കോഴിക്കോട്: മുൻകൂട്ടി തിരിച്ചറിഞ്ഞാൽ ചെലവേറിയ ഡയാലിസിസില്ലാതെ വൃക്കരോഗം ഭേദമാക്കാം. രക്തവും മൂത്രവും പരിശോധിച്ച് രോഗം നിർണ്ണയിക്കാമെങ്കിലും ഭൂരിഭാഗം പേരും ചെയ്യാറില്ല. വൃക്കരോഗികളുടെ എണ്ണം വർദ്ധിക്കാനുള്ള പ്രധാന കാരണം ഇതാണ്. ഈ സാഹചര്യത്തിൽ ബേപ്പൂർ, ഒളവണ്ണ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ മൊബെെൽ യൂണിറ്റുമായി സഞ്ചരിച്ച് സൗജന്യ വൃക്കരോഗ നിർണയം നടത്തുകയാണ് ബേപ്പൂർ മണ്ഡലം ഡവലപ്മെന്റ് മിഷൻ ചാരിറ്റബിൾ ട്രസ്റ്റ്. ഒളവണ്ണ പഞ്ചായത്തുമായി സഹകരിച്ചുള്ള പരിപാടി (മിഷൻ കിഡ്നി കെയർ) സംസ്ഥാനത്തു തന്നെ അപൂർവം. ആദ്യഘട്ടം ഇന്ന് രാവിലെ എട്ടിന് ഒളവണ്ണ ജി.എൽ.പി. സ്കൂളിൽ തുടങ്ങും. നാളെ ഒടുമ്പ്ര ജി.എൽ.പി.സ്കൂളിലും 20, 21 തീയതികളിൽ പാലാഴി ഹെൽത്ത് സബ് സെന്ററിലും ക്യാമ്പ് രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒന്നുവരെ നടത്തും. ഒരു വർഷം വരെ തുടർ ക്യാമ്പുകളുണ്ടാകും.
നിലവിൽ 102 രോഗികൾക്ക് സൗജന്യ ഡയാലിസിസ് ചെയ്തുകൊടുക്കുന്നുണ്ട്. മറ്റ് 40 പേർ കൂടി അപേക്ഷിച്ചിട്ടുണ്ട്. 2010ൽ ട്രസ്റ്റ് ഡയാലിസിസ് തുടങ്ങുമ്പോൾ എട്ട് രോഗികളാണുണ്ടായിരുന്നത്. ഇപ്പോൾ പ്രദേശത്ത് ആറോളം ഡയാലിസിസ് സെന്ററുകളുണ്ട്. സർക്കാർ, സ്വകാര്യ ആശുപത്രികളിലും മറ്റും ഡയാലിസിസ് ചെയ്യുന്നവർ പുറമെയാണ്.
താങ്ങാനാവാതെ ചികിത്സാ ചെലവുകൾ
ഡയാലിസിസ് ചെലവ് 1,500 മുതൽ 3,500 രൂപ വരെയാകാറുണ്ട്. ഒരു രോഗിക്ക് മാസം ചുരുങ്ങിയത് 25000 രൂപയാകും. ഒരു ഡയാലിസിസിന് നാല് മുതൽ നാലര മണിക്കൂർ വേണം. ഒന്നിടവിട്ട ദിവസങ്ങളിൽ വേണ്ടതിനാൽ സ്ഥിരം ജോലിക്ക് പോകാനാകില്ല. രോഗിക്കൊപ്പം സഹായിയും വാഹനവും വേണം. പലരും കിടപ്പാടം വിറ്റും പണയപ്പെടുത്തിയുമാണ് ചികിത്സിക്കുന്നത്.
രോഗികളുടെ എണ്ണം നോക്കിയ ശേഷം കൂടുതൽ ചികിത്സാ സൗകര്യം ഏർപ്പെടുത്തുന്നത് ആലോചിക്കും.
-കെ. ഉദയകുമാർ
കൺവീനർ
ബേപ്പൂർ മണ്ഡലം ഡവലപ്മെന്റ് മിഷൻ ചാരിറ്റബിൾ ട്രസ്റ്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |