
കോഴിക്കോട്: സി.പി.എം കോഴിക്കോട് ജില്ലാസമ്മേളനത്തിനൊരുങ്ങി വടകര. 29 മുതൽ 31 വരെ വടകര നാരായണ നഗറിലെ കോടിയേരി, യച്ചൂരി നഗറിലായി നടക്കുന്ന സമ്മേളനത്തിൽ ആദ്യാവസാനം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യമുണ്ടാവും. 29ന് രാവിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് പൊളിറ്റ് ബ്യൂറോ അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയനായിരിക്കും. പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി.ജയരാജൻ, എളമരം കരീം, പി.കെ.ശ്രീമതി,എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ, മന്ത്രി മുഹമ്മദ്‌റിയാസ്, എം.എൽ.എ തുടങ്ങിയ നേതാക്കളും സമ്മേളനത്തിലുടനീളമുണ്ടാവും.
ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ഒരുവർഷത്തോളം ജയിൽവാസമനുഭവിച്ചശേഷം നിരപരാധിയായി വിട്ടയച്ചപ്പോഴാണ് കൂടുതൽ കരുത്തനായി പി.മോഹനൻ കോഴിക്കോട് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് വന്നത്. 2015ൽ ജില്ലാ സെക്രട്ടറി സ്ഥാനത്ത് വന്ന മോഹനന്റെ മൂന്നാം ടേമാണ് ഇപ്പോൾ കഴിയുന്നത്. അതോടെ പുതിയ സെക്രട്ടറി വരണം. പിണറായി വിജയൻ ഏറ്റവും ശ്രദ്ധാപൂർവം ഇടപെടുകയും വിലയിരുത്തുകയും ചെയ്യുന്ന കോഴിക്കോട്ട് ആരാവും പുതിയ സെക്രട്ടറി എന്നത് രാഷ്ട്രീയകേരളം ശ്രദ്ധാപൂർവം വീക്ഷിക്കുകയാണ്. കൺസ്യൂമർഫെഡ് ചെയർമാനും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ എം.മഹ്ബൂബിന്റെ പേരാണ് മുന്നിലുള്ളത്. ജില്ലയിലെ പാർട്ടി സീനിയർ നേതാവെന്ന പരിഗണനയാണ് മെഹ്ബൂബിന്. യുവ തലമുറയിൽനിന്ന് കെ.കെ.ദിനേശന്റേയും എം.ഗിരീഷിന്റേയും പേരാണ് ഉയരുന്നത്. സമവായം എന്ന നിലയിൽ ജനകീയനെന്ന് കോഴിക്കോട്ടുകാർ വിളിക്കുന്ന എ.പ്രദീപ്കുമാറുമുണ്ട്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും വരുന്ന സാഹചര്യത്തിൽ പാർട്ടിയെ സംബന്ധിച്ച് നിർണായകമാണ് കോഴിക്കോട്ടെ നേതൃത്വം.
കോഴിക്കോട്ടെ 13 നിയമസഭാ മണ്ഡലങ്ങളിൽ വടകരയും (കെ.കെ.രമ) കൊടുവള്ളിയും (എം.കെ.മുനീർ) ഒഴിച്ചാൽ ബാക്കി 11 മണ്ഡലങ്ങളും ഇടതുപക്ഷത്താണ്. കേരളത്തിലെ എൽ.ഡി.എഫ് ഭരണത്തിന്റെ നെടുംതൂണെന്ന് കോഴിക്കോടിനെ വിശേഷിപ്പിക്കാം. അടുത്ത തിരഞ്ഞെടുപ്പിൽ ഇത് നിലനിർത്തുകയെന്ന കടമ്പയാണ് പുതിയ നേതൃത്വത്തിനുള്ളത്. അതുപോലെ വർഷങ്ങളായി ഇടതുകോട്ടയായി അറിയപ്പെട്ട വടകര ലോക്സഭാമണ്ഡലം മൂന്ന് ടേമായി യു.ഡി.എഫിന്റെ കൈകളിലാണ്. കോഴിക്കോട്ടാണെങ്കിൽ നാലാം തവണയും എ.കെ.രാഘവൻ കുത്തകയാക്കിയിരിക്കുന്നു. അതും പണ്ട് ഇടതുകോട്ടയായിരുന്നു. കോഴിക്കോടും വടകരയും തിരിച്ചുപിടിക്കുകയെന്നതും പുതിയ ജില്ലാ സെക്രട്ടറിയുടെ കടമ്പ. അതിനപ്പുറത്താണ് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ്. കോഴിക്കോട് കോർപ്പറേഷനും ജില്ലാപഞ്ചായത്തും ഇടത് മേൽക്കോയ്മയിലാണ് മുന്നോട്ടുപോകുന്നതെങ്കിലും പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഇവിടം സംരക്ഷിക്കുകയെന്നത് പാർട്ടി നേതൃത്വത്തിന് വലിയ വെല്ലുവിളിയാണ് . നിരവധിയായ വിവാദങ്ങളും വിമർശനങ്ങളും പാർട്ടി ഏറ്റുവാങ്ങുന്ന കാലത്ത് എല്ലാവരേയും യോജിപ്പിച്ച് കൊണ്ടുപോവുന്ന ഒരു നേതൃത്വമുണ്ടാകണമെന്നാണ് ജില്ലയിലെ പാർട്ടി അണികളുടേയും പ്രവർത്തകരുടേയും ആഗ്രഹം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |