SignIn
Kerala Kaumudi Online
Friday, 23 October 2026 9.20 PM IST

സ്ത്രീകൾക്കെതിരായ അതിക്രമം: കോടതികൾക്ക് വീഴ്ച പറ്റുന്നുണ്ടോയെന്ന് പരിശോധിക്കണം: വൃന്ദ കാരാട്ട്

karatt
ജ​നാ​ധി​പ​ത്യ​ ​മ​ഹി​ളാ​ ​അ​സോ​സി​യേ​ഷ​ൻ​ ​കോ​ഴി​ക്കോ​ട് ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​ഓ​ഫീ​സാ​യ​ ​ക്യാ​പ്റ്റ​ൻ​ ​ല​ക്ഷ്മി​ ​സ്മാ​ര​ക​ ​മ​ന്ദി​രം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യാ​നെ​ത്തി​യ​ ​സി.​പി.​എം​ ​പോ​ളി​റ്റ് ​ബ്യൂ​റോ​ ​അം​ഗം​ ​വൃ​ന്ദ​ ​കാ​രാ​ട്ട് ​പ്ര​വ​ർ​ത്ത​ക​ർക്കൊപ്പം

കോഴിക്കോട് : സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ കെെകാര്യം ചെയ്യുന്നതിൽ ഇന്ത്യയിലെ കോടതികൾക്കും വീഴ്ച സംഭവിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. സ്ത്രീകൾക്കെതിരായി ലെെംഗികാതിക്രമം നടത്തുന്ന പലരും സുപ്രീംകോടതി വരെ പോയി മുൻകൂർ ജാമ്യം എടുക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ശക്തമായ നിയമസംവിധാനം നിലനിൽക്കുന്നു വെന്ന് പറയുന്ന ഇന്ത്യയിലെ ഈ അവസ്ഥ സ്ത്രീകളെ സംബന്ധിച്ച് ഒട്ടും ആശാവഹമല്ല. ഇതിനെതിരെ ശക്തമായ പോരാട്ടം ആവശ്യമാണെന്നും ജനാധിപത്യ മഹിളാ അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസായ ക്യാപ്റ്റൻ ലക്ഷ്മി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത് അവർ പറഞ്ഞു.

വാളയാറിലെ പെൺകുട്ടികളുടെ ആത്മഹത്യ പുറത്തുവന്നപ്പോൾ സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങൾക്കായി ഉപയോഗിക്കാനാണ് കേരളത്തിലെ പ്രതിപക്ഷവും മാദ്ധ്യമങ്ങളും ശ്രമിച്ചത്. ഇത്തരം സാഹചര്യങ്ങളിൽ ഒരുമിച്ച് നിന്ന് പോരാടുകയാണ് വേണ്ടത്. പത്തനംതിട്ടയിൽ പെൺകുട്ടി പീഡനത്തിനിരയായ സംഭവം പുറത്തുവന്നപ്പോൾ മാതൃകാപരമായ നടപടികളാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ അതിജീവിതകളുടെ ജാതിയോ, മതമോ ഒന്നുമല്ല പ്രധാന വിഷയം. സ്ത്രീകൾക്കെതിരായ അക്രമങ്ങളെല്ലാം ഭരണഘടനയ്ക്കെതിരായ അക്രമമാണ്.

കാലപ്പഴക്കം ചെന്ന അനാചാരങ്ങളെ കൊണ്ടുവരാനാണ് വിശ്വ ഹിന്ദു പരിഷത്ത് പോലുള്ള സംഘടനകൾ ശ്രമിക്കുന്നത്. ഇതിനെ ചെറുക്കാൻ ശാസ്ത്രാവബോധം ആവശ്യമാണെന്നും അവർ പറഞ്ഞു.

കെ.കെ ലതിക അദ്ധ്യക്ഷത വഹിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ് പി.കെ ശ്രീമതി, വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി.സതീദേവി, കെ.കെ ശെെലജ എം.എൽ.എ, കാനത്തിൽ ജമീല എം.എൽ.എ, സി.എസ് സുജാത, സൂസൻ കോടി, ടി.ദേവി, പി.കെ സെെനബ, കെ.പി സുമതി, പി.കെ ശ്യാമള തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL