കോഴിക്കോട്: വേനൽച്ചൂടിൽ ആശ്വാസം കണ്ടെത്താൻ വരത്തനെ വരുത്തേണ്ട. നല്ല നാടൻ തണ്ണിമത്തൻ കുടുംബശ്രീ വിളവെടുത്ത് കെെകളിൽ തരും. കുടുംബശ്രീ ഫാം ലൈവ്‌ലിഹുഡ് പദ്ധതിയുടെ ഭാഗമായ ‘വേനൽ മധുരം’പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. ഗ്രാമീണ മേഖലയിലെ സി.ഡി.എസുകൾക്ക് കീഴിലുള്ള കൂട്ടുത്തരവാദിത്ത സംഘകൃഷി (ജെ.എൽ.ജി ജോയിന്റ് ലയബിളിറ്റി ഗ്രൂപ്പ്) കർഷകരിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമങ്ങളിൽ തണ്ണിമത്തൻ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളുടെ വരുമാനം വർദ്ധിപ്പിക്കാനുമാണ് ശ്രമം. ഒപ്പം വേനൽക്കാലത്ത് ഗുണമേന്മയുള്ള വിഷരഹിത തണ്ണിമത്തൻ ലഭ്യമാക്കാനും ലക്ഷ്യമിടുന്നു. നിലവിൽ കൃഷിയിൽ പ്രാവീണ്യമുള്ള കുടുംബശ്രീ യൂണിറ്റുകൾ ജില്ലയിൽ പലയിടങ്ങളിലായി 30 ഏക്കറോളം കൃഷി ആരംഭിച്ചുകഴിഞ്ഞു. ആദ്യഘട്ടത്തിൽ 80 ഏക്കറിൽ കൃഷിയിറക്കാനാണ് ലക്ഷ്യമിടുന്നത്. കൃഷി ഓഫിസർമാരുടെ സാങ്കേതിക പിന്തുണയുമുണ്ട്.
വിളവെടുക്കാം ഏപ്രിലിൽ
സാധാരണ രണ്ടര മുതൽ നാലുമാസം വരെയാണ് തണ്ണിമത്തൻ വിളയാനെടുക്കുന്ന സമയം. അതിനാൽ ഇപ്പോൾ ഇവ നടുന്നതിലൂടെ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ തണ്ണിമത്തൻ വിളവെടുത്ത് വിപണിയിലെത്തിക്കാൻ കുടുംബശ്രീ പ്രവർത്തകർക്ക് കഴിയും. മുൻവർഷങ്ങളിൽ കടുത്ത വേനലിൽ തണ്ണിമത്തന് ലഭിച്ച സ്വീകാര്യതയാണ് തണ്ണിമത്തൻ കൃഷിക്ക് തുടക്കമിടാൻ കാരണമെന്ന് കുടുംബശ്രീ അധികൃതർ പറഞ്ഞു. ഓണക്കാലത്ത് പൂകൃഷിയിലുണ്ടായ മികച്ച വരുമാനം തണ്ണിമത്തനിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. കൂടുതൽ അയൽക്കൂട്ടാംഗങ്ങളെ കാർഷികമേഖലയിലേക്ക് എത്തിക്കാനും പദ്ധതി വഴി സാധിക്കും.
25000 രൂപ ധനസഹായം
തെരഞ്ഞെടുക്കുന്ന നിലവിലുള്ള സംഘകൃഷി ഗ്രൂപ്പുകൾക്കും പുതിയ ഗ്രൂപ്പുകൾക്കും 25,000 രൂപ വരെ റിവോൾവിംഗ് ഫണ്ട് കുടുംബശ്രീ സി.ഡി.എസുകൾ വഴി നൽകും. കുറഞ്ഞത് ഒരേക്കറിലെങ്കിലും കൃഷി ചെയ്യണം. ഈ തുക വിളവെടുപ്പ് പൂർത്തിയായി ഒരു മാസത്തിനുശേഷം ലാഭത്തിൽ നിന്ന് തിരിച്ചടക്കണം. വിളവെടുപ്പ് സമയത്തെ വിപണി വിലയ്ക്ക് അനുസൃതമായിട്ടാകും വിൽപ്പന. കുടുംബശ്രീ വിപണന കേന്ദ്രങ്ങളിലും ഇതര മാർക്കറ്റുകളിലും തണ്ണിമത്തൻ വിൽക്കാൻ അവസരമുണ്ടാകും.
ജില്ലയിൽ ആകെ സി.ഡി.എസുകൾ- 82
ഗ്രാമീണ മേഖലയിൽ- 70
അർബൻ - 12
കൃഷിചെയ്യുന്ന ഇനങ്ങൾ
ഷുഗർ ബേബി
പക്കീസ
ഷുഗർ ക്വീൻ
ജൂബിലി കിംഗ്
യെല്ലോ മഞ്ച്
ഓറഞ്ച് ഡിലൈറ്റ്
'' അയൽക്കൂട്ടാംഗങ്ങൾക്ക് മെച്ചപ്പെട്ട വരുമാനം ലഭിക്കുന്നൊരു പദ്ധതിയാണ്. തണ്ണിമത്തൻ തെെകളുടെ വിതരണം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്, ജില്ലാ തല ഉദ്ഘാടനം ഈ ആഴ്ച തന്നെയുണ്ടാകും
''- ആരതി, ജില്ലാ പോഗ്രാം മാനേജർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |