കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജിൽ തുടരുന്ന മരുന്നു പ്രതിസന്ധിയ്ക്ക് പരിഹാരമായില്ല. കുടിശ്ശിക ലഭിക്കാത്തതിനെ തുടർന്ന് കമ്പനികൾ വിതരണം നിറുത്തിയതോടെയാണ് മരുന്ന് കിട്ടാതായത്. വീട്ടിൽ വച്ച് ഡയാലിസിസ് ചെയ്യുന്ന (പെരിറ്റോണിയൽ ഡയാലിസിസ്) രോഗികൾക്കുള്ള സൗജന്യ ഫ്ളൂയിഡ് വിതരണം നിലച്ചതും പ്രതിസന്ധി രൂക്ഷമാക്കി.
ഫ്ലൂയിഡ് പുറത്തു നിന്ന് വാങ്ങണമെന്നാണ് ഡയാലിസിസിന് എത്തിയവരോട് മെഡിക്കൽ കോളേജ് അധികൃതർ പറയുന്നത്. മരുന്നു വാങ്ങാൻ പണമില്ലാത്തവരാണ് ഇവിടെയെത്തുന്നവരിൽ ഭൂരിഭാഗവും. പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ള വൃക്കരോഗികൾ ഇതേത്തുടർന്ന് പ്രതിസന്ധിയിലായി.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, മെഡിസെപ് തുടങ്ങിയവയിൽ ഉൾപ്പെടുത്തിയാണ് ഇവിടെയെത്തുന്നവരിൽ ഏറെ പേരും ഡയാലിസിസ് ചെയ്യുന്നത്. ഡയാലിസിസിനു ആവശ്യമായ സാധനങ്ങൾ മെഡിക്കൽ കോളേജിൽ നിന്നും ലഭിച്ചിരുന്നു.
ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ ഡയാലിസിസ് ആവശ്യമുള്ള രോഗികളാണ് മെഡിക്കൽ കോളേജിലെത്തുന്നത്. കാസർകോട് മുതൽ തൃശൂർ വരെയുള്ള ജില്ലകളിലുള്ളവരും വിവിധ ചികിത്സകൾക്കും ശസ്ത്രക്രിയക്കുമായി എത്തുന്നുണ്ട്. കാൻസർ, വൃക്കരോഗം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്നുകളുടെ ലഭ്യതയും കുറഞ്ഞു.
മരുന്നും സർജിക്കൽ ഉപകരണങ്ങളും വിതരണം ചെയ്‌ത വകയിൽ 90 കോടിയോളം രൂപ വിതരണക്കാർക്ക് നൽകാനുണ്ട്. ഏപ്രിൽ മാസത്തെയും മേയ് മാസത്തെ 75 ശതമാനത്തോളവും തുക നൽകി. എന്നാൽ ആകെ കുടിശ്ശികയിനത്തിൽ പകുതിയെങ്കിലും ലഭിക്കാതെ വിതരണം പുനരാരംഭിക്കാനിടയില്ല. മരുന്നു വിതരണ പ്രതിസന്ധിക്ക് സർക്കാരാണ് ഉത്തരവാദിയെന്നാണ് ആക്ഷേപം. മരുന്നു വിതരണം നിറുത്തുമെന്ന് കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ മുൻകൂർ നോട്ടീസ് നൽകിയെങ്കിലും അധികൃതർ ഗൗരവത്തിലെടുത്തില്ല. മരുന്നു വിതരണം നിന്നതോടെ ന്യായവില മെഡിക്കൽ ഷോപ്പിൽ അവശ്യമരുന്നുകളുടെ സ്റ്റോക്ക് കുറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |