദ്ധിപ്പിക്കാൻ കഴിയുമെന്നാണ് തൊഴിലാളികളുടെ പ്രതീക്ഷ,
ആവശ്യങ്ങൾ
എല്ലാ സെന്ററുകളിലും മെഷീൻ സ്ഥാപിക്കാൻ സർക്കാർ ധനസഹായം അനുവദിക്കണം
മൺപാത്ര നിർമാണ സൊസെെറ്റികൾക്ക് സർക്കാർ മേളകളിൽ സ്റ്റാളുകൾ അനുവദിക്കണം.
"മൺപാത്ര നിർമ്മാണ മേഖല നേരിടുന്ന പ്രതിസന്ധികൾ നിരവധി തവണ സർക്കാരിന് മുന്നിൽ എത്തിച്ചു. കാര്യമായ നടപടികളൊന്നും ഉണ്ടായില്ല. കെെ ഉപയോഗിച്ച് ചക്രം കറക്കുന്നതിനുപകരം മെഷീൻ ഉപയോഗിക്കുന്ന സംവിധാനം ഏർപ്പെടുത്താൻ ലക്ഷങ്ങളാണ് ചെലവ്. ഇതിനും സർക്കാർ സഹായം കൂടിയേ തീരൂ.
- ഷിജു പാലേരി (മൺപാത്ര നിർമാണ സഭ, ജില്ലാ പ്രസിഡന്റ്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |