കോഴിക്കോട്: കാസർകോട്-തിരുവനന്തപുരം ആറുവരി ദേശീയപാതയുടെ പണി ഈ വർഷം ഡിസംബറിൽ പൂർത്തിയാകുന്നതോടെ മലബാറിലെ ടൂറിസം രംഗത്ത് കുതിച്ചുചാട്ടമുണ്ടാകുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. മലബാറിലെ ടൂറിസം വികസനത്തിലൂടെ സംസ്ഥാനത്തിന്റെയാകെ വികസനമാണ് നടക്കുന്നതെന്നും സംസ്ഥാന ടൂറിസം വകുപ്പ് കോഴിക്കോട് സംഘടിപ്പിച്ച ഗേറ്റ് വേ ടു മലബാർ ടൂറിസം ബിടുബി സമ്മേളനം ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു.
പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസുകൾ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കാനുള്ള തീരുമാനം ടൂറിസം രംഗത്തിന് ഊർജ്ജം പകർന്നു. മലയോര പാതയും തീരദേശ പാതയും ദേശീയ പാതയ്ക്ക് ഒപ്പം പൂർത്തിയാകുന്നതോടെ ലോകോത്തര നിലവാരത്തിലേക്ക് കേരളത്തിലെ അടിസ്ഥാന സൗകര്യം ഉയരും. 50 കിലോമീറ്റർ ഇടവേളയിൽ വിശ്രമ സംവിധാനമുൾപ്പെടെയാണ് തീരദേശ പാത വരുന്നതെന്ന് മന്ത്രി പറഞ്ഞു. ജില്ലാകളക്ടർ സ്‌നേഹിൽ കുമാർ സിംഗ് ചടങ്ങിൽ അദ്ധ്യക്ഷനായി. ഓരോ തവണ കേരളം സന്ദർശിക്കുമ്പോഴും ഇവിടെ ദൃശ്യമാകുന്ന മാറ്റം അത്ഭുതകരമാണെന്ന് ഒമാനിൽ നിന്നുള്ള ലോകപ്രശസ്ത സാമൂഹ്യമാദ്ധ്യമ ഇൻഫ്‌ളുവൻസർ മുഹമ്മദ് അൽ ബാലുഷി പറഞ്ഞു. ഇത് അഞ്ചാം തവണയാണ് കേരളത്തിലെത്തുന്നത്. മലബാർ മേഖലയിലെ ഭക്ഷണ ശീലങ്ങളും ഗൾഫ് മേഖലയുമായുള്ള സാദൃശ്യം ജനങ്ങൾ തമ്മിലുള്ള അടുപ്പത്തിനും കാരണമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിവിധ സാമൂഹ്യമാദ്ധ്യമ പ്ലാറ്റ്‌ഫോമുകളിലായി പത്തു ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള വ്യക്തിയാണ് മുഹമ്മദ് അൽ ബാലുഷി.
ടൂറിസം വകുപ്പ് അഡി. സെക്രട്ടറി ഡി.ജഗദീഷ് , ജോയിന്റ് ഡയറക്ടർ ഡി.ഗീരീഷ് കുമാർ, സത്യജിത്ത് ശങ്കർ, കെ.പി അനിൽകുമാർ, ജോസ് പ്രദീപ്, എസ്.കെ സജീഷ്, ബിജു പാലേട്ട്, സിജി നായർ, നിഖിൽ ദാസ്, വാഞ്ചീശ്വരൻ,ഷിജിൻ പറമ്പത്ത്, പി പി ഖന്ന തുടങ്ങിയവർ പങ്കെടുത്തു.
ചരിത്ര ടൂറിസം പദ്ധതിക്ക് 100 കോടി
രൂപയുടെ അംഗീകാരം
@ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് മുതൽ ബേപ്പൂർ തുറമുഖം വരെ
കോഴിക്കോട് : ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് മുതൽ ചരിത്ര പാരമ്പര്യമുള്ള ബേപ്പൂർ തുറമുഖം വരെ ചരിത്രം ഓർമിക്കപ്പെടുന്ന ടൂറിസം പദ്ധതിയ്ക്ക് അംഗീകാരം ലഭിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ്. പദ്ധതിയുടെ വിപുലമായ രൂപരേഖ സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് കേന്ദ്ര സർക്കാരിന് നൽകിയിരുന്നു. പദ്ധതിക്ക് 100 കോടി രൂപ കേന്ദ്രം അനുവദിച്ചതായും മന്ത്രി പറഞ്ഞു. മലബാർ ടൂറിസം സാദ്ധ്യതകൾ ലോകത്തിനു മുന്നിൽ കൊണ്ടുവരാൻ ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് റാവിസ് കടവിൽ സംഘടിപ്പിച്ച ബിടുബി മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലബാറിനെ മികച്ച വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ബിടുബി മീറ്റ് സംഘടിപ്പിക്കുന്നത്. മലബാർ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ആദ്യ ബിടുബി മീറ്റാണ് കോഴിക്കോട് നടന്നത്.
സംസ്ഥാനത്ത് ആകെയെത്തുന്ന വിനോദസഞ്ചാരികളിൽ ആറ് ശതമാനം മാത്രമാണ് മലബാർ മേഖലയിലേക്ക് എത്തുന്നതെന്നാണ് 2021 ലെ കണക്കുകൾ. ഈ സ്ഥിതിയിൽ മാറ്റം വരുത്താനായാണ് ടൂറിസ്റ്റുകൾക്ക് താമസ സൗകര്യമുൾപ്പെടെയുള്ള പശ്ചാത്തല സൗകര്യ വികസനവും അവർക്ക് സുഖമമായി എത്തിച്ചേരുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്താനുള്ള പദ്ധതികൾ ആവിഷ്കരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |