
@ 2024ൽ രജിസ്റ്റർ ചെയ്തത്
3000 ത്തിലധികം കേസുകൾ
കോഴിക്കോട്: ഒളിവും മറയുമൊന്നുമില്ല, ജില്ലയുടെ മുക്കും മൂലയും കീഴടക്കി പുകയില ഉത്പന്നങ്ങൾ. പൊലീസും എക്‌സൈസും എടുക്കുന്ന കേസുകളിൽ വൻ വർദ്ധനവുണ്ടെങ്കിലും പുകയില ഉത്പന്നങ്ങൾ ജില്ലയിലേക്ക് ഒഴുകുകയാണ്. കേരളത്തിന്റെ അതിർത്തിക്കപ്പുറം അഞ്ചുരൂപയ്ക്ക് കിട്ടുന്ന ലഹരി പാക്കുകൾ ഇവിടെയെത്തുമ്പോൾ 50രൂപയും അതിന് മുകളിലും. ദിവസം ചുരുങ്ങിയത് നൂറെണ്ണമെങ്കിലും കോഴിക്കോട് നഗരത്തിൽ വിറ്റുപോകുന്നുണ്ട്. ഹോൾസെയിലായി 1000 പാക്കുകൾ വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കടത്തുന്നവരുമുണ്ട്. പിടിച്ചാൽ പൊലീസിന് നൽകേണ്ട പിഴ കേവലം 250 രൂപ മാത്രമാണെന്നതാണ് ലഹരിക്കാർക്ക് വളമാകുന്നത്.
ലഹരി നുരയും ജില്ലയുടെ വഴിയോരങ്ങളിൽ കൂടുതലും അകപ്പെടുന്നത് കുട്ടികളും യുവതയുമാണെന്നത് പ്രശ്‌നത്തിന്റെ ഗൗരവം കൂട്ടുന്നു. 2023 നെ അപേക്ഷിച്ച് 1057 കേസുകളുടെ വർദ്ധനവാണ് 2024 ൽ ഉണ്ടായത്. നിയമങ്ങളെയെല്ലാം കാറ്റിൽ പറത്തിയുള്ള അനധികൃത വ്യാപാരം വെല്ലുവിളി തീർക്കുമ്പോൾ എങ്ങിനെപൂട്ടിടുമെന്നറിയാതെ കുഴങ്ങുകയാണ് അധികൃതർ.
പരിശോധനകൾ കർശനമായി നടക്കുന്നുണ്ടെങ്കിലും അന്യ സംസ്ഥാനങ്ങളിൽ നിന്ന് ഹാൻസ്, പാൻപരാഗ് പോലുള്ള നിരോധിത പുകയില ഉത്പന്നങ്ങൾ ഇവിടേക്ക് ട്രെയിനിലൂടെയും മറ്റും എത്തിക്കുന്നതാണ് വെല്ലുവിളിയാകുന്നത്. സ്ഥിരമായി ആവശ്യക്കാരുള്ളതും ജില്ലയിലേക്കുള്ള എല്ലാ പ്രവേശന മാർഗങ്ങളിലും പരിശോധന സാധ്യമാകാത്തതും വെല്ലുവിളിയാണ്. ഇതാണ് നിരോധിത ഉൽപന്നങ്ങളുടെ വിപണനം വലിയൊരു ശൃംഖലയായി വളരാൻ കാരണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൂറ് മീറ്റർ പരിധിയിൽ പുകയില ഉത്പന്നങ്ങൾ വിൽക്കാൻ പാടില്ല. ഇതിനായി ആരോഗ്യ വകുപ്പും, എക്‌സൈസ് വകുപ്പും സംയുക്തമായി 'യെല്ലോ ലൈൻ' കാമ്പയിൽ നടത്തിയിരുന്നു. ഇത് വിജയമായെന്നാണ് എക്‌സൈസ് വകുപ്പിന്റെ വിലയിരുത്തൽ. സ്‌കൂൾ പരിസരങ്ങളിലെ പുകയില ഉൽപ്പന്നങ്ങളുടെ വിൽപന മുൻപത്തേക്കാളേറെ കുറഞ്ഞെന്നാണ് ഉദ്യോഗസ്ഥരും പറയുന്നത്.
വർഷം കേസുകൾ പിഴ
2023 2437 4,80600 രൂപ
2024 3494 6, 98000 രൂപ
'മാർക്കറ്റുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്തും ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നയിടങ്ങളിലും കൃത്യമായ ഇടവേളകളിൽ പരിശോധന നടത്താറുണ്ട്. ഇതര സംസ്ഥാനങ്ങിൽ നിന്ന് പുകയില ഉത്പന്നങ്ങളുടെ വരവ് തടയാനുള്ള പ്രവർത്തനങ്ങളും ഊർജിതമായി നടത്തുന്നുണ്ട്. ഇതിൽ പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണ്.
ആർ.എൻ ബൈജു ( അസി.എക്‌സൈസ് കമ്മിഷണർ, കോഴിക്കോട് )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |