മെഡി.കോളേജിലെ മരുന്ന് പ്രതിസന്ധി തുടർക്കഥയായതോടെ വിഷയം രാഷ്ട്രീയ ചർച്ചയ്ക്ക് വഴിമാറി. മരുന്ന് വിതരണം മുടങ്ങിയിട്ട് 14 ദിവസം പിന്നിട്ടിട്ടും പകുതി പണമെങ്കിലും നൽകി വിതരണം പുനസ്ഥാപിക്കാത്ത അധികൃതരുടെ അനങ്ങാപ്പാറ നയത്തിനെതിരെ സമരം ശക്തമാക്കിയിരിക്കുകയാണ് വിവിധ പ്രതിപക്ഷ പാർട്ടികൾ. അവശ്യ മരുന്നുകൾ ഉടൻ എത്തിക്കണമെന്ന നിലപാടിലാണ് സി.പി.എമ്മും. ആശുപത്രിയ്ക്ക് മുന്നിൽ എം.കെ.രാഘവൻ എം.പിയുടെ 24 മണിക്കൂർ ഏകദിന ഉപവാസത്തോടെയാണ് കോൺഗ്രസ് സമര പരിപാടികൾക്ക് തുടക്കമിട്ടത്. സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണ് മെഡി. കോളേജിനെ പ്രതിസന്ധിയിലാക്കുന്നതെന്നാണ് കോൺഗ്രസിന്റെ ആരോപണം. കമ്പനികൾക്ക് നൽകാനുള്ള കോടികളുടെ കുടിശിക തീർത്ത് മരുന്ന് വിതരണം ഉടൻ പഴയ നിലയിൽ കൊണ്ടുവരണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസും സമരരംഗത്തുണ്ട്. മരുന്ന് വിതരണത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ഐ.എൻ.എല്ലിന്റെ ആവശ്യം. മരുന്ന് ക്ഷാമത്തിനെതിരെ രാഷ്ട്രീയ യുവജനതാദൾ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജിലേക്ക് മാർച്ച് നടത്തിയാണ് പ്രതിഷേധമറിയിച്ചത്.
സർക്കാരിനെതിരല്ല, സാമ്പത്തിക പ്രയാസം
സാമ്പത്തിക പ്രയാസത്തിലൂടെ കടന്നു പോകുന്നതിനാലാണ് മരുന്ന് വിതരണം നിറുത്താൻ നിർബന്ധിതരായതെന്നാണ് മരുന്ന് വിതരണക്കാരുടെ സംഘടനയായ ഓൾ കേരളാ കെമിസ്റ്റ്സ് ആൻഡ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷന്റെ വിശദീകരണം. ജീവൻരക്ഷാ മരുന്നുകൾ, ശസ്ത്രക്രിയ ഉപകരണങ്ങൾ തുടങ്ങിയവ വിതരണം ചെയ്ത വകയിൽ ഏപ്രിൽ മുതലുള്ള 90 കോടി രൂപയാണ് മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതി നൽകാനുള്ളത്. 2024 മാർച്ച് വരെയുള്ള കുടിശ്ശികയാണ് നൽകിയിട്ടുള്ളത്. സാമ്പത്തിക പ്രയാസം ചൂണ്ടിക്കാട്ടി പത്ത് മുതൽ മരുന്ന് വിതരണം നിർത്തുമെന്ന് വിതരണക്കാർ ആശുപത്രി അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ ചർച്ച നടത്തുകയോ തുടർ നടപടി സ്വീകരിക്കുകയോ ചെയ്തില്ല. വിതരണം മുടങ്ങി രണ്ട് ദിവസത്തിനകം മേയ് വരെയുള്ള കുടിശ്ശിക അഞ്ചരക്കോടി രൂപ നൽകി. എന്നാൽ കഴിഞ്ഞ സെപ്റ്റംബർ മാസം വരെയുള്ള പണമെങ്കിലും വിതരണം ചെയ്താൽ മാത്രമേ കമ്പനികളിൽ നിന്ന് മരുന്നെത്തിച്ച് നൽകാൻ വിതരണക്കാർക്ക് കഴിയുകയുള്ളൂ. രണ്ട് രീതിയിലാണ് മെഡി.കോളേജുകളിലേക്ക് മരുന്നുകൾ എത്തുന്നത്. മെഡിക്കൽ സർവീസസ് കോർപറേഷൻ (കെ.എം.എസ്.സി.എൽ) മുഖേന വിതരണം ചെയ്യുന്നതും ആശുപത്രി വികസന സമിതി (എച്ച്.ഡി.എസ്) മരുന്ന് വിതരണക്കാരിൽ നിന്ന് നേരിട്ട് എത്തിക്കുന്നതും. ഇതിൽ എച്ച്.ഡി.എസ് മുഖേനേ വാങ്ങുന്ന പണം കുടിശ്ശികയായതാണ് പ്രതിസന്ധിയ്ക്ക് കാരണമായത്. സാധാരണ പകുതി പണം നൽകിയാണ് എച്ച്.ഡി.എസ് വിതരണക്കാരിൽ നിന്ന് മരുന്നുകൾ വാങ്ങിക്കുന്നത്. എന്നാൽ സർക്കാർ ഫണ്ട് ലഭിക്കാതായതോടെ കുടിശ്ശിക കൂടി. പണം കിട്ടാതായതോടെ വിതരണക്കാർക്ക് സ്വന്തംം കെെകളിൽ നിന്ന് പണമെടുത്ത് കമ്പനികളിൽ നിന്ന് മരുന്ന് വാങ്ങിക്കേണ്ടി വന്നു. മരുന്നുകൾ വിതരണം ചെയ്തതതിൽ 10 കോടിയെങ്കിലും നൽകിയാൽ വിതരണം ഒരു പരിധി വരെ പുനരാരംഭിക്കാൻ സാധിക്കുമെന്നാണ് ഇവർ പറയുന്നത്.
''ഞങ്ങൾ സർക്കാരിന് എതിരല്ല. രോഗികളെ കണ്ടില്ലെന്ന് നടിക്കുന്നില്ല. പ്രശ്നം എത്രയും വേഗത്തിൽ പരിഹരിക്കുകയയാണ് വേണ്ടത്. സർക്കാർ അടിയന്തരമായി ഇടപെടണം''- സന്തോഷ് കുമാർ, വെെസ് പ്രസി.
ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോ.
'' മെഡിക്കൽ കോളേജിൽ ആവശ്യമരുന്നുകൾ എത്തിക്കുക എന്നതാണ് പ്രധാനം. ഡിസ്ട്രിബ്യൂട്ടേഷസിനുള്ള കുടിശ്ശിക പരിഹരിക്കാനുള്ള നടപടി സർക്കാർ തലത്തിൽ സ്വീകരിക്കുന്നുണ്ട്. രോഗികളുടെ എണ്ണം വർദ്ധിച്ചപ്പോഴുണ്ടായ പ്രശ്നമാണ്. എല്ലാ രീതിയിലും പ്രശ്നം പരിഹരിച്ചു വരികയാണ്''-പി മോഹനൻ. സി.പി.എം ജില്ലാ സെക്രട്ടറി.
'' രോഗികളുടെ ആശ്രയ കേന്ദ്രമായ മെഡിക്കൽ കോളേജിലെ മരുന്ന് പ്രതിസന്ധി അവസാനിപ്പിക്കാൻ സർക്കാർ കാര്യമായ ഇടപെടലുകൾ നടത്തുന്നില്ല. പ്രതിസന്ധിയ്ക്ക് പരിഹാരം കാണും വരെ സമരവുമായി മുന്നോട്ട് പോകും. കൂടുതൽ കേന്ദ്രങ്ങളിലേക്ക് സമരം വ്യാപിപ്പിക്കാൻ ഡി.സി.സിയുമായി കൂടിച്ചേർന്ന് ആലോചിക്കും. ''എം.കെ രാഘവൻ എം.പി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |