രോഗികളുടെ അവസാന അത്താണി ഇപ്പോഴും കോഴിക്കോട് മെഡിക്കൽകോളജാണ്. നഗരത്തിൽ നിരവധിയായ ഹൈടെക് ആശുപത്രികളുള്ളപ്പഴും നിലയ്ക്കാൻപോകുന്ന ശ്വാസവുമായി ആംബുലൻസുകൾ പറന്നുവരുന്നത് ഇവിടേക്കാണ്. ഉറ്റവർവരെ തിരിച്ചുകിട്ടില്ലെന്ന് കരുതിയവരെ ജിവിതത്തിലേക്ക് തിരിച്ചുനടത്തിയ പാരമ്പര്യമുണ്ട്, കോഴിക്കോട് മെഡിക്കൽകോളജിന്. ഇപ്പോൾ അവശ്യ മരുന്നുകളുടെ ക്ഷാമമാണ് പ്രധാന പ്രശ്നം. ഇതുപരിഹരിക്കാൻ കോഴിക്കോട് എം.പി.എം.കെ.രാഘവൻ 24മണിക്കൂർ സത്യാഗ്രഹവുമിരുന്നു.
കുടിശ്ശിക പെരുകിപ്പെരുകി കോടികൾ കവിഞ്ഞതോടെ മരുന്നുകൾ നൽകില്ലെന്ന് വിതരണക്കാർ തീർത്തുപറഞ്ഞു. അതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. കഴിഞ്ഞ 11 ദിവസമായി രോഗികൾക്ക്പേരിന് പോലും മരുന്ന് നൽകാനാകാതെ ഉഴലുകയാണ് മെഡി.കോളേജ്. രോഗികൾ വർദ്ധിച്ചത് കാരണം അമിതമായി മരുന്നുകൾ നൽകേണ്ടി വരുന്നു. ഇത് കാരണമാണ് മരുന്ന് വില കുടിശ്ശികയായതെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. അധിക വിഹിതത്തിനായി ധനവകുപ്പിനെ സമീപിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചെങ്കിലും നടപടികൾ വെെകും തോറും അപകടത്തിലാകുന്നത് രോഗികളുടെ ജീവനാണ്. ഓരോ ദിവസം കഴിയുന്തോറും മരുന്ന് ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്നത് സാധാരണക്കാരിൽ ഉണ്ടാക്കുന്നത് ആശങ്കയുടെ തീയാണ്. മരുന്ന് പ്രതിസന്ധിയിൽ കേരളകൗമുദിയുടെ അന്വേഷണം " വെന്റിലേറ്ററിലോ മെഡി.കോളജ് ' ഇന്നുമുതൽ.
@ മരുന്നില്ലാതെ എങ്ങനെയാ ചികിത്സ..?
'' മരുന്നില്ല ഇനി എന്താ ചെയ്യാ...' ഇങ്ങനെ പറഞ്ഞാൽ ഞങ്ങൾ എവിടെപ്പോകും'', പെെസ ഇല്ല നാളെ വന്ന് നോക്കാം മരുന്നുണ്ടാകും''
നൂറുരൂപ തികച്ചെടുക്കാനില്ലാത്തവർക്കു പോലും മതിപ്പുള്ള ചികിത്സ നൽകി രാജ്യത്തെ ഒന്നാംനിര ആശുപത്രികളുടെ പട്ടികയിലുള്ള കോഴിക്കോട് മെഡിക്കൽ കോളേജിലിപ്പോൾ മുഴങ്ങിക്കേൾക്കുന്നത് അടക്കം പറച്ചിലുകളാണ്. ചിലർ ഫാർമസിക്ക് മുമ്പിൽ ദേഷ്യപ്പെടുന്നു. ചിലർക്ക് സങ്കടം. മറ്റു ചിലർ മരുന്നുകൾ അടുത്ത ദിവസമെത്തുന്ന പ്രതീക്ഷയിൽ തിരിച്ചിറങ്ങുന്നു. കഴിഞ്ഞ 12 ദിവസങ്ങളായി മെഡി.കോളേജിൽ ഇതാണ് അവസ്ഥ. 90 കോടി കുടിശ്ശികയായതോടെ മരുന്ന് വിതരണക്കാരുടെ സംഘടനയായ ആൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ കഴിഞ്ഞ10 മുതൽ ആശുപത്രിയിലേക്കുള്ള മരുന്നുകളുടെ വിതരണം നിറുത്തിയിരിക്കുകയാണ്. ഇതോടെ കാരുണ്യ മെഡിക്കൽ ഷോപ്പുകളിലും ആശുപത്രി വികസന സമിതിയ്ക്ക് കീഴിലുള്ള ന്യായവില മെഡിക്കൽ ഷോപ്പുകളിലും മരുന്നുകൾ കിട്ടാനില്ലാത്ത സ്ഥിതിയാണ്.
തിരൂരിൽ നിന്ന് ഭർത്താവ് ശ്രീധരന്റെ നെഞ്ചുവേദനയുടെ ചികിത്സയ്ക്കെത്തിയതാണ് സിന്ധു. മെഡി.കോളേജിൽ കിടത്തിചികിത്സയിലായിരുന്ന ഇവർ രണ്ടാഴ്ച മുമ്പാണ് ആശുപത്രി വിട്ടത്. കുറിച്ചുനൽകിയ മരുന്നുകൾ തീർന്നതോടെ ഇന്നലെ ഇരുവരും വീണ്ടും ആശുപത്രിയിലെത്തി. ഡോക്ടറുടെ കുറിപ്പടിയുമായി ന്യായവില മെഡിക്കൽ ഷോപ്പിലെത്തിയെങ്കിലും മരുന്നില്ല. അഞ്ച് മരുന്നുകളിൽ നാലെണ്ണവുമില്ല. തൊട്ടപ്പുറത്തുള്ള ന്യായവില മെഡിക്കൽ ഷോപ്പിൽ ചെല്ലാൻ പറഞ്ഞു. രോഗിയായ ഭർത്താവിനേയും കൂട്ടി നടന്ന് അവിടെയത്തിയെങ്കിലും അവിടേയും മരുന്നില്ല. കാരുണ്യയിലും കിട്ടിയില്ല. ഫാർമസികൾ തോറും കയറിയിറങ്ങി മടുത്തതോടെ ഇരുവരും അമിത വില നൽകി പുറത്തുനിന്ന് മരുന്ന് വാങ്ങുകയായിരുന്നു.
മാസങ്ങളായി സോറിയാസിസസ് ചികിത്സയ്ക്കായി കോഴിക്കോട് സ്വദേശി അബൂബക്കർ മെഡി.കോളേജിൽ എത്തുന്നുണ്ട്. ഓരോ മാസവും കൃത്യമായി ലഭിച്ചുകൊണ്ടിരുന്ന മരുന്നുകൾക്ക് ഇത്തവണ പക്ഷേ നെട്ടോട്ടമോടേണ്ടി വന്നു. ആറ് മരുന്നുകളാണ് കുറിച്ചു നൽകിയത്. ഇതിൽ ഒരെണ്ണമൊഴിച്ച് ബാക്കിയെല്ലാം ന്യായവില മെഡിക്കൽ ഷോപ്പിൽ നിന്ന് കിട്ടുമായിരുന്നു. എന്നാൽ ഇന്നലെ രണ്ടെണ്ണം മാത്രമാണ് കിട്ടിയത്. ബാക്കിയെല്ലാം പുറത്ത് നിന്ന് വാങ്ങേണ്ടി വന്നു.
പ്രശ്നം ഗുരുതരമാണ്
ജീവൻ രക്ഷാമരുന്നുകൾ, ശസ്ത്രക്രിയ ഉപകരണങ്ങൾ തുടങ്ങിയവ വിതരണം ചെയ്ത വകയിൽ 2024 ഏപ്രിൽ മുതലുള്ള കുടിശിക തുക 90 കോടിയിലെത്തിയതോടെ കഴിഞ്ഞ 10 മുതൽ വിതരണക്കാരുടെ സംഘടനയായ ആൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ മരുന്ന് വിതരണം നിറുത്തിയതതോടെയാണ് മെഡിക്കൽ കോളേജിൽ പ്രതിസന്ധി രൂക്ഷമായത്. ആദ്യ ദിവസങ്ങളിൽ കാരുണ്യ മെഡിക്കൽ ഷോപ്പുകളിലും ന്യായവില മെഡിക്കൽ ഷോപ്പുകളിലും സ്റ്രോക്കുള്ള മരുന്നുകൾ വച്ച് പ്രശ്നം പരിഹരിച്ചു. എന്നാൽ ദിവസങ്ങൾ കൂടിക്കൂടി വന്നതോടെ പ്രതിസന്ധിയും കൂടി. ഇതിനിടെ മേയ് പകുതിവരെയുള്ള ആറുകോടി ഇവർക്ക് നൽകിയിയെങ്കിലും ഒക്ടോബർ വരെയുള്ള കുടിശ്ശിക ലഭിക്കാതെ വിതരണം പുനരാരംഭിക്കില്ലെന്ന കടുത്ത നിലപാടിലാണ് ഇവർ. എച്ച്.ഡി.എസിസ് സർക്കാരിൽ നിന്ന് ഫണ്ട് ലഭിക്കാത്തതിനെത്തുടർന്നാണ് പണം നൽകാൻ സാധിക്കാത്തതെന്നാണ് അധികൃതരുടെ വിശദീകരണം. ഇതിനിടെ പ്രിൻസിപ്പൽ ഡോ. കെ.ജി.സജിത്ത് കുമാർ വിതരണക്കാരുമായി കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിലും ധാരണയായില്ല. ആരോഗ്യമന്ത്രിയുമായും ചർച്ച നടത്തിയിരുന്നു.
(തുടരും)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |