SignIn
Kerala Kaumudi Online
Friday, 23 October 2026 6.15 AM IST

കടുവ കൂട്ടിലായി ആശ്വാസത്തിൽ ജനം

kaduva
അവനാണ് ഇവൻ....ദിവസങ്ങളോളം പുൽപ്പളളി അമരക്കുനിയെ ഭയപ്പെടുത്തിയ കടുവ കൂട്ടിലകപ്പെട്ടപ്പോൾ

പുൽപ്പള്ളി: അമരക്കുനി മേഖലയെ ദിവസങ്ങളോളം വിറപ്പിച്ച കടുവ കൂട്ടലായതോടെ ജനത്തിന് ആശ്വാസം. 8 വയസോളം പ്രായമുള്ള പെൺ കടുവയാണ് കഴിഞ്ഞ ദിവസം രാത്രി തൂപ്രയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത്. കൈക്കടക്കം പരിക്കേറ്റ നിലയിലാണ് കടുവ. അവശയായ കടുവയെ കുപ്പാടിയിലെ അനിമൽ ഹോസ് സ്‌പെയ്സ് സെന്ററിലേയ്ക്ക് മാറ്റിചികിൽസ തുടങ്ങി. കടുവ കൂട്ടിൽ പെട്ടതോടെ കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രദേശത്ത് നിലനിന്നിരുന്ന ഭീതിക്കും ശമനമായി.
ജനവാസമേഖലയിൽ ഇറങ്ങിയ കടുവ പത്ത് ദിവസത്തിനുശഷമാണ് വ്യാഴാഴ്ച രാത്രി 11.30-തോടെയാണ് കടുവ കൂട്ടിലായത്. തൂപ്രയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ വീണത്. എല്ലാ ദിവസവും രാത്രി വൈകിവരെ കടുവയ്ക്കായി വനംവകുപ്പ് തിരച്ചിൽ നടത്തിയിരുന്നു. ആദ്യം അമരക്കുനിയിൽ നിന്നായിരുന്നു കടുവ ആടിനെ പിടികൂടിയത്. പിന്നീട് ഇടവിട്ടുള്ള ദിവസങ്ങളിൽ അഞ്ച് ആടുകളെ ഈ പ്രദേശത്തോട്‌ ചേർന്ന സ്ഥലങ്ങളിൽ നിന്നും കടുവ പിടികൂടിയിരുന്നു. ഓരോ ദിവസവും വനംവകുപ്പ് കൂടും ക്യാമറകളും മാറ്റി സ്ഥാപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ തൂപ്രയിലെ കൂട്ടിലാണ് കടുവ കുടുങ്ങിയത്. നാല് കൂടുകളും മുപ്പതോളം ക്യാമറകളുമാണ് കടുവയെ കണ്ടെത്തുന്നതിനായി സ്ഥാപിച്ചത്.
കടുവ ഭീതിയാൽ അമരക്കുനി,ദേവർഗദ്ദ, തൂപ്ര പ്രദേശങ്ങളിൽ കർഷകർക്ക് വിളവെടുക്കാൻപോലും സാധിച്ചിരുന്നില്ല. വിദ്യാർത്ഥികളും വയോജനങ്ങളും അടക്കം വീടിന് പുറത്തിറങ്ങാൻപോലും ഭയപ്പെട്ടു.മേഖലയിലെ സ്‌കൂളുകൾക്കും കുറേ ദിവസങ്ങൾ അവധി നൽകി. സൗത്ത് വയനാട് ഡി എഫ് ഒ അജിത്ത് കെ രാമൻ, ചെതലയത്ത് റെയിഞ്ച് ഓഫീസർ എം കെ രാജീവ് കുമാർ തുടങ്ങിയവരുടെനേതൃത്വത്തിലായിരുന്നു ദൗത്യം നടത്തിയത്.

നിലവിൽ കുപ്പാടിയിലെ സെന്ററിൽ ഏഴ് കടുവകളാണുള്ളത്. പുതുതായി വരുന്ന കടുവകളെ ഇവിടെ പാർപ്പിക്കാൻ വേണ്ട സൗകര്യമില്ല . മുൻകാലുകളിലെ പരിക്ക് ചികിൽസിച്ച് ഭേദമാകുന്ന മുറയ്ക്ക് കടുവയെ കാഴ്ചബംഗ്ലാവിലേയ്ക്ക് മാറ്റാനാണ് നീക്കം.ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നിർദേശമനുസരിച്ചാണ് കടുവയെ ഇവിടെ നിന്ന് മാറ്റുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL